ഒക്‌ടോബര്‍ 15: ആവിലായിലെ വി. ത്രേസ്യാ (1515-1582)

കര്‍മ്മലീത്താ സഭയുടെ നവീകരണത്തിന് ദൈവം നിയോഗിച്ച വിശുദ്ധയാണ് ആവിലായിലെ ത്രേസ്യ. സഭയുടെ ചൈതന്യമനുസരിച്ചുള്ള നിയമാവലി ഏറെ നിസ്സാരവല്‍ക്കരിക്കപ്പെട്ടിരുന്ന കാലത്താണ് അവള്‍ സഭയില്‍ ചേര്‍ന്നത്. എന്നാല്‍ ദൈവസ്‌നേഹം കൊണ്ട് ജ്വലിപ്പിക്കപ്പെട്ട അവള്‍ സഭയെ ആരംഭവിശുദ്ധിയിലേയ്ക്കു കൊണ്ടുവന്നു.

സ്‌പെയിനിലെ ആവിലാ നഗരത്തില്‍ 1515 മാര്‍ച്ച് 28-ന് പ്രഭുവംശജനായ അല്‍ഫോന്‍സ്‌ ഡാഞ്ചെസിന്റെയും അഹുദയുടെയും മകളായി ജനിച്ചു. കുട്ടിക്കാലത്തു തന്നെ വിശ്വാസജീവിതത്തില്‍ അവള്‍ ഏറെ തീക്ഷ്ണമതിയായിരുന്നു. 18-ാം വയസില്‍ ആവിലായിലെ കര്‍മ്മല മഠത്തില്‍ ചേര്‍ന്നു. അക്കാലത്ത് കര്‍മ്മല സഭയുടെ നിയമങ്ങള്‍ വളരെ അയഞ്ഞതായിരുന്നു. 20 വര്‍ഷത്തോളം ആ ജീവിതം അവള്‍ക്കും ഹരമായി. എന്നാല്‍ 38-ാമത്തെ വയസില്‍ വീണ്ടും ഒരു മാനസാന്തരത്തിന് അവള്‍ വിധേയയായി. ‘കണ്‍ഫഷന്‍സ് ഓഫ് സെന്റ്‌ അഗസ്റ്റിന്‍’ എന്ന പുസ്തകവായനയാണ് അതിനു കാരണമായത്.

പ്രാര്‍ത്ഥനയുടെ അന്തരീക്ഷം തന്റെ സമൂഹത്തിലില്ലെന്നു തിരിച്ചറിഞ്ഞ ത്രേസ്യ, സഭാനവീകരണത്തിനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. ആത്മീയപിതാവായ വി. പീറ്റര്‍ അല്‍കാസ്രയും വി. ഫ്രാന്‍സിസ് ബോര്‍ജിയോയും അവള്‍ക്കു പിന്തുണ നല്‍കി. കര്‍മ്മലീത്താ സഭയിലെ സന്യാസികളുടെ വിഭാഗത്തെ നവീകരിക്കുവാന്‍ കുരിശിന്റെ വി. യോഹന്നാനും ത്രേസ്യായെ സഹായിച്ചു. സമൂഹത്തില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായി. രണ്ടാള്‍ക്കും ധാരാളം സഹനങ്ങളുമുണ്ടായി. എന്നിട്ടും അവര്‍ 17 മഠവും 15 ആശ്രമവും സ്ഥാപിച്ചു.

ഭക്തിയുടെ ഉന്നതതലങ്ങളില്‍ വ്യാപരിക്കുമ്പോഴും തെരേസ, മികച്ച ഭരണാധികാരിയും എഴുത്തുകാരിയും ആത്മീയോപദേശകയുമായിരുന്നു. മൂന്ന് സുപ്രസിദ്ധ ഗ്രന്ഥങ്ങളാണ് അമ്മത്രേസ്യായുടെ പേരിലുള്ളത് – ആത്മകഥ, പൂര്‍ണ്ണതയിലേയ്ക്കുള്ള വഴി, ആന്തരികഹര്‍മ്യം – ഈ തലക്കെട്ട് ഈശോ തന്നെ വിശുദ്ധയ്ക്ക് പറഞ്ഞുകൊടുത്തതാണ്.

ദീര്‍ഘകാലത്തെ സഹനത്തിനുശേഷം 1582 ഒക്‌ടോബര്‍ നാലിന് ത്രേസ്യാ തന്റെ ദിവ്യനാഥന്റെ പക്കലേയ്ക്കു യാത്രയായി. 1662-ല്‍ ആവിലായിലെ ത്രേസ്യയെ സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. 1970 സെപ്റ്റംബര്‍ 27-ന് പോള്‍ ആറാമന്‍ പാപ്പാ അവളെ സഭയുടെ വേദപാരംഗതരുടെ പട്ടികയിലേയ്ക്ക് ഉയര്‍ത്തി.

വിചിന്തനം: പുണ്യപൂര്‍ണ്ണത എന്നാല്‍ ദൈവഹിതം നിറവേറ്റലാണ്. പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ദൈവഹിതം നിറവേറ്റുന്നതിലായിരിക്കണം – ആവിലായിലെ വി. ത്രേസ്യാ

ഇതരവിശുദ്ധര്‍: സെവീതൂസ് (അഞ്ചാം നൂറ്റാണ്ട്)/ അജിലെയൂസ്(+300)/ ആഫ്രിക്കന്‍ രക്തസാക്ഷി/ ഔറേലിയ (+1027)/ സാബിനൂസ് (+760) കന്റാനിയായിലെ മെത്രാന്‍/ കനാത്തൂസ് (അഞ്ചാം നൂറ്റാണ്ട്) മാഴ്‌സിലഡ്ഡിലെ മെത്രാന്‍/ ഫ്‌ളാവിയ/ അന്തിയോക്കസ് (അഞ്ചാംനൂറ്റാണ്ട്) മെത്രാന്‍ /തെക്ലാ(+790).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.