നവംബര്‍13: വി. സ്റ്റാനിസ്ലാവോസ് കോസ്‌കാ

ഈശോസഭാംഗമായിരുന്ന വി. സ്റ്റാനിസ്ലാവോസ് 1550-ല്‍ പോളണ്ടിലാണ് ജനിച്ചത്. പോളണ്ടിലെ അതികുലീനമായ കോസ്‌കോ എന്ന പ്രഭുകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. സ്റ്റാനിസ്ലാവോസില്‍, ബാല്യം മുതല്‍ക്കേ അതിസാധാരണമായ ദൈവഭക്തി പ്രകടമായിരുന്നു. ക്രിസ്തീയതയ്ക്കു വിരുദ്ധമായ സംഭാഷണങ്ങള്‍ ആരെങ്കിലും നടത്തുന്നത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ദൈവജനനിയോട് പ്രത്യേകഭക്തി പ്രദര്‍ശിപ്പിച്ചിരുന്ന സ്റ്റാനിസ്ലോവാസിനെ അദ്ദേഹത്തിന്റെ പതിനാലാമത്തെ വയസില്‍ സഹോദരന്‍ പോളിനോടും ഒരു അദ്ധ്യാപകനോടുമൊപ്പം പഠനത്തിനായി വിയന്നായിലേയ്ക്കയച്ചു. ആദ്യം അവര്‍ ഈശോസഭക്കാരുടെ മന്ദിരത്തിലാണ് വസിച്ചിരുന്നത്. പിന്നീട് അവിടുത്തെ സൗകര്യങ്ങള്‍ പരിമിതമെന്നു പറഞ്ഞ് പോള്‍ അവരുമൊത്ത് സമീപത്തുണ്ടായിരുന്ന ഒരു ലൂഥര്‍ കുടുംബത്തിലേയ്ക്ക് താമസം മാറ്റി. ഈ മാറ്റം വിശുദ്ധനെ ഒത്തിരിയേറെ സങ്കടെപ്പടുത്തി.

അഹങ്കാരിയും ആഡംബരങ്ങളില്‍ തല്‍പരനുമായിരുന്ന പോള്‍, ഭക്തനും വിനീതനുമായ തന്റെ സഹോദരനെ പതിയെ വെറുത്തുതുടങ്ങി. വിശുദ്ധന്റെ ജീവിതനൈര്‍മ്മല്യം തന്നെ പഴിക്കുന്നതായി പോളിനു തോന്നി. അതിനാല്‍ തരംകിട്ടുമ്പോഴെല്ലാം പോള്‍ സ്റ്റാനിസ്ലാവോസിനെ പീഡിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം സമചിത്തതയോടെ ക്ഷമിക്കുകയാണു അദ്ദേഹം ചെയ്തത്. അതനുസരിച്ച് പീഡനവും വര്‍ദ്ധിച്ചു. ഇത്തരം മനഃക്ലേശങ്ങളാല്‍ അദ്ദേഹം രോഗബാധിതനായി. മരണത്തോളമെത്തിയ രോഗത്തില്‍ നിന്നും പരിശുദ്ധ കന്യാമറിയം വിശുദ്ധന് അത്ഭുതകരമായ സൗഖ്യം നല്‍കി. ഒപ്പം ഈശോസഭയില്‍ ചേരുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, വിശുദ്ധന്റെ ഈശോസഭാ പ്രവേശനത്തെ അദ്ദേഹത്തിന്റെ പിതാവ് ശക്തമായി എതിര്‍ത്തു. അതിനാല്‍ ഒരു ദിവസം പിതാവിന് ഒരു കത്തെഴുതി വച്ചതിനുശേഷം വിയന്നായിലുണ്ടായിരുന്ന ഒരു വൈദികന്റെ ഉപദേശാനുസരണം ഓഗ്‌സ്ബര്‍ഗിലേയ്ക്കു യാത്ര തിരിച്ചു. വിയന്നായില്‍ നിന്ന് ഏകദേശം 720 കി.മീ. ദൂരമുണ്ടായിരുന്നു ഓഗ്‌സ്ബര്‍ഗിലേയ്ക്ക്. ഇത്രയും ദൂരം നടന്ന് വിശുദ്ധന്‍ പീറ്റര്‍ കനീഷ്യസ് എന്ന വൈദികന്റെ അടുത്തെത്തി.

വിശുദ്ധന്റെ വിനയത്തിലും അനുസരണത്തിലും സംപ്രീതനായ ആ വൈദികന്‍ അദ്ദേഹത്തെ സന്തോഷപൂര്‍വം സ്വീകരിച്ചു. അതിനുശേഷം വിശുദ്ധനെ റോമിലേയ്ക്ക് അയച്ചു. 1280 കി.മീ. നടന്ന് വിശുദ്ധന്‍ റോമിലെത്തി. അവിടെയെത്തി മൂന്നു ദിവസത്തിനുശേഷം ഒരു സന്യാസാര്‍ത്ഥിയായി അധികാരികള്‍ സ്റ്റാനിസ്ലോവോസിനെ സ്വീകരിച്ചു. വിശുദ്ധന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും പ്രായശ്ചിത്തപ്രവൃത്തികളില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. എന്നാല്‍ പതിയെ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുടങ്ങി. വിശുദ്ധന്റെ ആഗ്രഹാനുസരണം 1568 ആഗസ്റ്റ് 15-ാം തീയതി മാതാവിന്റെ സ്വര്‍ഗാരോഹണത്തിരുനാളില്‍ വിശുദ്ധന്‍ സ്വര്‍ഗത്തിലേയ്ക്കു യാത്രയായി.

”ഉന്നതവംശത്തില്‍ ജനിച്ചതുകൊണ്ടു മാത്രം ഒരുവന്‍ കുലീനനാവുകയില്ല. പ്രവൃത്തികളാണ് കുലീനതയുടെ മാനദണ്ഡം. രക്ഷകനായ മിശിഹായുടെ രക്തം നമ്മുടെ ഞരമ്പുകളില്‍ക്കൂടി ഒഴുകുന്നുവെങ്കില്‍, അതില്‍ കൂടുതല്‍ എന്തു കുലീനത്വമാണ് ഈ ലോകത്തുള്ളത്” – സ്റ്റാനിസ്ലോവോസ് കോസ്‌കോയുടെ വാക്കുകളാണിവ.

വിചിന്തനം: ഈശോയെ, അങ്ങ് എന്റെ രക്ഷയ്ക്കായി എന്തു വിലകൊടുത്തു എന്ന് ഞാനറിയുന്നു. അങ്ങയുടെ സഹനവും മരണവും വ്യര്‍ത്ഥമായിപ്പോകാന്‍ അനുവദിക്കരുതേ.

ഇതരവിശുദ്ധര്‍: ബ്രൈസ് (+444) ടൂഴ്‌സിലെ മെത്രാന്‍/ വി. അബ്ബോ (+950)/ കയില്ലില്‍ (7-ാം നൂറ്റാണ്ട്) ഫോണ്‍സിലെ മെത്രാന്‍/ ചില്ലിയെന്‍ (7-ാം നൂറ്റാണ്ട്)/ദലമാത്യൂസ് (+580) റോഡ്‌സിലെ മെത്രാന്‍/ മാക്‌സെലെന്‍ഡിസ് (+610) കൗഡ്രിയിലെ രക്തസാക്ഷിയായ കന്യക/ സിഡാക്കൂസ്(1400-1463)/ മിത്രിയൂസ്(+314)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.