നവംബര്‍ 22: വി. സിസിലി

ദൈവാലയ ഗായകരുടെ മദ്ധ്യസ്ഥയായ വി. സിസിലി രണ്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ റോമയില്‍ ജനിച്ചു. അക്രൈസ്തവരായിരുന്നു അവളുടെ മാതാപിതാക്കള്‍ എങ്കിലും ക്രിസ്തുമത തത്വങ്ങള്‍ അഭ്യസിച്ചിരുന്ന അവള്‍ ബാല്യത്തില്‍ തന്നെ ജ്ഞാനസ്‌നാനം സ്വീകരിച്ചു.

ചെറുത്തില്‍ തന്നെ തന്റെ ദിവ്യമണവാളന് നിത്യകന്യാത്വം നേര്‍ന്നിരുന്ന വിശുദ്ധയെ വലേരിയന്‍ എന്ന കുലീനയുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുവാന്‍ വിശുദ്ധ നടത്തിയ എല്ലാ ശ്രമങ്ങളും നിഷ്ഫലമാവുകയാണുണ്ടായത്. അതിനാല്‍ തന്റെ കന്യാത്വത്തെ സംരക്ഷിച്ചുകൊള്ളണമെന്ന് അവള്‍ ദൈവത്തോട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. ഈ വിഷമഘട്ടത്തില്‍ വിശുദ്ധയെ ആശ്വസിപ്പിക്കാനായി ദൈവം അവളുടെ കാവല്‍മാലാഖയുടെ സാന്നിദ്ധ്യം അവള്‍ക്ക് അനുഭവവേദ്യമാക്കി.

സിസിലിയെ നിഷ്‌കളങ്കവും യഥാര്‍ത്ഥവുമായി സ്‌നേഹിച്ചിരുന്ന വലേറിയനോടു വിവാഹദിവസം തന്നെ അവള്‍ പറഞ്ഞു. “ക്രിസ്തുവിനെ അല്ലാതെ മറ്റാരെയും സ്വീകരിക്കുകയില്ലെന്ന് ഞാന്‍ ദൈവത്തോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ എന്റെ കന്യാത്വത്തെ സംരക്ഷിക്കുന്നതിനായി ഒരു സ്വര്‍ഗ്ഗീയദൂതനെ കാവല്‍ക്കാരനായി തന്നോടുകൂടെ സദാ നിറുത്തിയിട്ടുണ്ട്” ആ ദൂതനെ തനിക്കും കാണണമെന്നു പറഞ്ഞ വലേറ്യനോട് ജ്ഞാനസ്‌നാനം സ്വീകരിച്ചാല്‍ മാത്രമേ അതു സാധ്യമാകൂ എന്ന് അവള്‍ അറിയിച്ചു. ഉടന്‍തന്നെ അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു. ജ്ഞാനസ്‌നാന ശേഷം തിരികെ വന്ന വലേറിയന്‍ ആ ദൈവദൂതനെ കാണുകയും ആ ദൂതന്‍ അവരെ പുഷ്പങ്ങള്‍കൊണ്ടുള്ള ഒരു മുടി ധരിപ്പിക്കുകയും ചെയ്തു. പിന്നീട് വലേറിയന്റെ പ്രേരണയാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തിബൂര്‍സിയസും ഒരു ക്രിസ്ത്യാനിയായി.

ക്രൈസ്തവസഭ അതിക്രൂരമായി പീഡിപ്പിക്കെപ്പട്ടിരുന്ന കാലഘട്ടമായിരുന്നു അത്. അതിനാല്‍ അധികം താമസിക്കാതെ തന്നെ വലേറിയനെയും സഹോദരനെയും ക്രൈസ്തവ വിരോധികള്‍ ബന്ധിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്തു. തന്റെയും അന്ത്യം അടുത്തിരിക്കുന്നുവെന്നു മനസിലാക്കിയ വിശുദ്ധ, സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് വിഭജിച്ചുകൊടുത്തശേഷം മരണത്തിനായി ഒരുങ്ങി. പ്രതീക്ഷിച്ചതുപോലെ വിശുദ്ധയും മതവൈരികളാല്‍ പിടിക്കപ്പെട്ടു. മതത്യാഗം ചെയ്യാന്‍ തയ്യാറാവാതിരുന്ന വിശുദ്ധയെ ശ്വാസംമുട്ടിച്ചു കൊല്ലുവാന്‍ ഉത്തരവായി. അതനുസരിച്ച് ചൂടുവെള്ളം നിറച്ച ഒരു മുറിയിലാക്കി വിശുദ്ധയെ അവര്‍ പൂട്ടി.

അടുത്ത ദിവസം മൃതദേഹം നീക്കുവാനായി മുറി തുറന്നപ്പോള്‍ സിസിലി പൂര്‍ണ്ണ ആരോഗ്യത്തോടെ ദൈവകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതായാണ് കണ്ടത്. ഇതില്‍ കോപിഷ്ഠനായ നഗരാധിപന്‍ അവളെ ശിരസു ഛേദിച്ചു വധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ തന്റെ ജീവിതം മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിത്തരണമെന്ന് വിശുദ്ധ പ്രാര്‍ത്ഥിച്ചു. ദൈവം തിരുമനസാവുകയും ചെയ്തു. ഘാതകന്‍ ശക്തിയോടെ വിശുദ്ധയുടെ ശിരസില്‍ വെട്ടി. എന്നാല്‍ വലിയൊരു മുറിവുണ്ടായെങ്കിലും ശിരസു ഛേദിക്കപ്പെട്ടില്ല. അയാള്‍ രണ്ടു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു. പക്ഷേ, ശിരസു ചേദിക്കെപ്പട്ടില്ല. വീണ്ടും വെട്ടുന്നതിന് നിയമം അനുവദിക്കായ്കയാല്‍ അയാള്‍ അവിടെ നിന്നോടിപ്പോയി. അന്നേയ്ക്കു മൂന്നാം ദിവസം അവള്‍ തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.

വി. സിസിലി സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സദാ ദൈവകീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നു എന്ന പാരമ്പര്യത്തെ ആസ്പദമാക്കിയാണ് വിശുദ്ധയെ ദൈവാലയ ഗായകരുടെ മദ്ധ്യസ്ഥയായി കണക്കാക്കുന്നത്.

വിചിന്തനം: ലോകവസ്തുക്കളോടുള്ള സ്‌നേഹത്താല്‍ ബദ്ധനല്ലാത്തവന് മരണനേരത്തുള്ള മന:സ്ഥൈര്യം വലുതായിരിക്കും.

ഇതരവിശുദ്ധര്‍ : ഡെയിനിയോളിന്‍ (+621)/മാര്‍ക്കും സ്റ്റീഫനും (+305) രക്തസാക്ഷികള്‍/ മൗറൂസ് (+284) റോമില്‍ രക്തസാക്ഷിത്വം/ ലുക്രീഷ്യാ (+306)/ഫിലമോണും അഫിയായും (+70) രക്തസാക്ഷികള്‍/റ്റിഗ്രിഡിയാ (+925)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.