സെപ്റ്റംബര്‍ 02: വിശുദ്ധ ബ്രോക്കാര്‍ഡ്

കര്‍മ്മലസഭയുടെ മൂന്നാമത്തെ പ്രിയോര്‍ ജനറലായിരുന്ന വി. ബ്രോക്കാര്‍ഡ് ഒരു ഫ്രഞ്ചുകാരനായിരുന്നു. ഇദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല.

കര്‍മ്മലസഭയുടെ പ്രിയോര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ട ബ്രോക്കാര്‍ഡ്, തന്റെ സഭയ്ക്ക് ഒരു നിയമസംഹിത ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരം പാലസ്തീനായിലെ പേപ്പല്‍ ഡെലിഗേറ്റായിരുന്ന വി. ആല്‍ബര്‍ട്ട് കര്‍മ്മലസഭയ്ക്ക് ഒരു നിയമസംഹിത എഴുതിയുണ്ടാക്കി ബ്രോക്കാര്‍ഡിനെ ഏല്പിച്ചു. അധികം താമസിയാതെ ബ്രോക്കാര്‍ഡ്, അത് തന്റെ കീഴിലുള്ള സന്യാസികള്‍ക്കു നല്കി. ഈ നിയമത്തിന് മാര്‍പാപ്പായുടെ അംഗീകാരമില്ലാതിരുന്നതിനാല്‍ ആദ്യം ചില എതിര്‍പ്പുകളെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പിന്നീട് മൂന്നാം ഒണേരിയൂസ് പാപ്പാ ഈ നിയമത്തെ ഔദ്യോഗികമായി അംഗീകരിച്ചു. പിന്നീടുണ്ടായ എല്ലാ കര്‍മ്മലീത്താ ആശ്രമങ്ങളും ഈ നിയമമാണ് സ്വീകരിച്ചത്.

സുകൃതജീവിതത്തില്‍ സമ്പന്നനായിരുന്ന ബ്രോക്കാര്‍ഡ് എല്ലാവരെയും ഒരേപോലെ സ്‌നേഹിച്ചിരുന്നു. അവിടുത്തെ മുഹമ്മദീയരുമായി വളരെ അടുത്ത സുഹൃദ്ബന്ധത്തിലായിരുന്നു ബ്രോക്കാര്‍ഡ്. ഈ സുഹൃദ്ബന്ധം സഭയുടെ വളര്‍ച്ചയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നു തീര്‍ച്ചയാണ്. ബ്രോക്കാര്‍ഡിന്റെ ശാന്തപ്രകൃതവും കുലീനസ്വഭാവവും വളരെയേറെ സുഹൃത്തുക്കളെ അദ്ദേഹത്തിന് നേടിക്കൊടുത്തു. മുഹമ്മദീയരായ പല സുല്‍ത്താന്മാരും ബ്രോക്കാര്‍ഡിന്റെ ആത്മമിത്രങ്ങളായിരുന്നു.

ബ്രോക്കാര്‍ഡ്, മുപ്പത്തിയഞ്ചു കൊല്ലത്തോളം കര്‍മ്മലസഭയെ നയിച്ചു. ഈ കാലത്ത് കര്‍മ്മലസഭ യൂറോപ്പിലെങ്ങും പടര്‍ന്നുപന്തലിച്ചു. വി. ബ്രോക്കാര്‍ഡിലൂടെ ഒത്തിരിയേറെ അത്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ സുല്‍ത്താന്റെ രോഗശാന്തിയും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനവും ബ്രോക്കാര്‍ഡിന്റെ മാധ്യസ്ഥം വഴി സംഭവിച്ചതാണെന്നു പറയപ്പെടുന്നു. 1231-ഓടെ അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കുന്നു.

വിശുദ്ധ അഗ്രിക്കോളൂസ്

റോമില്‍ ഒരു സെനറ്ററായി സേവനമനുഷ്ഠിച്ചിരുന്ന വി. മാഗ്നസിന്റെ പുത്രനാണ് അഗ്രിക്കോളൂസ്. തന്റെ പതിനാലാമത്തെ വയസ്സില്‍ അഗ്രിക്കോളൂസ് വൈദികപഠനാർഥം ലേറിന്‍സിലേക്കു പോയി. യഥാകാലം വൈദികനായി. കുറേക്കാലം കഴിഞ്ഞപ്പോള്‍ പിതാവ്, അഗ്രിക്കോളൂസിനെ തന്റെ രൂപതയിലേക്കു  വിളിച്ച് അവിടത്തെ മുഖ്യഡീക്കനായി നിയമിച്ചു. പുത്രന്റെ പ്രഭാഷണചാതുരിയും ഭരണശേഷിയും ദീനാനുകമ്പയും ഇതര ഗുണവിശേഷണങ്ങളും കണ്ട് സന്തുഷ്ടനായ പിതാവ് അദ്ദേഹത്തെ തന്റെ സഹായമെത്രാനായി വാഴിച്ചു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ മാഗ്നസ് മരണമടഞ്ഞു. അഗ്രിക്കോളൂസ് തല്‍സ്ഥാനത്ത് അവരോധിക്കപ്പെട്ടു.

വിചിന്തനം: ”സര്‍വോപരി ദൈവത്തെ സ്‌നേഹിക്കുക എന്നാല്‍, ദൈവത്തില്‍മാത്രം ആനന്ദംകൊള്ളുകയും അവിടുത്തെ മാത്രം അന്വേഷിക്കുകയുമാണ്.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.