മെയ് 28: വിശുദ്ധ ജര്‍മ്മാനൂസ്

496-ല്‍ ഫ്രാന്‍സിലാണ് ജര്‍മ്മാനൂസ് ജനിച്ചത്. ചെറുപ്പം മുതലേ ദൈവവിശ്വാസത്തില്‍ വളര്‍ന്ന ജര്‍മ്മാനൂസ്, യഥാകാലം വൈദികപദം സ്വീകരിച്ചു. വൈകാതെ വി. സിംഫോറിയന്റെ ആശ്രമത്തിലെ ശ്രേഷ്ഠനായും അനന്തരം പാരീസ് മെത്രാനായും നിയമിതനായി.

ബാല്യം മുതല്‍ കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചുപോന്ന ജര്‍മ്മാനൂസ്, ജോലികള്‍ ഏറിയിട്ടും തന്റെ ജീവിതശൈലിയില്‍ യാതൊരു മാറ്റവും വരുത്തിയില്ല. വസ്ത്രധാരണത്തിലും ഭക്ഷണക്രമത്തിലും തികഞ്ഞ ലാളിത്യം പുലര്‍ത്തിയിരുന്നു. എല്ലാ ദിവസങ്ങളിലും തന്റെ വസതിയില്‍ വന്നെത്തിയിരുന്ന ഭിക്ഷുക്കള്‍ക്ക് തന്റെ മേശയില്‍ തന്നെ ഭക്ഷണം നല്കുകയായിരുന്നു പതിവ്.

ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ കൊണ്ടും ഉദാത്തമായ ജീവിതമാതൃക കൊണ്ടും ലൗകായതികനായ രാജാവ് ചില്‍ഡബര്‍ട്ട് ഉള്‍പ്പെട്ട അനേകം പാപികളെ ജര്‍മ്മാനൂസ് വിശ്വാസത്തിലേക്ക് ആനയിച്ചു. ചില്‍ഡബര്‍ട്ട്, രോഗം ബാധിച്ച് മരണാസന്നനായി കിടന്ന അവസരത്തില്‍ കൊട്ടാരത്തിലെത്തി രാജാവിന്റെ രോഗശാന്തിക്കു വേണ്ടി രാത്രിയില്‍ ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ചു. പ്രഭാതമായപ്പോള്‍ രാജാവിന്റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥന തുടര്‍ന്നു. അതോടു കൂടി രാജാവ് രോഗവിമുക്തനായി. നന്ദിസൂചകമായി അദ്ദേഹം പാരീസില്‍ ഒരു പള്ളിയും ആശ്രമവും പണിയിച്ചു.

സാധാരണ ജനങ്ങളുടെ ജീവിതക്ലേശങ്ങളെക്കുറിച്ച് ഒട്ടും ചിന്തയില്ലാതെ, രാജകൊട്ടാരങ്ങളിലും പ്രഭുവസതികളിലും കഴിഞ്ഞിരുന്ന സമ്പന്നവര്‍ഗ്ഗത്തെ ജര്‍മ്മാനൂസ് കര്‍ക്കശമായി താക്കീത് ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമൂലം ഉണ്ടായേക്കാവുന്ന അവരുടെ അപ്രീതിയോ, വിദ്വേഷമോ അദ്ദേഹം ഒട്ടും ഭയപ്പെട്ടിരുന്നില്ല. 576 മെയ് 28-ാം തീയതി എണ്‍പതാമത്തെ വയസില്‍ ജര്‍മ്മാനൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ”അനര്‍ത്ഥങ്ങളുടെ ഇടയിലാണ് ഓരോരുത്തര്‍ക്കും എത്രമാത്രം പുണ്യമുണ്ടെന്ന് തെളിയിക്കുന്നത്. പ്രസ്തുത സന്ദര്‍ഭങ്ങള്‍, മനുഷ്യനെ ബലഹീനനാക്കുകയല്ല; പ്രത്യുത അവന്‍ എങ്ങനെയുള്ളവനാണെന്ന് കാണിക്കുന്നു.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.