മെയ് 06: വിശുദ്ധ ഡൊമിനിക് സാവിയോ

ഇറ്റലിയിലെ റീവാ എന്ന പ്രദേശത്ത് 1842 ഏപ്രില്‍ 2-ാം തീയതിയാണ് വി. ഡൊമിനിക് സാവിയോ ജനിച്ചത്. അവന്റെ മാതാപിതാക്കള്‍ സമ്പത്തികമായി ദരിദ്രരായിരുന്നു. പക്ഷേ, തങ്ങളുടെ മക്കള്‍ക്ക് പുണ്യം എന്ന വലിയ സമ്പാദ്യം കൈമാറാന്‍ അവര്‍ക്ക് സാധിച്ചു.

ഡൊമിനിക്, പ്രകൃത്യാ സുശീലനും ഭക്തനുമായിരുന്നു. ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു അവന്റെ ഓര്‍മ്മശക്തി. വെറും നാല് വയസുള്ളപ്പോള്‍ തന്നെ അനുദിനജപങ്ങളെല്ലാം അവന്‍ ഹൃദ്യസ്ഥമാക്കി. ഓരോ പ്രാര്‍ത്ഥനയും നിശ്ചിതസമയത്ത് ചൊല്ലുന്നതിനും മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നതിനും ഡൊമിനിക് പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. ഒരു ദിവസം ഒരു സന്ദര്‍ശകന്‍ പ്രാര്‍ത്ഥിക്കാതെ, ഡൊമിനിക്കിന്റെ കൂടെ ഭക്ഷണത്തിനിരുന്നു. എന്നാല്‍ ഈ കാര്യം അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാന്‍ മുതിരാതെ ദുഃഖത്തോടെ അവന്‍ എഴുന്നേറ്റുപോയി. “മൃഗങ്ങളെപ്പോലെ തിന്നുന്ന മനുഷ്യന്റെ കൂടെ ഭക്ഷണത്തിനിരിക്കാന്‍ എനിക്ക് കഴിയുകയില്ല” എന്നാണ് പിന്നീട് മാതാപിതാക്കന്മാരോടു അദ്ദേഹം പറഞ്ഞത്.

അഞ്ചു വയസുള്ളപ്പോള്‍ മുതല്‍ ഡൊമിനിക് പരിശുദ്ധ കുര്‍ബാനക്ക് സഹായിക്കാന്‍ തുടങ്ങി. ഏഴാമത്തെ വയസില്‍ ദിവ്യകാരുണ്യം സ്വീകരിച്ച ഡൊമിനിക്, അന്ന് ചില പ്രതിജ്ഞകള്‍ തന്റെ ആദ്ധ്യാത്മിക ഡയറിയില്‍ എഴുതിവച്ചു. ഈ പ്രതിജ്ഞകളാണ് അദ്ദേഹത്തെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലേക്കു നയിച്ചത്.

ദിവസവും ഏകദേശം 14 കിലോമീറ്ററുകളോളം നടന്നാണ് ഡൊമിനിക് സ്‌കൂളില്‍ പോയിരുന്നത്. ഒരു ദിവസം ഒരു മനുഷ്യന്‍ അവനോടു ചോദിച്ചു: “എന്റെ കുഞ്ഞേ, ഇങ്ങനെ തനിയെ നടക്കാന്‍ നിനക്ക് ഭയമില്ലേ?” “ഞാന്‍ തനിച്ചല്ലല്ലോ നടക്കുന്നത്, എന്റെ കാവല്‍മാലാഖ എന്റെ കൂടെയുണ്ട്” എന്നായിരുന്നു മറുപടി. സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്കു പോലും ഡൊമിനിക് സ്വയം ശിക്ഷയേറ്റിരുന്നു.

വൈദികനാകുക എന്ന ആഗ്രഹത്തോടെ ഡൊമിനിക്, വി. ഡോണ്‍ ബോസ്‌കോ നടത്തിയിരുന്ന ഓറട്ടറിയില്‍ ചേര്‍ന്നു. ഡൊമിനിക്കിന്റെ ജീവിതവിശുദ്ധി മനസിലാക്കിയ ബോസ്‌കോ, ഡൊമിനിക്കിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഉപദേശങ്ങള്‍ കേള്‍ക്കുന്നതിലും വേദപാഠ ക്ലാസുകളില്‍ പോകുന്നതിനും ഉത്സാഹിയായിരുന്ന ഡൊമിനിക് പുണ്യത്തില്‍ നിരന്തരം പുരോഗമിച്ചു. പഞ്ചേന്ദ്രിയങ്ങളെ പ്രത്യേകിച്ച്, കണ്ണുകളെ അദ്ദേഹം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ചിലപ്പോള്‍ ഡൊമിനിക് കൂട്ടുകാരോടു പറയും, “നിങ്ങളുടെ രണ്ടു കണ്ണുകള്‍ ജനാലകള്‍ പോലെയാകയാല്‍ അവയില്‍ക്കൂടി ഒരു പിശാചിനെയോ, ഒരു ദൈവദൂതനെയോ നിങ്ങള്‍ക്ക് ഇഷ്ടാനുസരണം അകത്തു പ്രവേശിപ്പിക്കാം.” ദൈവമാതാവിനോട് പ്രത്യേക ഭക്തിയുണ്ടായിരുന്ന ഡൊമിനിക്, മാതാവിന്റെ സ്തുതിക്കായി എല്ലാ ദിവസവും എന്തെങ്കിലും ആശാനിഗ്രഹം ചെയ്തിരുന്നു.

1857 മാര്‍ച്ച് 10-ാം തീയതി പതിനഞ്ചാമത്തെ വയസില്‍ ഡൊമിനിക് സ്വര്‍ഗ്ഗീയനാഥന്റെ അടുത്തേക്കു യാത്രയായി.

വിചിന്തനം: ”ഈശോ നിന്റെ കൂടെയുണ്ടെങ്കില്‍, യാതൊരു ശത്രുവും നിന്നെ ദ്രോഹിക്കുകയില്ല. ഈശോയെ കണ്ടെത്തുന്നവന്‍ ഒരു മഹാനിക്ഷേപം കണ്ടെത്തുന്നു. അതില്‍ സകല നന്മകളിലുമുപരിയായ നന്മ കണ്ടെത്തുന്നു.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.