ഒക്ടോബര്‍ 11: വി. അലക്സാണ്ടര്‍ സാവുളി

1534-ല്‍ ഇറ്റലിയിലെ മിലാനില്‍ അലക്സാണ്ടര്‍ സാവുളി ജനിച്ചു. വിദ്യാഭ്യാസാനന്തരം പതിനേഴാമത്തെ വയസ്സില്‍ ബര്‍ണബൈറ്റ് സന്യാസ സഭയില്‍ അംഗത്വം സ്വീകരിച്ചു. വൈദികനായതിനുശേഷം പാവിയാ സര്‍വകലാശാലയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുവാന്‍ നിയുക്തനായി. അക്കാലയളവില്‍ പ്രശസ്തനായ ഒരു പ്രഭാഷകനായും അറിയെപ്പട്ടു.

അലക്സാണ്ടറുടെ വാക്കുകള്‍ പാപനിഷ്ഠമായ അന്തരംഗങ്ങളെ ഇളക്കുകയും മന്ദീഭവിച്ച ഹൃദയങ്ങളെ എരിയിക്കുകയും ചെയ്തു. 1567-ല്‍ അലക്സാണ്ടര്‍ ബര്‍ണബൈറ്റ് സന്യാസ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കെപ്പട്ടു. ഏതാണ്ട് ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു സന്യാസ സമൂഹത്തെയാണ് അദ്ദേഹത്തിന് നയിക്കേണ്ടിവന്നത്. എങ്കിലും ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതികള്‍ മുഖേന ആ സന്യാസ സമൂഹത്തെ ഉദ്ബുദ്ധരാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

1570-ല്‍ കോഴ്സിക്കായില്‍ അലേരിയാ രൂപതയുടെ മെത്രാനായി അലക്സാണ്ടര്‍ നിയമിക്കെപ്പട്ടു. സുവിശേഷപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം വരണ്ടനിലമായി പരിഗണിക്കപ്പെട്ടിരുന്ന ആ രൂപതയെ ചൈതന്യവത്താക്കാന്‍ തന്റെ സകല കഴിവുകളും വിനിയോഗിച്ചു. ഇരുപതു വര്‍ഷത്തെ തുടര്‍ച്ചയായ അദ്ധ്വാനത്തിന്റെ ഫലമായി സംതൃപ്തികരമായ സദ്ഫലങ്ങള്‍ കൊയ്തെടുത്തു. തന്മൂലം കോഴ്സിക്കായുടെ അപ്പസ്തോലന്‍ എന്നാണ് അലക്സാണ്ടര്‍ അറിയപ്പെടുന്നത്.

1591-ല്‍ മാര്‍പാപ്പാ അലക്സാണ്ടറെ പാവിയായിലേയ്ക്കു മാറ്റി. എന്നാല്‍ വളരെക്കുറച്ചു കാലമേ പാവിയാ രൂപതയ്ക്ക് അലക്സാണ്ടറുടെ സേവനം ലഭിക്കാന്‍ ഭാഗ്യമുണ്ടായുള്ളു. 1592-ല്‍ അദ്ദേഹം മരണം പ്രാപിച്ചു. 1904-ല്‍ വിശുദ്ധനായി നാമകരണം ചെയ്യെപ്പട്ടു.

വിചിന്തനം: എല്ലാ നന്മയും തന്നിലുള്ളതായി വിചാരിക്കുന്നവന്‍ ദൈവത്തിന്റെ അനുഗ്രഹപ്രവാഹം അടച്ചുകളയുന്നു. പരിശുദ്ധാളഹാവിന്റെ കൃപാവരം വിനീതഹൃദയര്‍ക്കുള്ളതാണ്.

ഇതരവിശുദ്ധര്‍ : അനാസറ്റിയൂസ്-രക്തസാക്ഷി/ അന്‍സീലിയ (ഏഴാം നൂറ്റാണ്ട്)/ താരാക്കൂസ് (+304)/ വി. അജില്‍ബര്‍ട്ട് യൂഫ്രിഡൂഡ് (ഏഴാം നൂറ്റാണ്ട്)/ പവില്ലിയിലെ ജൂലിയാനാ (+750)/ മരിയാ ബോള്‍ഡാഡ് (1826-1887) സര്‍മതാ (+357) ഈജിപ്തിലെ രക്തസാക്ഷി /പ്ലാസിഡ്യാ (+460).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.