മെയ് 30: വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക്

ഫ്രാന്‍സിലെ ഡോംറെമി എന്ന സ്ഥലത്ത് 1412-ലാണ് വി. ജൊവാന്‍ ഓഫ് ആര്‍ക്ക് ജനിച്ചത്. പൂജാരാജാക്കന്മാരുടെ തിരുനാളില്‍ ജനിച്ച ജൊവാന്, വേണ്ട വിദ്യാഭ്യാസം നല്കുവാന്‍ അവളുടെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നില്ലെങ്കിലും ഉത്തമ ക്രൈസ്തവ വിശ്വാസത്തില്‍ അവളെ വളര്‍ത്തുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ജൊവാന്‍ ബാലികയായിരിക്കുമ്പോള്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ ഗൗരവവും അതിസാധാരണമായ പ്രാര്‍ത്ഥനാ തത്പരതയും പ്രദര്‍ശിപ്പിച്ചിരുന്നു. ദരിദ്രരോടും പാപികളോടും അതിയായ അനുകമ്പയും സ്‌നേഹവും പ്രദര്‍ശിപ്പിച്ചിരുന്ന ജൊവാന്‍ തന്നാലാവുന്ന എന്തു സഹായവും അവര്‍ക്കു വേണ്ടി ചെയ്യുവാന്‍ സദാ സന്നദ്ധയായിരുന്നു. അവളുടെ സമപ്രായക്കാരായ മറ്റു പെണ്‍കുട്ടികള്‍ നൃത്തത്തിലും കളികളിലും വ്യാപൃതയായിരിക്കുമ്പോള്‍ ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിലാണ് ജൊവാന്‍ ആനന്ദം കണ്ടെത്തിയിരുന്നത്.

ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ അതിഭീകരമായ യുദ്ധം നടന്നുകൊണ്ടിരുന്ന അവസരമായിരുന്നു അത്. രാജാവിന്റെ കെടുകാര്യസ്ഥതയും സൈന്യത്തിന്റെ പരിശീലനക്കുറവുമെല്ലാം ഒത്തുകൂടിയപ്പോള്‍ ഫ്രഞ്ച് സൈന്യം യുദ്ധത്തില്‍ പരാജയപ്പെടുമെന്ന സ്ഥിതിയായി. ഈ ദുര്‍ഘടസ്ഥിതിയില്‍ നിന്ന് ഫ്രാന്‍സിനെ രക്ഷിക്കുന്നതിനായി ജൊവാനെ ഒരു ഉപകരണമായി തിരഞ്ഞെടുക്കുവാന്‍ തിരുമനസായ ദൈവം, ഈ കാര്യം ചില സന്ദേശങ്ങള്‍ വഴി അവളെ അറിയിച്ചുകൊണ്ടിരുന്നു.

എന്നാല്‍ തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ അപ്രാപ്യയായിരുന്ന അവള്‍, ഇതാരോടും പറയാന്‍ ധൈര്യപ്പെട്ടില്ല. മൂന്ന്-നാല് കൊല്ലങ്ങള്‍ കഴിഞ്ഞതിനുശേഷം മാത്രമാണ് സ്വരാജ്യ സംരക്ഷണത്തിനുവേണ്ടി പോരാടുവാന്‍ താന്‍ ദൈവത്താല്‍ നിയുക്തയായിരിക്കുന്നുവെന്ന് ജൊവാന്‍ മനസിലാക്കിയത്. ഉടന്‍തന്നെ ജൊവാന്‍ വോക്കുലേഴ്‌സില്‍ താമസിച്ചിരുന്ന സര്‍വ്വ സൈന്യാധിപന്റെ അടുത്തെത്തി. തന്റെ ആഗമനോദ്യേശം അറിയിച്ച ജൊവാനെ അദ്ദേഹം പരിഹസിച്ച് തിരിച്ചയയ്ക്കുകയാണുണ്ടായത്. അധികം താമസിയാതെ ഇക്കാര്യങ്ങളെല്ലാം അവളുടെ ഗ്രാമത്തില്‍ പാട്ടായി. അതോടെ ജൊവാന് മനോരോഗമാണെന്ന് നാട്ടുകാര്‍ വിധിച്ചു. എന്നാല്‍ ഇതൊന്നും അവളെ തെല്ലും നഷ്ടധൈര്യയാക്കിയില്ല.

