മെയ് 31: വിശുദ്ധ ആഞ്ചെലാ ദെ മെരീച്ചി

‘ഉര്‍സൂളായുടെ സ്ഥാപനം’ എന്ന സഭ സ്ഥാപിച്ച വി. ആഞ്ചെലാ, ഇറ്റലിയിലെ ‘ഡസന്‍സാനോ’ എന്ന സ്ഥലത്ത് 1474-ല്‍ ജനിച്ചു. മാതൃകാപരമായ കത്തോലിക്കാ ജീവിതം വഴി ആ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭക്തിയിലും അനുസരണത്തിലും വളര്‍ത്തി. വനവാസികളായ സന്യാസികളെപ്പറ്റിയും ഏകാന്തജീവിതം നയിച്ചിരുന്ന വിശുദ്ധരെപ്പറ്റിയും മാതാപിതാക്കള്‍ പറഞ്ഞുകൊടുത്ത കഥകള്‍ അവളുടെ ഹൃദയത്തില്‍ ഗാഢമായി പതിഞ്ഞിരുന്നു. ഇത് വിശുദ്ധരുടെ ജീവിതത്തെ അനുകരിക്കാനുള്ള വലിയ ആഗ്രഹം അവളിൽ ഉളവാക്കി. ആഞ്ചെലായും സഹോദരിയും അതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു.

വിശുദ്ധക്ക് പത്തു വയസു മാത്രം പ്രായമുള്ളപ്പോള്‍ അവളുടെ പിതാവ് മരണമടഞ്ഞു; അധികം താമസിയാതെ മാതാവും. പിന്നീട് അവര്‍, ഭക്തനും ധനികനുമായ അവരുടെ മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് ജീവിച്ചത്. ആഞ്ചെലായുടെ ബാല്യകാലം അവസാനിക്കുന്നതിനു മുമ്പു തന്നെ അവളുടെ പ്രിയ സഹോദരി പെട്ടെന്ന് നിര്യാതയായി.

പതിമൂന്നാമത്തെ വയസില്‍ ആഞ്ചെലാ ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അതിനു ശേഷം കഠിനമായ തപസും പ്രായശ്ചിത്തവും അനുഷ്ഠിക്കാന്‍ തുടങ്ങി. അവള്‍, തനിക്ക് സ്വന്തമായുണ്ടായിരുന്നതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്കിയതിനു ശേഷം വിശുദ്ധ ദാരിദ്രവ്രതം സ്വീകരിച്ചു. ആഞ്ചെലായുടെ 22-ാം വയസില്‍ അവളെ സ്‌നേഹപൂര്‍വ്വം സംരക്ഷിച്ചിരുന്ന അമ്മാവന്‍ ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ആഞ്ചെലാ സ്വഭവനത്തിലേക്ക് തിരിച്ചുവന്നു. അവിടെ താമസിച്ചുകൊണ്ട് പ്രേഷിതവേല നടത്താനായിരുന്നു അവളുടെ ആഗ്രഹം.

ആഞ്ചെലാക്ക് ലഭിച്ച ദര്‍ശനമനുസരിച്ച്, അവള്‍ തന്റെ സ്‌നേഹിതമാരോടൊപ്പം സമീപപ്രദേശങ്ങളിലെ ബാലികമാരെ വിളിച്ചുകൂട്ടി അവരെ മതതത്വങ്ങള്‍ അഭ്യസിപ്പിക്കാന്‍ ആരംഭിച്ചു. അവരുടെ ഉപദേശങ്ങള്‍ ശ്രവിക്കാന്‍ നിരവധി പേര്‍ അവരെ സമീപിച്ചിരുന്നു. ആഞ്ചെലായുടെ അസാധാരണമായ പുണ്യപൂര്‍ണ്ണതയുടെയും മാതൃയോഗ്യമായ പരസ്‌നേഹപ്രവൃത്തികളുടെയും പ്രശസ്തി വളരെപ്പേരെ അവരിലേക്ക് ആകര്‍ഷിച്ചു.

ഒരു ദിവ്യബലിയില്‍ ദൈവം കൊടുത്ത ദര്‍ശനമനുസരിച്ച് 1535-ല്‍ ആഞ്ചെലാ, തന്റെ സഭ സ്ഥാപിച്ചു. താന്‍ സ്ഥാപിച്ച സഭയുടെ പുരോഗതിയും വിജയവും കാണുന്നതിനു മുമ്പ്, 1540 ജനുവരി 27-ാം തീയതി ആഞ്ചെലാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ആഞ്ചെലായെ സംസ്‌കരിച്ച സ്ഥലത്ത് അത്ഭുതാവഹമായി ഒരു പ്രഭാപൂരം മൂന്ന് ദിവസത്തേക്ക് തുടര്‍ച്ചയായി കാണപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു.

വിചിന്തനം: ”സ്വന്തം ആഗ്രഹത്താല്‍ ഒരു സെറാഫാകുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ദൈവേഷ്ടത്താല്‍ ഭൂമിയിലെ ഒരു നികൃഷ്ടജീവിയായിരിക്കുന്നതാണ്.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.