നവംബര്‍ 25: ബിസിഞ്ഞാനോയിലെ വാഴ്ത്ത. ഹുമിലിസ്

കലാബ്രിയായില്‍ 1582- ല്‍ ഹുമിലിസ് ജനിച്ചു. ജ്ഞാനസ്‌നാന നാമം ലൂക്ക് ആന്റണി എന്നായിരുന്നു. ദൈവഭക്തിയില്‍ വളരാന്‍ ലൂക്ക് ആന്റണിയെ ഭക്തരായ മാതാപിതാക്കള്‍ സഹായിച്ചു. സമപ്രായക്കാരായ കൂട്ടുകാരോടൊപ്പം വിനോദങ്ങളിലേര്‍പ്പെടുന്നതിനേക്കാള്‍, പ്രാര്‍ത്ഥനയിലും ദൈവാലയ സന്ദര്‍ശനവുമാണ് ലൂക്ക് ആന്റണി ഇഷ്ടെപ്പട്ടത്.

18-ാമത്തെ വയസില്‍, ദൈവം തന്നെ വിളിക്കുന്നുവെന്നു മനസിലാക്കി അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ഒരു സഹോദരനാകാന്‍ നിശ്ചയിച്ചു. സഭാപ്രവേശനത്തിന് നിരവധി തടസങ്ങള്‍ നേരിട്ടതിനാല്‍ ആ ആഗ്രഹം ഉടനെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പ്രത്യാശാപൂര്‍വ്വം പ്രാര്‍ത്ഥിച്ചു കാത്തിരുന്നു. 9 വര്‍ഷങ്ങള്‍ക്കു ശേഷം ബിസിഞ്ഞാനോയിലെ ആശ്രമത്തില്‍ പ്രവേശിച്ചു. വിനീതന്‍ എന്നര്‍ത്ഥമുള്ള ഹുമിലിസ് എന്ന പേര് സ്വീകരിച്ചു.

സഹപാഠികള്‍ക്കെല്ലാം അദ്ദേഹം മാതൃകയായിരുന്നു. അമലോത്ഭവ മാതാവിനോടും ദിവ്യകാരുണ്യത്തോടുമുള്ള ഭക്തിയില്‍ നിരന്തരം വളര്‍ന്നു. വിനീതരെ ഉയര്‍ത്തുന്ന കര്‍ത്താവ് വിജ്ഞാനവും ദിവ്യപ്രകാശവും നല്‍കി ഹുമിലിസിനെ അനുഗ്രഹിച്ചു. പണ്ഡിതന്മാര്‍ പോലും ഹുമിലിസിന്റെ പക്കല്‍ ഉപദേശവും പ്രശ്നപരിഹാരവും തേടി വന്നിരുന്നു. മാര്‍പാപ്പാമാര്‍ നിര്‍ബന്ധിച്ചിരുന്നതിനാല്‍ പലപ്പോഴും ചര്‍ച്ചകള്‍ക്കു വേണ്ടി റോമില്‍ താമസിക്കേണ്ടിവന്നു.

രോഗബാധിതനായപ്പോള്‍ സ്വന്തം ആശ്രമത്തിലേക്ക് ഹുമിലിസ് തിരിച്ചുവന്നു. ചികിത്സകളൊന്നും അദ്ദേഹത്തിന്റെ രോഗത്തെ ശമിപ്പിച്ചില്ല. അധികം വൈകാതെ ഹുമിലിസ് മരണമടഞ്ഞു.

വിചിന്തനം: ഇവിടെ നമുക്ക് ശാശ്വതമായ ഭവനമില്ല. ഒരു ഭവനത്തിനുവേണ്ടി നാം ഉന്നതത്തിലേയ്ക്കു നോക്കിനില്‍ക്കുകയാണ്.

ഇതരവിശുദ്ധര്‍ : കാതറിന്‍ അലക്‌സാണ്ട്രിയ/ ഇമ്മാ (എട്ടാം നൂറ്റാണ്ട്)/മെസോപ്പ് (361-440)/അലക്‌സാണ്ട്രിയിലെ പീറ്റര്‍ (+311)/ അല്‍നത്ത് (+700)/ മോസസ് (+251) രക്തസാക്ഷിയായ വൈദികന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.