നവംബര്‍ 21: വി. ജെലാസിയൂസ് ഒന്നാമന്‍

റോമില്‍ ജനിച്ച ഇദ്ദേഹം 492 മാര്‍ച്ച് 1-ന് പാപ്പായായി തിരഞ്ഞെടുക്കെപ്പട്ടു. ആചാരങ്ങളും ആരാധനക്രമങ്ങളും നിര്‍വഹിക്കുന്നതില്‍ ഐക്യരൂപ്യം വരുത്താന്‍ അദ്ദേഹം ആവശ്യമായ നിയമസംഹിത തയ്യാറാക്കി. ദരിദ്രരെ വളരെയധികം സഹായിച്ചിരുന്ന പാപ്പായെ ‘പാവങ്ങളുടെ പിതാവ്’ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. സഭാഭരണത്തില്‍ രാജാക്കന്മാരേക്കാള്‍ സഭയ്ക്കുള്ള ഉന്നതസ്ഥാനം അദ്ദേഹം നിലനിറുത്തി. ലത്തീന്‍ റീത്തിലെ വിശുദ്ധ ബലിയില്‍ ‘കര്‍ത്താവേ അനുഗ്രഹിക്കണമേ’ എന്ന പ്രാര്‍ത്ഥനകൂടി ഉള്‍പ്പെടുത്തിയത് പാപ്പായാണ്.

ഫെലിക്‌സ് മൂന്നാമന്റെ അപകടകരമായ ഇരുശക്തി സിദ്ധാന്തം വളരെ ശക്തിയോടെ ജെലാസിയൂസ് പാപ്പാ എതിര്‍ത്തു. രാഷ്ട്രീയാധികാരത്തേക്കാള്‍ വളരെയേറെ ഉന്നതമാണ് സഭയിലെ ആത്മീയാധികാരമെന്നു പാപ്പാ പഠിപ്പിച്ചു. “ഈ ലോകത്തെ ഭരണസംവിധാനത്തിന് പ്രധാനമായി രണ്ടു ശക്തികളുണ്ട്. ഒന്ന്, രാജാക്കന്മാരുടെ രാഷ്ട്രീയാധികാരം. ഇതിനേക്കാള്‍ വളരെ ഉന്നതവും ഗൗരവതരവും പവിത്രവുമായ മറ്റൊന്നാണ് പുരോഹിതരുടെ ആത്മീയാധികാരം. ദൈവത്തിന്റെ നീതിപീഠത്തിനു മുമ്പില്‍ രാജാക്കന്മാരെക്കുറിച്ചു പോലും കണക്കു ബോധിപ്പിക്കുവാന്‍ അവര്‍ക്ക് കടമയുണ്ട്” – പാപ്പാ ചക്രവര്‍ത്തിക്ക് എഴുതി.

ചക്രവര്‍ത്തിയുടെ അധികാരപരിധി നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അധികാരവും പാപ്പായ്ക്കു കൈവന്നു. ഫ്യൂഡലിസത്തിന്റെ ആരംഭമായിരുന്നു അത്. യൂറോപ്പില്‍ പണിതുയര്‍ത്തപ്പെട്ട ഗംഭീര ദൈവാലയങ്ങള്‍ ഇതിന്റെ നാന്ദി കുറിച്ചു. മുഖവാരത്തിന്റെ ഏറ്റവും ഉയര്‍ന്ന അഗ്രത്ത് കുരിശും മറ്റുള്ളവയെല്ലാം അതിനു താഴെയുമായി നിര്‍മ്മിക്കപ്പെട്ടു. സഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും അതു നിയന്ത്രിച്ച് ചെലവു ചെയ്യാനും പാപ്പാ ശ്രദ്ധിച്ചു. സഭാസമ്പത്തിന്റെ സിംഹഭാഗവും ആതുരാലയങ്ങള്‍ നിര്‍മ്മിക്കാനും അനാഥരേയും പാവെപ്പട്ടവരേയും സംരക്ഷിക്കുവാനുമായി അദ്ദേഹം വിനിയോഗിച്ചു.

പാപ്പായുടെ സന്തതസഹചാരികളും ഉപദേഷ്ടാക്കളും സന്യാസികളായിരുന്നു. സന്യാസജീവിതമാണ് പാപ്പാ നയിച്ചിരുന്നത്. വൈദികമണ്ഡലത്തില്‍ ദൃശ്യമായിരുന്ന ദുര്‍നടപടികള്‍ക്കെതിരെ പാപ്പാ കര്‍ശന നടപടികള്‍ സ്വീകരിച്ചു. കാനോന്‍ നിയമസംഹിതയെ ശക്തിെപ്പടുത്തി നടപ്പിലാക്കി. മാര്‍പാപ്പാമാരുടെ പ്രഥമസ്ഥാനവും ഇതര പാത്രിയാര്‍ക്കി സിംഹാസനങ്ങളും തമ്മിലുള്ള നൈയാമികബന്ധം അദ്ദേഹം കൃത്യതയോടെ വ്യക്തമാക്കി. സാര്‍വ്വത്രിക സൂനഹദോസുകളുടേയും സഭാപിതാക്കന്മാരുടെയും അധികാരങ്ങള്‍ അദ്ദേഹം കൃത്യമായി നിര്‍വ്വചിച്ചു. ജെലാസിയൂസ് പാപ്പാ 496 സെപ്റ്റംബര്‍ 21-ന് നിത്യസമ്മാനത്തിനായി വിളിക്കെപ്പട്ടു.

വിചിന്തനം: പാപത്തെക്കുറിച്ചുള്ള വിനീതമായ അനുതാപം കര്‍ത്താവേ, അങ്ങേയ്ക്കു പ്രിയങ്കരമാകുന്ന ബലിയാകുന്നു.

ഇതരവിശുദ്ധര്‍: ലുവെയിനിലെ ആല്‍ബര്‍ട്ട് (1166-1192) ലിജൂയിലെ മെത്രാന്‍/ അമെല്‍ബെര്‍ഗാ (+900) മഠാധിപ/ ഹിലാരി (+1045)/ റൂഫൂസ് (ഒന്നാം നൂറ്റാണ്ട്)/ ലിബെറാലിസ് (+940)/അമെല്‍ ബെര്‍ഗ്ഗാ (+900)/ഹൊണോരിയൂസ് (+300)/സ്‌പെയിനിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.