
യേശുവിന്റെ ഹൃദയം ദൈവസ്നേഹത്തിന്റെ കേന്ദ്രമാണെന്ന് അനുഭവിച്ചറിഞ്ഞ സന്യാസിനിയായിരുന്നു തിരുഹൃദയത്തിന്റെ വി. അന്ന മരിയ റെഡി. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വിശുദ്ധയാണ് അന്ന.
ഫ്ളോറന്‍സിലെ ഒരു കുലീന കുടുംബത്തില്‍ 1747 ജൂലൈ 15-ന് ജനിച്ചു. 17-ാം വയസില്‍ 1764 സെപ്റ്റംബര്‍ 1-ന് അവള് ഫ്ളോറന്‍സിലെ കര്‍മ്മല മഠത്തില്‍ ചേര്‍ന്നു. തിരുഹൃദയത്തിന്റെ തെരേസ മരിയ എന്ന സന്യാസ നാമം സ്വീകരിച്ചു. സഹസന്യാസിമാര്ക്ക് വലിയ ചൈതന്യം പകരുന്നതായിരുന്നു തെരേസ മരിയയുടെ ജീവിതം.
മരണത്തിന് മൂന്നു ദിവസം മുമ്പ് പ്രകടമായ ഒരു രോഗവും ഇല്ലാതിരുന്നപ്പോള്‍ അവള് തന്റെ അന്തിമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. പെട്ടെന്നാണ് കഠിനമായ വയറുവേദന ആരംഭിച്ചത്. കഠിനമായ വേദനയ്ക്കിടയിലും അവളേറെ സ്നേഹത്തോടെ പെരുമാറി. 18 മണിക്കൂര്‍ നേരത്തെ തീവ്രവേദനയ്ക്കു ശേഷം 1880 മാര്‍ച്ച് 7-ന് അന്തരിച്ചു.
മരണം കഴിഞ്ഞയുടനെ ഉദര ഭാഗത്തിന്റെ നിറം മാറി. വയര്‍ വല്ലാതെ വീര്‍ത്തു തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും ഇതര ശരീരഭാഗങ്ങള്‍ തലയണ വച്ച് ഉയര്‍ത്തിയാണ് ഭക്തര്‍ക്കു കാണാറാക്കിയത്. സംസ്കാര ചടങ്ങിനെത്തിയവര്‍ പക്ഷേ, 23-കാരിയായ ഈ കന്യകയുടെ വിശുദ്ധിയില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു. അവര്‍ തിരുശേഷിപ്പുകള്‍ സ്വന്തമാക്കാന്‍ ഏറെ കൊതിച്ചു. ആശ്രമത്തിനടിയിലുള്ള കല്ലറയിലേയ്ക്ക് ശരീരം സംവഹിക്കപ്പെട്ടു.
മുഖത്തിന്റെയും കൈകാലുകളുടേയും എല്ലാം നിറം മാറിയിരിക്കുന്നതായി സന്യാസിനികള്‍ കണ്ടു. തന്മൂലം രണ്ടു ദിവസത്തേയ്ക്ക് കല്ലറ മൂടിയില്ല. മാര്‍ച്ച് 9-ന് പെട്ടി തുറന്നു നോക്കുമ്പോള്‍ വിശുദ്ധയുടെ ശരീരത്തിന് അലൗകികമായ ഒരു സൗന്ദര്യം കാണാനുണ്ടായിരുന്നു. മാര്‍ച്ച് 22-ന് ആര്‍ച്ച്ബിഷപ്, മൂന്നു സര്‍ജന്‍മാരടങ്ങുന്ന സംഘവുമായി വന്ന് ശരീരം പരിശോധിച്ചു. അലൗകികമായ ഒരു സൗന്ദര്യം ശരീരത്തില്‍ നിന്നും പ്രസരിക്കുന്നതായി അവര്‍ കണ്ടു.
1783-ല്‍ ശരീരം മറ്റൊരിടത്തേക്കു മാറ്റുവാന്‍ തീരുമാനമായി. 1783 ജൂണ്‍ 16-ന് സ്വപിതാവിന്റെ സാന്നിധ്യത്തിലായിരുന്നു കല്ലറ തുറന്നത്. ഫ്ളോറന്‍സിലെ ആര്‍ച്ച്ബിഷപ്പും ധാരാളം വൈദികരും ഉണ്ടായിരുന്നു. ശരീരത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നു കണ്ടു. ശരീരം കഴുകി, പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. പുതിയ പെട്ടിയിലാക്കി സംസ്കരിച്ചു. ഇറ്റലിയിലെ ഫ്ളോറന്‍സിലെ വിയാഡെയി ബ്രൂണിയിലുള്ള വി. തെരേസയുടെ ആശ്രമത്തില്‍ ശരീരം ഇപ്പോഴും സൂക്ഷിക്കപ്പെടുന്നു.
വിചിന്തനം: ”കര്‍ത്താവേ, അങ്ങയുടെ വിസ്മയാവഹമായ പ്രവൃത്തികള്‍ അങ്ങ് പ്രദര്‍ശിപ്പിക്കുക. അങ്ങയുടെ വലതുകൈ വിജയിക്കട്ടെ. അങ്ങിലല്ലാതെ എനിക്ക് പ്രത്യാശയോ ആലംബമോ ഇല്ല.”
ഫാ. ജെ. കൊച്ചുവീട്ടില്‍