നവംബര്‍ 23: വി. ക്ലമന്റ്

റോമില്‍ ജനിച്ച ക്ലമന്റ്  88-ല്‍ പാപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി. പത്രോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം സ്ഥൈര്യലേപനം എന്ന കൂദാശ പാപ്പാ പുനരാവിഷ്‌കരിച്ചു. മതപരമായ ചടങ്ങുകളില്‍ ‘ആമേന്‍’ ആവിര്‍ഭവിച്ചത് ഈ കാലത്താണ്.

വി. ക്ലമന്റ്, വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും സ്‌നേഹിതനും സഹപ്രവര്‍ത്തകനുമായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിലാണ് സഭാഭരണത്തിലെ ശുശ്രൂഷാക്രമം കൂടുതല്‍ നിയതമായ രൂപഭാവങ്ങള്‍ ഉള്‍ക്കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. റോമിലെ മെത്രാന്‍ എന്ന നിലയില്‍ കോറിന്തോസിലെ സഭാകാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടു. അവര്‍ അതിനെ അംഗീകരിച്ച് ആദരിച്ചു. ക്ലമന്റ് അഭിഷിക്തനായതിന്റെ 6-ാം വര്‍ഷം വീണ്ടും മതപീഡനം തുടങ്ങി. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു ഇതിന്റെ സൂത്രധാരന്‍. അദ്ദേഹം സ്വയം വൈദികനായി പ്രഖ്യാപിച്ചു. അനേകം പേര്‍ വിശ്വാസ സംരക്ഷണത്തിനായി രക്തസാക്ഷികളായി. ഈ രക്തസാക്ഷികളുടെ കൂട്ടത്തില്‍ അടിമകളും വിദേശികളും പ്രധാനികളായ റോമാക്കാരും പ്രഭുവംശജരും ഉണ്ടായിരുന്നു. ഈ രക്തസാക്ഷികളെല്ലാം തന്നെ ധീരതയോടെ ശാന്തരായും സന്തോഷത്തോടെയുമാണ് തങ്ങളുടെ വിശ്വാസം തെളിയിച്ചത്.

ഡൊമീഷ്യന്‍ ചക്രവര്‍ത്തി രാഷ്ട്രീയത്തിലും പിടി മുറുക്കി. അദ്ദേഹത്തിന്റെ ക്രൂരത നിമിത്തം അവസാനം അദ്ദേഹത്തെ അക്രമികള്‍ ക്രൂരമായി കൊല ചെയ്തു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന നേര്‍വ മതമര്‍ദ്ദനം തുടര്‍ന്നു. അനേകം ക്രൈസ്തവര്‍ രക്തസാക്ഷികളായി. ഈ സമയം ക്ലമന്റ് പാപ്പാ പല ഒളിസങ്കേതങ്ങളിലും മാറിമാറി താമസിച്ചുകൊണ്ട് സഭാശുശ്രൂഷക്ക് നേതൃത്വം നല്‍കിക്കൊണ്ടിരുന്നു. അവസാനം ക്ലമന്റ് പിടിയിലായി നാടു കടത്തപ്പെട്ടു. എങ്കിലും അദ്ദേഹം തന്റെ ദൗത്യം തുടര്‍ന്നു. പട്ടാളക്കാരോടു പോലും തന്റെ വിശ്വാസം പ്രസംഗിച്ചു. അവസാനം രാഷ്ട്രദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കണമെന്ന ചക്രവര്‍ത്തിയുടെ കല്പന അദ്ദേഹം നിരസിച്ചു. ശിക്ഷയായി അധികാരികള്‍ അദ്ദേഹത്തെ പോന്തുസിലേക്കുകു നാടു കടത്തുകയും കഴുത്തില്‍ നങ്കൂരം കെട്ടി കടലില്‍ എറിയുകയും ചെയ്തു.

വിചിന്തനം: ദൈവവരപ്രസാദം പരോപകാരിയും സ്‌നേഹശിലയുമാണ്. അതിനു പ്രത്യേകതകളില്ല. അല്പംകൊണ്ടു തൃപ്തിപ്പെടുന്നു. വാങ്ങിക്കുന്നതിനേക്കാള്‍ കൊടുക്കുന്നത് കൂടുതല്‍ സൗഭാഗ്യദായകമെന്ന് കരുതുന്നു.

ഇതരവിശുദ്ധര്‍ : അംഫിലീക്കോസ് (+400)മെത്രാന്‍/ ട്രൂജോ (+695)/ കൊളുബന്‍ (559-615)/അലക്‌സാണ്ടര്‍ (1220-1263)/ ഫെലിസിറ്റസ് (രണ്ടാം നൂറ്റാണ്ട്)/ പെറ്റേര്‍ണിയന്‍ (275-360) ഫാനോയിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.