സെപ്റ്റംബര്‍ 12: വി. അല്‌ബെയൂസ്

അയര്‍ലണ്ടിലെ എംലി രൂപതയുടെ സ്വര്‍ഗ്ഗീയസംരക്ഷകനായ അല്‌ബെയൂസിനെക്കുറിച്ച് ഏതാനും കഥകളല്ലാതെ അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു സൈന്യനായകന് അയാളുടെ ദാസിയില്‍ ജനിച്ച കുട്ടിയാണ് അല്‌ബെയൂസ്. അപമാനം ഭയന്ന് മാതാപിതാക്കള്‍ കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചുവെന്നും അവനെ ഒരു വേട്ടക്കാരന്‍ എടുത്തുവളര്‍ത്തിയെന്നും പറയപ്പെടുന്നു. കുട്ടിയെ ഒരു പെണ്‍ചെന്നായ് തന്റെ കുഞ്ഞുങ്ങളോടൊപ്പം വാത്സല്യപൂര്‍വം മുലയൂട്ടി വളര്‍ത്തിയെന്നാണ് മറ്റൊരു കഥ. പക്ഷേ, അത് വിശ്വാസയോഗ്യമല്ല.

ബാലനായിരുന്ന അല്‌ബെയൂസ്, ഒരിക്കല്‍ ഭൂമിയുടെ അനന്തവിസ്തൃതിയും ഭംഗിയും കണ്ട് ആശ്ചര്യവിവശനായി ഇപ്രകാരം ഉദ്‌ഘോഷിച്ചു: “ആകാശവും ഭൂമിയും ഉള്‍ക്കൊള്ളുന്ന ഈ വിശ്വപ്രകൃതിയുടെ സ്രഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു! എന്തുകൊണ്ടെന്നാല്‍ ഇതു സ്വയമേവ ഉണ്ടായതല്ല; യാതൊരു മനുഷ്യന്റെയും കൈവേലയുമില്ല.” ഈ വാക്കുകള്‍ കേട്ട ഒരു ക്രൈസ്തവ വൈദികന്‍ അല്‌ബെയൂസിനു ശരിയായ വിദ്യാഭ്യാസവും അതിനെത്തുടര്‍ന്ന് ജ്ഞാനസ്‌നാനവും നല്‍കി. അയര്‍ലണ്ടില്‍ കുടിയേറിപ്പാര്‍ത്ത ബ്രിട്ടീഷ് വംശജരാണ് കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കുകയും സംരക്ഷിക്കുകയും ചെയ്തത് എന്നും പറയുന്നു.

അല്‌ബെയൂസ് റോമില്‍ ചെന്ന് മെത്രാന്‍പദം സ്വീകരിച്ചു. അതിനുശേഷം തിരിച്ചെത്തി അയര്‍ലണ്ടില്‍ ഉടനീളം സുവിശേഷ പ്രസംഗപര്യടനം നടത്തി. അദ്ദേഹത്തിന്റെ ശക്തമായ വാക്കുകളും അനുകരണീയമായ ജീവിതമാതൃകയും വഴിയായി ഐറീഷ് ജനസമൂഹത്തില്‍ വലിയ പരിവര്‍ത്തനം ഉളവാക്കി. അസംഖ്യം ആളുകളെ വിശ്വാസജീവിതത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയും പുണ്യപൂര്‍ണ്ണതയിലേയ്ക്കു വഴിനടത്തുകയും ചെയ്തു. അതുകൊണ്ടാണ് അപരിഷ്‌കൃതരായ ആളുകളെ ക്രിസ്ത്യാനികളാക്കുക മാത്രമല്ല വിശുദ്ധരാക്കുക കൂടി ചെയ്തു എന്ന് അല്‌ബേയൂസിനെക്കുറിച്ച് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മെത്രാനായതിനുശേഷം ഒരു ദിവസം അല്‌ബെയൂസ് വേട്ടനായ്ക്കളുടെ പിടിയില്‍ പെടാതിരിക്കാന്‍ പതറിയോടിയ വൃദ്ധയായ ഒരു പെണ്‍ചെന്നായയെ കാണാനിടയായെന്നും തന്നെ ചെറുപ്പത്തില്‍ മുലയൂട്ടി വളര്‍ത്തിയ ആ സാധുജീവിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു രക്ഷപ്പെടുത്തുകയും പിന്നീട് എന്നും തന്റെ മേശയില്‍ നിന്നും ഭക്ഷണം നല്‍കി സംരക്ഷിച്ചുപോരുകയും ചെയ്തുവെന്നും ഒരു ഐതിഹ്യമുണ്ട്.

വാര്‍ദ്ധക്യദശയിലെത്തിയപ്പോല്‍ അല്‌ബെയൂസ് ഉത്തരധ്രുവത്തോട് അടുത്ത് സ്ഥിതിചെയ്യുന്ന അയര്‍ലണ്ടിന്റെ ഉത്തരഭാഗമായ തൂളിലേയ്ക്കു താമസം മാറ്റി. അയര്‍ലണ്ടിലെ രാജാവായിരുന്ന ഏങ്കസിനോട് ആരാന്‍ ദ്വീപ് യാചിച്ചു വാങ്ങി ആ ദ്വീപില്‍ ഒരു സന്യാസാശ്രമം പടുത്തുയര്‍ത്തി. അവിടെ അനന്തരകാലങ്ങളില്‍ വിശുദ്ധരായ ധാരാളം സന്യാസിമാര്‍ ജീവിച്ചിരുന്നു. അതുകൊണ്ട് ആ ദ്വീപു ‘വിശുദ്ധരുടെ ആരാന്‍’ എന്ന് അറിയപ്പെട്ടു.

വി. ഈന്‍സ്‌വിദാ

ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യന്‍ രാജാവായ വി. എതല്‍ബര്‍ട്ടിന്റെ പുത്രിയാണ് ഈന്‍സ്‌വിദാ. പിതാവിന്റെ അനുവാദത്തോടുകൂടി കെന്റില്‍ ഒരു സന്യാസിനീമഠം സ്ഥാപിച്ച് നിയതമായ വ്രതനിഷ്ഠകളോടു കൂടി ധ്യാനജീവിതം നയിച്ചു. 640-ല്‍ അവള്‍ മരണമടഞ്ഞു.

വിചിന്തനം: ‘പ്രലോഭനങ്ങളില്‍ പ്രാര്‍ത്ഥനയും ക്ഷമയുമാകുന്ന ആയുധങ്ങള്‍ ധരിക്കുക.’

ഇതരവിശുദ്ധര്‍: ആന്റര്‍ലെക്ടിലെ ഗൈ (+1012)/ ഈന്‍സുവിഡാ രാജ്ഞി (+640)/ അയില്‍സെ (ആറാം നൂറ്റാണ്ട്) എംലിയിലെ മെത്രാന്‍/ കുറൊമോത്തൂസ് (+258) ഇക്കോണിയത്തിലെ രക്തസാക്ഷിയായ മെത്രാന്‍/ ഹെറോണിദെസ് (+1300) ഈജിപ്റ്റിലെ രക്തസാക്ഷി/ ലിയോണിലെ സേസര്‍ഡോസ്/ ഓടോണോമസ് (+1300) ഈജിപ്തിലെ രക്തസാക്ഷി/ സെന്റ്‌ക്ലെയറിന്റെ പീറ്റര്‍ പോള്‍ (1622) ജപ്പാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.