
അദ്ഭുപ്രവര്‍ത്തനങ്ങളിലൂടെ ജീവിതകാലത്തുതന്നെ വിസ്മയമായി മാറിയ വിശുദ്ധജീവിതമായിരുന്നു വി. ഫിലിപ്പ് നേരിയുടേത്. ഒരേസമയം രണ്ടിടത്ത് ആയിരിക്കുന്നതിനുള്ള ദിവ്യശക്തിയടക്കം ദൈവം അദ്ദേഹത്തിനു നൽകിയ സിദ്ധികള്‍ നിരവധിയായിരുന്നു. ഓററ്റോറിയന്‍ സന്യാസ സഭയുടെ സ്ഥാപകനാണ് ഫിലിപ്പ് നേരി.
ഇറ്റലിയിലെ ഫ്‌ളോറന്‍സിലുള്ള ഒരു ദരിദ്രകുടുംബത്തില്‍ 1515 ജൂലൈ 12 നാണ് ഫിലിപ്പ് ജനിച്ചത്. ഒരു അത്മായനായി തുടര്‍ന്നുകൊണ്ട് ഈശോയെ ശുശ്രൂഷിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ആത്മീയപിതാവിന്റെ ഉപദേശപ്രകാരം 1551 മെയ് 23 ന് പൗരോഹിത്യം സ്വീകരിച്ചു. തന്റെ ആത്മീയപിതാവും മറ്റു നിരവധി വൈദികരും ഫിലിപ്പിന്റെ സഹപ്രവര്‍ത്തകരായി. ഇടവക വൈദികരായിരുന്ന അവരെല്ലാം പ്രത്യേക വ്രതമൊന്നും എടുക്കാതെ പ്രാര്‍ഥനയ്ക്കും ദൈവവചന പ്രഘോഷണത്തിനുമായി സ്വയം സമര്‍പ്പിച്ചു. ഒറട്ടേറിയന്‍ സഭയുടെ തുടക്കമതാണ്. 1575 ല്‍ ഗ്രിഗറി 13-ാമന്‍ പാപ്പ ഈ സഭയ്ക്ക് അംഗീകാരം നൽകി.
വിശുദ്ധരായ ഇഗ്നേഷ്യസ് ലൊയോള, കാമില്ലസ് ഡി ലെല്ലിസ്, ചാള്‍സ് ബൊറെമിയോ, ഫ്രാന്‍സിസ് സാലസ് തുടങ്ങിയവരുടെയെല്ലാം സുഹൃത്തായിരുന്നു ഫിലിപ്പ്. വി. കാതറിന ദെയി റിച്ചിയുമായി അദ്ദേഹം നടത്തിയ അദ്ഭുതസംഭാഷണങ്ങള്‍ ശാസ്ത്രത്തിന് ഇന്നും വിസ്മയമാണ്. ഒരേ സമയം റോമിലും റിച്ചിയോടൊപ്പം പ്രാത്തോയിലും ആയിരിക്കാന്‍ ഫിലിപ്പിനു സാധിച്ചതിന് നിരവധി സാക്ഷികളുണ്ട്. സുവിശേഷപ്രസംഗം, രോഗീശുശ്രൂഷ, കുമ്പസാരം ഇതിനൊക്കെ വേണ്ടിയുള്ള തീക്ഷ്ണമായ യത്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ജീവിതകാലത്ത്, അദ്ദേഹം പ്രവചിച്ചിരുന്നതുപോലെതന്നെ 1595 മേയ് 26 ന് ഫിലിപ്പ് നേരി മരിച്ചു. മൂന്നുദിവസത്തെ അന്തിമോപചാരത്തിനു ശേഷമാണ് സംസ്‌കാരം നടന്നത്. സെമിത്തേരിക്കുപകരം ഒരു ചാപ്പലിലായിരുന്നു സംസ്‌കാരം. നാലുവര്‍ഷം കഴിഞ്ഞ് 1599 മാര്‍ച്ച് ഏഴിന് പെട്ടി തുറന്നപ്പോള്‍ മൃതദേഹം, അത് അടക്കം ചെയ്ത കാലത്തേതുപോലെതന്നെ ഇരിക്കുന്നതായി കണ്ടു. സംസ്‌കരിക്കുമ്പോള്‍ മൃതദേഹത്തില്‍ വീണ മണ്ണുമാത്രമാണ് അതില്‍ പറ്റിപ്പിടിച്ചിരുന്നത്. അക്കാലത്തെ മൂന്ന് പ്രശസ്ത ഡോക്ടര്‍മാര്‍ മൃതദേഹം പരിശോധിച്ച് അദ്ഭുതം രേഖപ്പെടുത്തി. തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പുതിയ പെട്ടിയിലാക്കി കര്‍ദിനാള്‍മാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ വീണ്ടും സംസ്‌കരിച്ചു.
വിചിന്തനം: ”പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ നാം നിരാശപ്പെടരുത്. എല്ലാ അനര്‍ഥങ്ങളിലും ദൈവസഹായമുണ്ടാകാന്‍ നാം തീക്ഷ്ണതയോടെ പ്രാർഥിക്കണം.”
ഫാ. ജെ. കൊച്ചുവീട്ടില്‍