
സിറിയയിലെ സൈന്യാധിപന്റെ ഏകമകനായിരുന്ന വി. ജോണ്‍ ക്രിസോസ്റ്റം ക്രിസ്തുവര്‍ഷം 344-ല്‍ അന്ത്യോഖ്യയിലാണു ജനിച്ചത്. അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണമടഞ്ഞു. അതിനുശേഷം അവന്റെ മാതാവാണ് ജോണിനെ വളര്‍ത്തിയത്. ഉത്തമ ക്രൈസ്തവവിശ്വാസത്തില്‍ തന്റെ മകനെ വളര്‍ത്തുവാന്‍ അവള് പ്രത്യേകം പരിശ്രമിച്ചിരുന്നു.
ചെറുപ്രായം മുതല്‍ ആത്മീയകാര്യങ്ങളോട് അതീവതാല്പര്യം പ്രകടിപ്പിച്ചിരുന്ന ജോണ്‍, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും വിശുദ്ധഗ്രന്ഥ പാരായണത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന് 26 വയസായപ്പോഴേയ്ക്കും പൗരോഹിത്യത്തെ സംബന്ധിച്ചുള്ള ആറു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിരുന്നു. ലോകത്തോടുള്ള ബന്ധത്തില്‍ നിന്നും വിട്ടുമാറി ദൈവത്തെ കൂടുതല്‍ സ്നേഹിക്കുന്നതിനായി അദ്ദേഹം 374-ല്‍ അന്ത്യോഖ്യായ്ക്കടുത്തുള്ള വനാന്തരത്തിലേയ്ക്കു താമസം മാറ്റി. ആറു കൊല്ലത്തോളം അവിടെ താമസിച്ചതിനുശേഷം വീണ്ടും അന്ത്യോഖ്യായിലേയ്ക്കു മടങ്ങിയെത്തി.
398-ല്‍ ജോണ്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ ആകര്‍ഷിക്കുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. കൂദാശകള്‍ കൂടെക്കൂടെ കൈക്കൊള്ളുന്നതിനായി വിശുദ്ധന് ജനങ്ങളെ നിര്‍ബന്ധിച്ചിരുന്നു. അദ്ദേഹം പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അവസരങ്ങളില്‍ വിശുദ്ധര്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് കുര്‍ബാനയെ ആരാധിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ജോണ്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജോണ്‍ സകലരുടെയും സ്നേഹബഹുമാനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും തിന്മയ്ക്കെതിരായി മുഖം നോക്കാതെ പ്രതികരിച്ചിരുന്ന വിശുദ്ധന് ധാരാളം ശത്രുക്കളുമുണ്ടായിരുന്നു. അലക്സാന്‍ഡ്രിയായിലെ ആര്‍ച്ചുബിഷപ്പിനും എവിസോക്സിയ ചക്രവര്ത്തിക്കുമെതിരായി വിശുദ്ധന് നടത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് പ്രതികാരമെന്നോണം ജോണിനെ 403-ല്‍ നാടുകടത്തി. ഉടന്‍തന്നെ തിരിച്ചുവിളിച്ചുവെങ്കിലും 404-ല്‍ വീണ്ടും വിശുദ്ധനെ ക്യൂക്രസിലേയ്ക്കു നാടുകടത്തി. ഏകദേശം 407-ഓടെ ജോണ്‍ വളരെയധികം ക്ഷീണിതനായി. എന്നാല്‍ ശത്രുക്കളുടെ പ്രതികാരത്തിന് യാതൊരു ശമനവും ഉണ്ടായില്ല.
അവര്‍ അദ്ദേഹത്തെ അവിടെ നിന്നും നാനൂറു മൈല്‍ ദൂരമുള്ള മറ്റൊരു സ്ഥലത്തേയ്ക്കു നാടുകടത്തി. ആ യാത്രയില്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന കഠിനമായ തണുപ്പും പട്ടിണിയും വിശുദ്ധന്റെ രോഗത്തെ വര്‍ദ്ധിപ്പിച്ചു. ഉടന്‍ തന്നെ അദ്ദേഹം ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി വെള്ളവസ്ത്രം ധരിച്ച് തിരുപാഥേയം സ്വീകരിക്കുകയും “സകലത്തിനും ദൈവത്തിനു സ്തുതിയുണ്ടായിരിക്കട്ടെ” എന്നു പതിവായി ഉച്ചരിക്കാറുള്ള വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് വിശുദ്ധന് തന്റെ ആത്മാവിനെ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.
വി. എവുളോജിയൂസ്
സിറിയായില്‍ ജനിച്ച എവുളോജിയൂസ് ചെറുപ്പത്തില്‍ തന്നെ സന്യാസം സ്വീകരിച്ചു. അന്ത്യോഖ്യായിലെ ദൈവമാതാവിന്റെ സന്യാസാശ്രമത്തിലെ അംഗമായിരുന്നു. അലക്സാണ്ട്രിയായിലെ പാത്രിയര്‍ക്കീസായിരുന്ന യോഹന്നാന് 579-ല്‍ മരിച്ചപ്പോള്‍ എവുളോജിയൂസ് തല്‍സ്ഥാനത്ത് നിയമിക്കപ്പെട്ടു.
വി. അമാത്തൂസ് (അമേ)
അമാത്തൂസ് ഗോളിലെ (ഫ്രാന്‍സിലെ) ഗ്രിനോബിളില് ജനിച്ചു. അഗോണം എന്ന സ്ഥലത്ത് ഒരു ബനഡിക്ടന്‍ ആശ്രമത്തില്‍ വിദ്യാഭ്യാസം ചെയ്യുകയും മുപ്പതുവര്‍ഷം ആ ആശ്രമത്തിലെ അന്തേവാസിയായി കഴിയുകയും ചെയ്തു. പില്ക്കാലത്ത് അമാത്തൂസ് ലക്ഷുവിലെ ആശ്രമങ്ങളുടെ അധിപനായി. 627-ല്‍ അദ്ദേഹം മരണമടഞ്ഞു.
വിചിന്തനം: ”കര്‍ത്താവ് ഒരാള്‍ക്ക് വളരെയധികം സഹിക്കുവാനുള്ള അവസരം നല്കുന്നെങ്കില് മരിച്ചവരെ ജീവിപ്പിക്കുന്നതിനുള്ള വരം നല്കുന്നതിനേക്കാള് അനുഗ്രഹമാണ്. കാര,ണം നാം അത്ഭുതം പ്രവര്‍ത്തിക്കുമ്പോള്‍ ദൈവത്തിനു കടക്കാരനായിത്തീരുന്നു. എന്നാല്‍ നാം സഹിക്കുമ്പോള്‍ ദൈവം നമ്മുടെ കടക്കാരനായിത്തീരുകയാണ്” – ജോണ്‍ ക്രിസോസ്റ്റം.
ഇതരവിശുദ്ധര്‍: വെനേറിയൂസ് (ഏഴാം നൂറ്റാണ്ട്) സന്യാസി/ മാക്രോബിയൂസും ജൂലിയനും രക്തസാക്ഷികള്‍/ മൗരീലൂസ് (430-453)/ അമാത്തൂസ് (+690) സിയോണിലെ മെത്രാന്/ കൊളുബിനൂസ് (+680)/ ലിഗോരിയൂസ് രക്തസാക്ഷി/ ഫിലിപ്പ് (മൂന്നാം നൂറ്റാണ്ട്).
ഫാ. ജെ. കൊച്ചുവീട്ടില്‍