വീണ്ടും ഒരിക്കല്‍ക്കൂടി സൈന്യാധിപന്റെ അടുത്തെത്തിയ ജൊവാന്‍, രാജകുമാരന് പിണഞ്ഞ ആപത്തിനെപ്പറ്റി അദ്ദേഹത്തെ അറിയിക്കുകയും തന്നെ ഇനിയും കൊട്ടാരത്തിലേയ്ക്കയയ്ക്കാന്‍ താമസം വരുത്തിയാല്‍ കൂടുതല്‍ വിപത്തുകള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കുകയും ചെയ്തു. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ ജൊവാന്‍ അറിയിച്ച കാര്യങ്ങള്‍ സത്യമായിരുന്നെന്ന് മനസിലാക്കിയ സൈന്യാധിപന്‍, അവളെ ഉടന്‍തന്നെ കൊട്ടാരത്തിലേയ്ക്കയച്ചു.

ജൊവാന്റെ സജീവമായ വിശ്വാസത്തിലും സത്യസന്ധതയിലും മറുപടിയിലും സംപ്രീതനായ രാജാവ്, ദൈവം ജൊവാന് നല്കിയിട്ടുള്ള നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്കി. ഒട്ടും താമസിക്കാതെ ഇംഗ്ലീഷുകാര്‍ക്കെതിരായി പോര്‍ക്കളത്തിലിറങ്ങുവാന്‍ ജൊവാന്‍ ചിനോണിലേക്കു മടങ്ങി.

സൈന്യത്തെ ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കണമെന്ന ജൊവാന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെ 1429 ഏപ്രില്‍ 22-ാം തീയതി ‘ഈശോ മറിയം’ എന്ന് മുദ്രണം ചെയ്യപ്പെട്ട ഒരു പതാകയുമായി അവള്‍ യുദ്ധം ആരംഭിച്ചു. ധീരപോരാട്ടങ്ങള്‍ നടത്തി ജൊവാന്‍ വന്‍വിജയങ്ങള്‍ കരസ്ഥമാക്കി. അങ്ങനെ ജൊവാനെ ദൈവം നേരത്തെ അറിയിച്ചിരുന്നതുപോലെ ആ വര്‍ഷം ജൂലൈ മാസത്തില്‍ രാജകുമാരന്റെ കിരീടധാരണം നിര്‍വ്വഹിക്കപ്പെട്ടു.

എന്നാല്‍, യുദ്ധം തുടര്‍ന്നുകൊണ്ടു പോകുന്നതില്‍ രാജാവും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും കാട്ടിയ ഉദാസീനത നിമിത്തം ജൊവാന്‍ ശത്രുകരങ്ങളിലകപ്പെട്ടു. ദിവ്യസന്ദേശങ്ങള്‍ വഴി ഇക്കാര്യം ജൊവാന്‍ നേരത്തെ തന്നെ ഗ്രഹിച്ചിരുന്നതാണ്. തങ്ങളുടെ പരാജയത്തിന് കാരണക്കാരിയായ ജൊവാന്‍ ജീവിച്ചിരിക്കുന്നത് തങ്ങള്‍ക്ക് അപകടമാണെന്ന് മനസിലാക്കിയ ശത്രുസൈന്യം അവളില്‍ മതദ്രോഹ കുറ്റങ്ങളാരോപിച്ച് 1431 മെയ് 30-ാം തീയതി ജീവനോടെ ദഹിപ്പിച്ചു.

ജൊവാനെക്കുറിച്ച് നടത്തിയ വിസ്താരവും വിധിയും 1451-ല്‍ അഞ്ചാം നിക്കോളാസ് മാര്‍പാപ്പായുടെ ആജ്ഞയനുസരിച്ച് പുനര്‍വിചാരണയ്ക്ക് എടുക്കപ്പെട്ടു. അതുവഴി ജൊവാന്റെ ജീവിതവിശുദ്ധിയും നിഷ്‌കളങ്കതയും തെളിയിക്കുകയുണ്ടായി. 1925 മെയ് മാസത്തില്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പ, ജൊവാനെ വിശുദ്ധയായി നാമകരണം ചെയ്തു.

വിചിന്തനം: ”യഥാര്‍ത്ഥത്തില്‍ അങ്ങ് എന്റെ കര്‍ത്താവും ഞാന്‍ അങ്ങയുടെ പാവപ്പെട്ട ഭൃത്യനുമാകുന്നു. ഞാന്‍ സകല കഴിവുകളോടും കൂടി അങ്ങയെ ശുശ്രൂഷിക്കുവാന്‍ കടപ്പെട്ടവനുമാകുന്നു. അങ്ങയെ സ്തുതിക്കുന്നതില്‍ ഒരിക്കലും മടുപ്പ് തോന്നാതിരിക്കേണ്ടവനുമാകുന്നു.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.