ഒക്ടോബര്‍ 25: വി. അംബ്രോസ് ബാര്‍ലോ

1585-ല്‍ മാഞ്ചെസ്റ്ററില്‍ ഒരു പ്രശസ്ത കുടുംബത്തിലെ പതിനാലു സന്താനങ്ങളില്‍ നാലാമനായി അംബ്രോസ് ബാര്‍ലോ ജനിച്ചു. വിദ്യാഭ്യാസാനന്തരം ബനഡിക്ടന്‍ സഭയില്‍ ചേര്‍ന്ന അംബ്രോസ് 1617-ല്‍ വൈദികനായി.

അതിനുശേഷം ലങ്കാഷയറിലെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സജീവമായി. അക്കാലത്ത് ഇംഗ്ലണ്ടിലെ ഭരണകൂടം കത്തോലിക്കാ സഭയ്ക്ക് പൂര്‍ണ്ണമായ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. തന്മൂലം അംബ്രോസിന് തന്റെ കര്‍മ്മരംഗങ്ങളില്‍ വളരെയധികം ക്ലേശങ്ങള്‍ നേരിട്ടു. ചുരുങ്ങിയ കാലയളവിനുള്ളില്‍ പലതവണ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 1641-ല്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ വൈദികരെല്ലാം രാജ്യം വിട്ടുപൊയ്ക്കൊള്ളണമെന്ന് ചാള്‍സ് ഒന്നാമന്‍ രാജാവ് കല്പന പുറെപ്പടുവിച്ചു. ആരെങ്കിലും പ്രസ്തുത കല്പന ലംഘിച്ചാല്‍ ആ വ്യക്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കുമെന്നും പ്രഖ്യാപനം ചെയ്തു.

ഒരു ദിവസം വിശുദ്ധ കുര്‍ബാന അനുഷ്ഠിച്ചതിനുശേഷം ദേവാലയത്തില്‍ പ്രസംഗിച്ചുകൊണ്ടുനില്‍ക്കേ അംബ്രോസിനെ എതിരാളികള്‍ പിടികൂടി നീതിന്യായ കോടതിയുടെ മുമ്പില്‍ ഹാജരാക്കി. താല്‍ക്കാലിക വിചാരണയ്ക്കുശേഷം കോടതി തടവുശിക്ഷയ്ക്കു വിധിച്ചു. നാലുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും വിചാരണ ചെയ്തു. അധികാരികളുടെ ചോദ്യങ്ങള്‍ക്ക് താന്‍ ചിരപുരാതനമായ അപ്പസ്തോലിക വിശ്വാസത്തിലേയ്ക്ക് ജനങ്ങളെ ആനയിക്കുവാന്‍ ശ്രമിക്കുകയല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ലെന്നു ധൈര്യപൂര്‍വ്വം മറുപടി പറഞ്ഞു. എന്നാല്‍, കോടതി അംബ്രോന് മരണശിക്ഷ തന്നെ നല്‍കണമെന്നു തീര്‍പ്പു കല്പിച്ചു.

ലെങ്കാസ്റ്റര്‍ കൊട്ടാരത്തിലെ തടവുമുറിയില്‍ നിന്നും അംബ്രോസ് കൊലക്കളത്തിലേയ്ക്ക് ആനയിക്കപ്പെട്ടു. സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് മൂന്നു തവണ കഴുമരത്തെ വലംവച്ചു. അനന്തരം സന്തോഷത്തോടു കൂടി മരണത്തെ സ്വാഗതം ചെയ്തു.

വിചിന്തനം: വളരെപ്പേര്‍ നമ്മെ മാലാഖമാരായി പരിഗണിക്കുകയും അങ്ങനെ വിളിക്കുകയും ചെയ്താലും നാം മനുഷ്യര്‍ തന്നെ, ബലഹീനരായ മര്‍ത്യരല്ലാതെ മറ്റൊന്നുമാകുന്നില്ല.

ഇതരവിശുദ്ധര്‍: ക്രിസ്പിനും ക്രിസ്പീരിയാനും (+287) രക്തസാക്ഷികള്‍/ഹിലരി (+535) ഫ്രാന്‍സ്/ഡുള്‍കാര്‍ഡുസു (+584) ഓര്‍ലീന്‍സ്/ക്രിസന്തിയൂസ്(+283)/ ഡാരിയ/ വി. ബോനിഫസ് ഒന്നാമന്‍ (418-422) സൈറിനൂസ് (മൂന്നാം നൂറ്റാണ്ട്)/ഫ്രോന്‍േറായും ജോര്‍ജും (ഒന്നാം നൂറ്റാണ്ട്)/ജോണ്‍ റോബര്‍ട്ട് (1575-1610) മാര്‍നോക്ക്-ഐറിഷ് മെത്രാന്‍/ഫ്രൂക്തൂസ് (642-715) സന്യാസി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.