മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍

ഇംഗ്ലണ്ടിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന വി. അഗസ്റ്റിന്‍, ആറാം നൂറ്റാണ്ടില്‍ റോമില്‍ ജനിച്ചു. പ്രായപൂര്‍ത്തിയായതോടെ അഗസ്റ്റിന്‍, വി. ആന്‍ഡ്രൂവിന്റെ ആശ്രമത്തില്‍ ചേര്‍ന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ അദ്ദേഹം പ്രിയോരായി നിയമിതനായി.

ഇനിയും ക്രൈസ്തവമതത്തിന്റെ വേരുകള്‍ ശക്തിപ്പെടാതിരുന്ന ഇംഗ്ലണ്ടില്‍ സത്യവിശ്വാസം പ്രചരിപ്പിക്കാന്‍ അന്നത്തെ മാര്‍പാപ്പായായിരുന്ന ഗ്രിഗറി ഒന്നാമന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് അഗസ്റ്റിനെയും അദ്ദേഹത്തിനു കീഴിലുള്ള മുപ്പത് സന്യാസികളെയുമായിരുന്നു. പാപ്പാ ഏല്‍പിച്ച ദൗത്യം സന്തോഷപൂര്‍വ്വം ഏറ്റെടുത്ത അഗസ്റ്റിന്‍, സന്യാസികളോടൊപ്പം ഇംഗ്ലണ്ടിലേക്കു യാത്രയായി. എന്നാല്‍, തങ്ങള്‍ സുവിശേഷം പ്രഘോഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ക്രൂരരായ കാട്ടുജാതിക്കാരുടെ ഇടയിലേക്കാണെന്നു മനസ്സിലാക്കിയ അഗസ്റ്റിന്‍, തന്റെ ദൗത്യത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങി. ഈ വാര്‍ത്തയറിഞ്ഞ ഗ്രിഗറി പാപ്പാ, അഗസ്റ്റിനെയും അനുയായികളെയും ശക്തിപ്പെടുത്തിക്കൊണ്ട് ഒരു കത്തെഴുതി. അതില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഥെന്‍ബര്‍ട്ടിന്റെ ക്രൈസ്തവഭാര്യയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

ദൈവസംരക്ഷണയില്‍ ആശ്രയിച്ചുകൊണ്ട് അഗസ്റ്റിനും സന്യാസികളും ഇംഗ്ലണ്ടിലെത്തി. അവര്‍ ആരെയും ജ്ഞാനസ്‌നാനപ്പെടുത്താന്‍ ശ്രമിച്ചില്ല. മറിച്ച്, ഈശോയെ പ്രഘോഷിക്കുക മാത്രമാണ് ചെയ്തത്. അധികം താമസിയാതെ അവരുടെ പ്രയത്‌നങ്ങള്‍ ഫലം കണ്ടുതുടങ്ങി. ക്രിസ്തുമത വിശ്വാസത്തില്‍ ആകൃഷ്ടനായ എഥെല്‍ബര്‍ട്ട് രാജാവ് അഗസ്റ്റിനില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം പതിനായിരത്തോളം പ്രജകളും അന്ന് ക്രിസ്തുമതം സ്വീകരിച്ചു. അധികം വൈകാതെ ഇംഗ്ലണ്ടിലാകമാനം സത്യവിശ്വാസം പ്രചരിച്ചു.

ഇതിനിടയില്‍ അഗസ്റ്റിന്‍, ഇംഗ്ലണ്ടിലെ ആദ്യമെത്രാനായി അഭിഷിക്തനായി. അദ്ദേഹത്തോടൊപ്പം പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി കൂടുതല്‍ മിഷനറിമാര്‍ റോമില്‍ നിന്നുമെത്തി. എന്നാല്‍ ഇംഗ്ലണ്ടിലെ പൂര്‍വ്വക്രിസ്ത്യാനികളെയും പുതുതായി ക്രിസ്ത്യാനി ആയവരെയും രമ്യതപ്പെടുത്താനുള്ള അഗസ്റ്റിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. എട്ടു വര്‍ഷത്തെ തീക്ഷ്ണമായ പ്രേഷിതവൃത്തിക്കൊടുവില്‍ അഗസ്റ്റിന്‍ 605-ല്‍ സ്വര്‍ഗ്ഗീയനാഥന്റെ അടുക്കലേക്ക് യാത്രയായി.

വിചിന്തനം: ”ദൈവത്തെ പ്രസാദിപ്പിക്കാനുള്ള പരിശുദ്ധ നിയോഗം നമ്മുടെ സകല പ്രവൃത്തികളെയും നിയന്ത്രിച്ച് അവിടുത്തേക്ക് സര്‍വ്വമഹത്വം കൈവരട്ടെ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.