ഒക്‌ടോബര്‍ 06: വി. ബ്രൂണോ

കര്‍ത്തൂസിയന്‍ സഭയുടെ സ്ഥാപകനാണ് വി. ബ്രൂണോ. അദ്ദേഹം 1030-ല്‍ ജര്‍മ്മനിയിലെ കോളോണ്‍ എന്ന നഗരത്തിലാണ് ജനിച്ചത്. ഉന്നതകുലജാതനായിരുന്ന ബ്രൂണോ, ഉത്തമ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നുവന്നു. പഠനത്തില്‍ അതിബുദ്ധിമാനായിരുന്ന വിശുദ്ധന്‍, റീംസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറേനാള്‍ അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

പുരോഹിതനായ ബ്രൂണോ, കൊളോണിലും റെയിംസിലും കാനന്‍ സ്ഥാനം വഹിക്കുകയും 45-ാമത്തെ വയസില്‍ റിംബു രൂപതയുടെ ചാന്‍സലറായി നിയമിതനാവുകയും ചെയ്തു. ഈ കാലഘട്ടത്തിലെല്ലാം വൈദികരുടെ നവീകരണത്തിനായി വിശുദ്ധന്‍ തീവ്രമായി പരിശ്രമിച്ചു. റെയിംസിലെ മെത്രാന്റെ മരണത്തോടെ രൂപതാഭരണം ആരോഗ്യകരമല്ലാത്ത നിലയിലേക്കു നീങ്ങി. ഇത് വിശുദ്ധനെ അത്യധികം വേദനിപ്പിച്ചു. ഈ കാലഘട്ടത്തില്‍ വിശുദ്ധനു ലഭിച്ച ഒരു ദര്‍ശനമനുസരിച്ച് അദ്ദേഹം ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിക്കാന്‍ തീരുമാനിച്ചു.

അധികം താമസിയാതെ വിശുദ്ധന്‍, തന്റെ സുഹൃത്തുക്കളെയും കൂട്ടി ഗ്രെനോപ്പിളിലെ മെത്രാനായിരുന്ന ഹ്യൂഗിന്റെ അടുക്കല്‍ ചെല്ലുകയും തങ്ങള്‍ക്ക് ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിക്കുന്നതിനായി കുറച്ചു സ്ഥലം വിട്ടുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മെത്രാന്‍ ബ്രൂണോയുടെ ആവശ്യം സ്‌നേഹപൂര്‍വ്വം സാധിച്ചുകൊടുത്തു. ‘കാര്‍ത്രൂസ്’ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. വിശുദ്ധന്‍ അവിടെ ഒരു ആശ്രമം സ്ഥാപിച്ചു. പില്‍ക്കാലത്ത് പ്രശസ്തമായ കര്‍ത്തൂസ്യന്‍ സഭയുടെ ആരംഭമായിരുന്നു അത്. ആശ്രമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കൊച്ചുമുറികള്‍ ഉണ്ടായിരുന്നു. ദൈവാരാധനക്കായി മാത്രമാണ് അവര്‍ ഒരുമിച്ചുകൂടിയിരുന്നത്. അല്ലാത്ത സമയമെല്ലാം അവര്‍ ഏകാന്തതയിലും പ്രാര്‍ത്ഥനയിലും കൈയ്യെഴുത്തുകള്‍ പകര്‍ത്തിയെഴുതുന്ന ജോലിയിലും വ്യാപൃതരായി.

ആറു വര്‍ഷത്തിനു ശേഷം റെയിംസില്‍ വിശുദ്ധന്റെ ശിഷ്യനായിരുന്ന ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ തന്റെ ഉപദേഷ്ടാവായി വിശുദ്ധനെ റോമിലേക്കു വിളിപ്പിച്ചു. റോമിലെത്തിയ വിശുദ്ധന്‍ തന്റെ ആശ്രമത്തിലേതിനു തുല്യമായ എളിയജീവിതം തന്നെയാണ് നയിച്ചിരുന്നത്. എന്നാല്‍ പട്ടണത്തിന്റെ തിരക്കുകള്‍ അദ്ദേഹത്തിന്റെ ഏകാന്തതയെ തകര്‍ത്തു. അതിനാല്‍ ഉന്നതമായ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് വിശുദ്ധന്‍ മാര്‍പാപ്പായുടെ അനുവാദത്തോടെ കലാബ്രിയായിലേക്കു വന്ന് സന്യാസജീവിതം അനുഷ്ഠിച്ചു.

വിശുദ്ധന്റെ ജീവിതത്തില്‍ ആകൃഷ്ടരായ നിരവധി ധനവാന്മാര്‍ അദ്ദേഹത്തിന്റെ ആശ്രമത്തിന് പലവിധ സഹായങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ പലപ്പോഴും വിലപിടിച്ചതും തങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായവയെ വിശുദ്ധന്‍ നിരസിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ ഒരു പ്രഭു വിലയേറിയ കുറേ സമ്മാനങ്ങള്‍ വിശുദ്ധന് അയച്ചുകൊടുത്തു. ഈ സമ്മാനങ്ങളില്‍ യാതൊന്നും തങ്ങള്‍ക്ക് ഉപകാരമില്ലെന്നു പറഞ്ഞ് അവയെല്ലാം വിശുദ്ധന്‍ തിരിച്ചയച്ചു. ഉടനെ തന്നെ പ്രഭു കൈയ്യെഴുത്തുകള്‍ പകര്‍ത്തുന്നതിനാവശ്യമായ തുകലുകള്‍ കൊടുത്തയച്ചു. അവരുടെ ഉപജീവനത്തിന് സഹായകമായിരുന്ന ഈ സമ്മാനം വിശുദ്ധന്‍ സ്വീകരിച്ചു. എളിമയിലും സ്വയംപരിത്യാഗത്തിലും ജീവിതം കഴിച്ചിരുന്ന വിശുദ്ധന്‍ 1101 -ല്‍ 71-ാമത്തെ വയസില്‍ നിര്യാതനായി.

വിചിന്തനം: ദൈവത്തില്‍ മഹത്വം നേടുന്നതാണ് യഥാര്‍ത്ഥ മഹത്വവും പരിശുദ്ധവുമായ ആനന്ദവും.

ഇതരവിശുദ്ധര്‍: ഫെയിത്ത്/ ഔറയാ (എട്ടാം നൂറ്റാണ്ട്)/ എറോട്ടിസ് (നാലാം നൂറ്റാണ്ട്)/ പഞ്ചക്ഷതങ്ങളുടെ വി. മേരി ഫ്രാന്‍സിസ് (1715-1791) മാഗ്നൂസ് (ഏഴാം നൂറ്റാണ്ട്)/ നിസീറ്റസ് (ഒമ്പതാം നൂറ്റാണ്ട്)/ ചെയോള്ളാ കല്ക് (ഏഴാം നൂറ്റാണ്ട്) ഐറിഷ് മെത്രാന്‍/ സാഗര്‍ (+175) ലാവോഡീസ്യായിലെ മെത്രാന്‍/ അഡെല്‍ബെറോ (1045-1090) വോള്‍സ്ബര്‍ഗിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.