നവംബര്‍ 19: വി. റാഫേല്‍ കലിനോസ്‌കി

റാഫേല്‍ കലിനോസ്‌കി 1835 സെപ്റ്റംബര്‍ ഒന്നാം തീയതി ലിത്വാനിയുടെ തലസ്ഥാനമായ വില്‍നയില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി അദ്ദേഹം 1852 -ല്‍ സെന്റ് പീറ്റേഴ്‌സ് മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്നു. ഇക്കാലത്ത് മറ്റുള്ളവരെ സഹായിക്കുന്നതിനും സാധുക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1862 -ല്‍ പട്ടാളത്തിലെ ക്യാപ്റ്റനായി അദ്ദേഹം നിയമിക്കെപ്പട്ടു. 1864 -ല്‍ പോളണ്ടിലെ രാജ്യരക്ഷാ മന്ത്രിപദം അവിടുത്തെ വിപ്ലവ ഗവണ്‍മെന്റ് അദ്ദേഹത്തിനു നല്‍കി.

പക്ഷേ, അധികം താമസിയാതെ റഷ്യന്‍ ഗവണ്‍മെന്റ് അദ്ദേഹത്തെ അറസ്റ്റ്  ചെയ്യുകയും വിപ്ലവത്തിന് കൂട്ടുനിന്നു എന്നതിന്റെ പേരില്‍ വധശിക്ഷക്കു വിധിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ കുലീനമായ കുടുംബപശ്ചാത്തലവും വീട്ടുകാരുടെ അപേക്ഷയും കണക്കിലെടുത്ത് വധശിക്ഷ ഇളവു ചെയ്ത് പത്തു വര്‍ഷത്തെ നിര്‍ബന്ധിതവേലക്കായി സൈബീരിയയിലേക്ക് അയച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവന്ന അദ്ദേഹം അവിടെ തന്നാലാകുന്ന സഹായങ്ങള്‍ സഹതടവുകാര്‍ക്ക് ചെയ്തുകൊടുത്തു കൊണ്ടും അവരില്‍ ക്രിസ്തീയവിശ്വാസം വളര്‍ത്താന്‍ സഹായിച്ചുകൊണ്ടും ഒരു വിശുദ്ധനെപ്പോലെ ജീവിച്ചു.

പത്തു വര്‍ഷത്തെ വിപ്രവാസത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം വാര്‍സോവില്‍ താമസമാക്കി. ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരു രാജകുടുംബാംഗമായ അഗസ്റ്റസീന്റെ ട്യൂട്ടറായി വിശുദ്ധന്‍ നിയമിക്കപ്പെട്ടു. ഈ കുടുംബവുമായുള്ള ബന്ധമാണ് അദ്ദേഹത്തെ കര്‍മ്മലീത്താ സഭയിലെത്തിച്ചത്. 1877 -ല്‍ അദ്ദേഹം ആസ്ത്രിയായിലെ ഗ്രാസ് എന്ന സ്ഥലത്തെ കര്‍മ്മലീത്താ ആശ്രമത്തില്‍ ചേര്‍ന്നു. 1882 ജനുവരി 15 -ന് പോളണ്ടിലെ വേര്‍ണ എന്ന സ്ഥലത്തു വച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. അടുത്ത വര്‍ഷം തന്നെ വിശുദ്ധന്‍ അവിടെയുള്ള ആശ്രമത്തിന്റെ സുപ്പീരിയറായി നിയമിക്കപ്പെട്ടു.

സഭയുടെ വളര്‍ച്ചക്കു വേണ്ടി വിശ്രമമില്ലാതെ പരിശ്രമിക്കുന്ന തീക്ഷ്ണമതിയായ ഒരു പ്രേഷിതനെയാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ വിശുദ്ധനില്‍ നാം കാണുന്നത്. ഈ കാലഘട്ടങ്ങളില്‍ വിശുദ്ധന്‍ ധാരാളം ആശ്രമങ്ങള്‍ സ്ഥാപിച്ചു. അതുവഴി അനേകം പേരെ സന്യാസജീവിതത്തിലേക്ക് ആകര്‍ഷിക്കാനായി. അനേകം ശതകങ്ങളായി താറുമാറായി കിടന്നിരുന്ന പോളണ്ടിലെ സന്യാസജീവിതത്തെ നവീകരിക്കുന്നതിനായി അദ്ദേഹം അവിടെയുണ്ടായിരുന്ന കര്‍മ്മലീത്താ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ സന്യാസജീവിതത്തെ നവചൈതന്യം കൊണ്ട് നവീകരിക്കുകയും ചെയ്തു. 1907 നവംബര്‍ 15 -ന് വാസോവിച്ചില്‍ വച്ചാണ് അദ്ദേഹം ചരമമടഞ്ഞത്.

വിചിന്തനം: അളവില്ലാതെ സ്‌നേഹിക്കുക എന്ന ഒറ്റ അളവേ സ്‌നേഹത്തിനുള്ളൂ – വി. അഗസ്റ്റിന്‍.

ഇതരവിശുദ്ധര്‍ : മെക്ടില്‍ഡ് (1241-1298)/ ആട്ടോ(+1010) ബനഡിക്‌റ്റൈന്‍ ആബട്ട്/ ക്രിസ്പിന്‍ (നാലാം നൂറ്റാണ്ട്)എസിജായിലെ മെത്രാന്‍/ ബാര്‍ലാം(+304) രക്തസാക്ഷി/ അസാസും കൂട്ടരും (+304) രക്തസാക്ഷികള്‍/ ഫൗസ്റ്റസ് (നാലാം നൂറ്റാണ്ട്)/ എര്‍മെന്‍സര്‍ഗാ(+700)/ജെയിംസ് +(865)സന്യാസി/ മാക്‌സിമൂസ് (+255) റോമിലെ രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.