ഒക്ടോബര്‍ 20: വി. അക്കാ

നോര്‍ത്തബ്രായിലായിരുന്നു വി. അക്കായുടെ ജനനം. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം സ്വഗൃഹം വിട്ട് ഇംഗ്ലണ്ടിലെ യോര്‍ക്ക് മേഖലയിലെ ഡയറായുടെ മെത്രാനായിരുന്ന ബോസായോടൊപ്പം താമസമാരംഭിച്ചു. അദ്ദേഹമാണ് വി. അക്കായ്ക്കു വേണ്ട വിദ്യാഭ്യാസം നല്‍കിയത്.

ബോസായുടെ ശിക്ഷണവും പ്രവര്‍ത്തനശൈലിയും അക്കായുടെ ജീവിതത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തി. ഹെക്സാമിലെ മെത്രാനായിരുന്ന വി. വില്‍ഫ്രിഡും യഥാകാലം അക്കായ്ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കി. സന്യാസജീവിതം തിരഞ്ഞെടുത്ത അക്കാ, ഭക്തിയും വിശുദ്ധിയും കൊണ്ട് സകലരുടെയും സ്നേഹബഹുമാനങ്ങള്‍ക്കു പാത്രമായി. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഹെക്സാമില്‍ വി. അന്ത്രയോസിന്റെ നാമധേയത്തിലുള്ള ആശ്രമത്തിന്റെ അധിപനായും പിന്നീട് വില്‍ഫ്രിഡിന്റെ അനന്തരഗാമിയായും തിരഞ്ഞെടുക്കെപ്പട്ടു.

ഒരു അജപാലകന്‍ എന്ന നിലയില്‍ അക്കാ തുടര്‍ന്നുപോന്ന നയം ഏറ്റവും അനുകരണീയമാണ്. സഭാനിയമങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ തനിക്കും മറ്റുള്ളവര്‍ക്കും ഒട്ടും തന്നെ ഒഴിവു നല്‍കിയിരുന്നില്ല. സ്മരണീയരായ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങളും സ്മാരകങ്ങളും ഭക്തിപൂര്‍വം സൂക്ഷിക്കുന്നതിന് എപ്പോഴും ജാഗ്രത പുലര്‍ത്തിപ്പോന്നു. വേദപഠിതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ഉദാരമായ പ്രോത്സാഹനം നല്‍കി. റോമന്‍ സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായ സ്തോത്രഗീതങ്ങള്‍ ഉള്‍െപ്പടുത്തിക്കൊണ്ട് ഇംഗ്ലണ്ടിലെ സഭയുടെ ഔദ്യോഗിക ആരാധനാക്രമം നവീകരിച്ചു.

ജീവിതസായാഹ്നത്തില്‍ അക്കാ കുറേക്കാലം രാജ്യഭ്രഷ്ടനായി കഴിഞ്ഞുകൂടി. 740-ല്‍ അദ്ദേഹം മരണമടഞ്ഞു. ഹെക്സാമിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

വിചിന്തനം: ലോകത്തില്‍ ക്ലേശിതനാകുക എന്നുവച്ചാല്‍, ദൈവവും സ്വന്ത കര്‍ത്തവ്യവും രക്ഷയുമൊഴികെ സകലതില്‍ നിന്നും അകന്നിരിക്കുക എന്നാണ്

ഇതരവിശുദ്ധര്‍: ബര്‍ട്ടില്ലാ ബോസ്‌കാര്‍ഡിന്‍ (1888-1922)/ അഡൊറാള്‍ഡ് (+1004) ട്രെയെസ്സിലെ ആര്‍ച്ചുഡീക്കന്‍/ അഡെലീനാ (+1125)/ അര്‍ട്രേമിയൂസ് (+363)/ സര്‍സബ് (+342) പേഴ്സ്യന്‍ ആബട്ട്/ വിറ്റാലിസ് (+745)/ മര്‍ത്താ രക്തസാക്ഷിയായ കന്യക/ ഇറിന്‍ (635-653).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.