സെപ്റ്റംബര്‍ 17: വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍

തിരുസഭയിലെ വേദപാരംഗതനായ വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍ 1542 ഒക്ടോബര്‍ 4- ാം തീയതി ഇറ്റലിയിലെ മോന്തേ പുള്‍സിയാനോയില്‍ ജനിച്ചു. റോബര്‍ട്ടിനെ ദൈവഭക്തിയില്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1560-ല്‍ റോബര്‍ട്ട് റോമിലെ ഈശോസഭയില്‍ പ്രവേശിച്ചു.

പൗരോഹിത്യം സ്വീകരിച്ചശേഷം അദ്ദേഹം പഠനത്തിനായി ലുവെയിനിലേയ്ക്കു പോയി. ഈ കാലഘട്ടത്തിലാണ് പാഷണ്ഡതകള്‍ക്കെതിരെ പ്രസംഗിക്കുവാന്‍ അദ്ദേഹം നിയുക്തനായത്. അക്കാലത്ത് പാഷണ്ഡികള്‍ അനേകരെ സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിച്ചിരുന്നു. അവരുടെ വാദങ്ങളെ തര്‍ക്കിച്ചു ജയിക്കുക എന്നത് അത്യന്തം ശ്രമകരവുമായിരുന്നു. എന്നാല്‍ റോബര്‍ട്ട്, ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് തന്റെ ദൗത്യം ആരംഭിച്ചു. വി. തോമസ് അക്വീനാസിന്റെ പഠനങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിജ്ഞാനത്താലും ദൈവത്തിന്റെ സഹായത്താലും പ്രസാദവരം, സ്വതന്ത്രമനസ്സ്, പേപ്പല്‍ അധികാരം എന്നിവയെ സംബന്ധിച്ചുള്ള പാഷണ്ഡികളുടെ അബദ്ധസിദ്ധാന്തങ്ങളെ സമര്‍ത്ഥമായി നേരിട്ട് റോബര്‍ട്ട് വിജയം നേടി.

റോബര്‍ട്ടിന്റെ ജീവിതവിശുദ്ധിയും വിജ്ഞാനവൈഭവവും മനസ്സിലാക്കിയ മാര്‍പാപ്പാ അദ്ദേഹത്തെ റോമിലെ ദൈവശാസ്ത്ര കോളേജിന്റെ റെക്ടറായി നിയമിച്ചു. ഇവിടെ വച്ചാണ് ‘തര്‍ക്കങ്ങള്‍’ എന്ന പ്രശസ്തമായ ഗ്രന്ഥം അദ്ദേഹം രചിച്ചത്. 1598-ല്‍ റോബര്‍ട്ടിനെ കര്‍ദ്ദിനാളായി ഉയര്‍ത്തി. ‘റോബര്‍ട്ടിനു തുല്യനായി മറ്റൊരു ദൈവശാസ്ത്രജ്ഞന്‍ ഇന്നില്ല’ എന്നാണ് പരിശുദ്ധ പിതാവ് സ്ഥാനാരോഹണ ചടങ്ങില്‍ വിശുദ്ധനെക്കുറിച്ചു പറഞ്ഞത്.

ദരിദ്രരോടും രോഗികളോടും വളരെയധികം കരുണ കാട്ടിയിരുന്ന റോബര്‍ട്ട് തന്റെ അവസാനകാലത്ത് വത്തിക്കാനിലെ വായനശാലയുടെ ലൈബ്രേറിയനായും മാര്‍പാപ്പായുടെ ഉപദേഷ്ടാവായും ശുശ്രൂഷ ചെയ്തു. വിശുദ്ധന്‍ രചിച്ച ‘മരണകല’ എന്ന ഗ്രന്ഥം വളരെ പ്രശസ്തമാണ്. 1621-ല്‍ 80 ാമത്തെ വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്.

വിചിന്തനം: “ഇന്ന് നാം പരാജയപ്പെട്ട് അനര്‍ഹമായ അപമാനത്തിനു പാത്രമായാലും കോപിച്ച് ക്ഷമ വിട്ട് നമുക്കുള്ള നിത്യകിരീട യോഗ്യതയെ ഒട്ടും കുറയ്ക്കാനിടയാകരുത്.”

ഇതരവിശുദ്ധര്‍: ബ്രോഗണ്‍ (ഏഴാം നൂറ്റാണ്ട്)/ അരിയാഡ്(+130)/ ഇമ്മാനുവേല്‍ ട്ര്യൂ (+1798)/ ഹില്‍ദഗാര്‍ഡ് (1098-1179)/ ലമ്‌ബേര്‍ട്ട് (636-700) രക്തസാക്ഷിയായ മെത്രാന്‍/ നാര്‍സിസ്സൂസും ക്രെഷന്‍സിയോയും (+260) റോമിലെ രക്തസാക്ഷികള്‍/ കൊളുബാ (+853) രക്തസാക്ഷി/ ഫ്‌ളോച്ചെല്ലൂസ് (രണ്ടാം നൂറ്റാണ്ട്)/ ജസ്റ്റിന്‍ (+250) ജര്‍മ്മനി/ വലേരിയനും മാക്രിനൂസും ഗോര്ഡിയാറ്റും -നെവേഴ്‌സിലെ രക്തസാക്ഷികള്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.