മെയ് 29: ട്രിയേഴ്‌സിലെ വിശുദ്ധ മാക്‌സിമിനൂസ്

അത്ഭുതപ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്ന വിശുദ്ധനാണ് മാക്‌സിമിനൂസ്. അദ്ദേഹം മൂന്നാം നൂറ്റാണ്ടില്‍ പോയിറ്റിയേഴ്‌സിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയശേഷം മാക്‌സിമിനൂസ് ജര്‍മ്മനിയിലെ ട്രിയേഴ്‌സിലേക്കു പോയി. അവിടുത്തെ മെത്രാനായിരുന്ന അഗ്രീഷിയസ്സിന്റെ ജീവിത വിശുദ്ധിയില്‍ ആകൃഷ്ടനായാണ് അദ്ദേഹം അങ്ങോട്ടുപോയത്.

ട്രിയേഴ്‌സിലെത്തിയ മാക്‌സിമിനൂസ് ഒരു വൈദികനു വേണ്ട പഠനം പൂര്‍ത്തിയാക്കുകയും പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു. അഗ്രീഷ്യാസിന്റെ മരണശേഷം അടുത്തമെത്രാനായി 332-ല്‍ മാക്‌സിമിന്യൂസ് നിയമിതനായി. മെത്രാന്‍സ്ഥാനം ഏറ്റെടുത്ത മാകസിമിനൂസ് തന്റെ അജഗണങ്ങളെ ദൈവവിശ്വാസത്തില്‍  അടിയുറപ്പിച്ചു നിറുത്തുവാന്‍ തീക്ഷ്ണമായി പരിശ്രമിച്ചു.

ഈ കാലഘട്ടത്തില്‍, ആര്യന്‍ പാഷണ്ഡത ശക്തിയാര്‍ജ്ജിച്ചിരുന്നതിനാല്‍, അതിനെ നേരിടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് വിശുദ്ധന്‍ രൂപം നല്കുകയും ക്രൈസ്തവര്‍ അബദ്ധപ്രബോധനങ്ങളില്‍ വീഴാതിരിക്കുവാന്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. അതിനാല്‍ ആര്യന്‍ പാഷണ്ഡരുടെ പ്രധാനശത്രുവായി മാക്‌സിമിനൂസ് പരിഗണിക്കപ്പെട്ടു.

336-ല്‍ നാടുകടത്തപ്പെട്ട വി. അത്തനേഷ്യസിന് അഭയം നല്കിയത് മാക്‌സിമിനൂസായിരുന്നു. രണ്ടു കൊല്ലത്തോളം അത്തനേഷ്യസ്, മാക്‌സിമിനൂസിനോടൊപ്പം താമസിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ്പായിരുന്ന പോള്‍, നാടുകടത്തപ്പെട്ടപ്പോഴും അദ്ദേഹത്തിന് അഭയം നല്കിയത് മാകസിമിനൂസായിരുന്നു. സത്യസഭയെ ധീരമായി നയിച്ച ഇദ്ദേഹം 347-ല്‍ നിര്യാതനായി.

വിചിന്തനം: ”സാക്ഷാല്‍ ഭാഗ്യവാനാകുവാന്‍ നീ ആഗ്രഹിക്കുന്നെങ്കില്‍, ദൈവമായിരിക്കണം നിന്റെ പരമവും അന്ത്യവുമായ ലക്ഷ്യം.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.