മെയ് 04: വിശുദ്ധ ഫ്‌ളോറിയാന്‍

ഇപ്പോള്‍ ഓസ്ട്രിയായുടെയും പണ്ട് റോമിന്റെയും ഭാഗമായിരുന്ന നോറിക്കുമിലെ ഉന്നതനായ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു ഫ്‌ളോറിയാന്‍. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ക്രൂരമായ മതമര്‍ദ്ദനം നടന്നിരുന്ന കാലം. ഗവര്‍ണ്ണറായിരുന്ന അക്വീല്ലാസ് ലോര്‍ച്ചിലെ ക്രിസ്ത്യാനികളെ മതമര്‍ദ്ദനത്തിന് വിധേയരാക്കുന്നതിന് ഉത്തരവിട്ടു. പടയാളികള്‍ എത്തിയപ്പോള്‍ ഫ്‌ളോറിയാന്‍ ധൈര്യപൂര്‍വ്വം ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞു.

ഉടന്‍ തന്നെ അദ്ദേഹം ഗവര്‍ണ്ണറുടെ പക്കലേയ്ക്ക് ആനയിക്കപ്പെട്ടു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കുന്നതിനായി പല പ്രലോഭനങ്ങളും അധികാരി ഫ്‌ളോറിയാനു വാഗ്ദാനം ചെയ്തു. എന്നാല്‍, അദ്ദേഹം സധൈര്യം വീണ്ടും തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഇതില്‍ കുപിതനായ അധികാരി അദ്ദേഹത്തെ ഭീകരമായ പീഡനങ്ങള്‍ക്കു വിധേയനാക്കി. തുടര്‍ന്ന് തിളച്ച എണ്ണയിലേയ്ക്കിട്ടു. എന്നാല്‍, വിശുദ്ധന്റെ ശരീരത്തിന് യാതൊന്നും സംഭവിച്ചില്ല. അതിനാല്‍ അദ്ദേഹത്തെ കത്തിയെരിയുന്ന തീയിലെറിയാന്‍ അധികാരി ഉത്തരവിട്ടു. പക്ഷേ, തീജ്വാലകള്‍ക്ക് അദ്ദേഹത്തിന്റെ ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍തിരിക്കാന്‍ സാധിച്ചില്ല. അവസാനം ഫ്‌ളോറിയാനെ കഴുത്തില്‍ കല്ലുകെട്ടി എന്‍സ് നദിയില്‍ താഴ്ത്തി. ഭക്തയായ ഒരു സ്ത്രീ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും സംസ്‌കരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ലിന്‍സിലെ അഗസ്റ്റീനിയന്‍ ആശ്രമത്തിലേയ്ക്ക് മാറ്റപ്പെട്ടു.

അഗ്നിശമന സേനയുടെ മദ്ധ്യസ്ഥനായി ഫ്‌ളോറിയാന്‍ അറിയപ്പെടുന്നു. അഗ്നിയില്‍ നിന്നും ജലത്തില്‍ നിന്നുമുള്ള സംരക്ഷണത്തിനായി ഫ്‌ളോറിയാന്റെ മദ്ധ്യസ്ഥ്യം വിശ്വാസികള്‍ തേടാറുണ്ട്.

വിചിന്തനം: ”പാപത്തെക്കാള്‍ നല്ലത് മരണം” – വി. ഡൊമിനിക് സാവിയോ.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.