ഒക്‌ടോബര്‍ 03: വി. തെയദോര്‍ ഗ്‌വെരിന്‍ (1798-1856)

ഫ്രാന്‍സിലെ ബ്രട്ടനിയില്‍ 1798 ഒക്‌ടോബര്‍ 2-ന് ആന്‍ തെരേസ് ഗ്‌വെരിന്‍ ജനിച്ചു. 1823 ആഗസ്റ്റ് 23-ാം തീയതി ‘ദൈവപരിപാലനാ സമൂഹത്തിന്റെ’ നവസന്യാസത്തില്‍ ആന്‍ തെരേസ് ചേര്‍ന്നു. പാവപ്പെട്ടവരുടെ വിദ്യാഭ്യാസം, രോഗികളുടെ പരിചരണം എന്നിവ ലക്ഷ്യമാക്കി 1806-ല്‍ സ്ഥാപിതമായതാണ് പ്രസ്തുത സമൂഹം. സമൂഹത്തില്‍ തെയദോര്‍ എന്ന പേരാണ് സ്വീകരിച്ചത്.

1825 സെപ്തംബര്‍ 8-ന് ആദ്യവ്രതവും 1831 സെപ്തംബര്‍ 5-ന് നിത്യവ്രതവും സ്വീകരിച്ചു. തുടര്‍ന്ന് ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്ത തെയദോര്‍, അജ്ഞതയും കുറ്റകൃത്യങ്ങളും നിറഞ്ഞ അവിടുത്തെ ചുറ്റുപാടുകളില്‍ വിസ്മയകരമായ വ്യതിയാനമുളവാക്കി. പിന്നീട് ചെറിയ സമൂഹത്തിലേയ്ക്ക് നിയമിതയായി. അവിടെ സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ ചെയ്തു. അധ്യാപനത്തിലെ വിജയം പരിഗണിച്ച് ബഹുമതിപത്രത്തിന് അര്‍ഹയായി.

ഇന്‍ഡ്യാനായിലേയ്ക്ക് മിഷനറിമാരെ അന്വേഷിച്ച് ഫ്രാന്‍സില്‍ ചെന്ന അമേരിക്കന്‍ മെത്രാന്റെ ആഗ്രഹപ്രകാരം തെയൊദോറിനെ ഏതാനും സഹോദരികളുടെ കൂടെ അങ്ങോട്ടയച്ചു. മൂന്നു മാസത്തെ യാത്ര നടത്തി സ്ഥലത്തെത്തിയപ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ അവിടെ കിട്ടിയില്ലെങ്കിലും സഭയുടെ സിദ്ധിക്കനുസരിച്ച് ദൈവപരിപാലനയില്‍ ആശ്രയിച്ച് സാഹചര്യങ്ങളെ എളിമയോടു കൂടി സ്വീകരിക്കുവാന്‍ വിശുദ്ധയ്ക്കു കഴിഞ്ഞു. ഭാഷാപരമായ ക്ലേശങ്ങളും പ്രകൃതിയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകളും ദാരിദ്ര്യവുമെല്ലാം അവരെ വളരെയധികം ശല്യപ്പെടുത്തിയെങ്കിലും തെയദോര്‍ ദിവ്യകാരുണ്യ സന്നിധിയില്‍ അഭയം കണ്ടെത്തി, സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തി.

16 വര്‍ഷത്തെ ശ്രമം കൊണ്ട് ഇന്‍ഡ്യാനായുടെ മുഖച്ഛായ തന്നെ മാറ്റാന്‍ ദൈവപരിപാലനയുടെ സഹോദരിമാര്‍ക്കു കഴിഞ്ഞു. 1856 മെയ് 14-ാം തീയതി മദര്‍ തെയദോര്‍ ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. 2006 ഒക്‌ടോബര്‍ 15-ാം തീയതി മദര്‍ തെയദോര്‍ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.

വിചിന്തനം: യഥാര്‍ത്ഥമായ പുണ്യാഭിവൃദ്ധി ആത്മപരിത്യാഗത്തിലാണ് അടങ്ങിയിരിക്കുക. ആത്മപരിത്യാഗം വഴി മനുഷ്യന്‍ സമുന്നത സ്വാതന്ത്ര്യവും ഭദ്രതയും പ്രാപിക്കും.

ഇതരവിശുദ്ധര്‍: ബ്രോണിലെ ജെറാള്‍ഡ് (+959)/ കാന്‍ഡിസൂസ്/ ഇസോന്റിയൂസ്/ മാക്‌സിമ്യന്‍/ ടൂളിനിലെ സിപ്രിയന്‍/  ഹെസിച്ചിയൂസ്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.