
വേദപാരംഗതനായ വി. ബീഡ് 673 ല്‍ ജാറോവ് എന്ന പട്ടണത്തിനരികിലുള്ള ഒരു ചെറുഗ്രാമത്തില്‍ ജനിച്ചു. ഏഴാമത്തെ വയസ്സില്‍ ബീഡിനെ വിദ്യാഭ്യാസത്തിനായി വേര്‍മത്തിലെ വി. പത്രോസിന്റെ ആശ്രമത്തിലേക്കയച്ചു. കുറച്ചുനാളുകള്‍ക്കു ശേഷം ബീഡ്, വി. പൗലോസിന്റെ ആശ്രമത്തിലേക്ക് അയയ്ക്കപ്പെട്ടു. തന്റെ ജീവിതകാലം മുഴുവന്‍ ബീഡ് അവിടെയാണ് ചെലവഴിച്ചത്.
ഗ്രന്ഥരചനയും അധ്യാപകവൃത്തിയുമായിരുന്നു ബീഡിന്റെ പ്രധാന ജോലിയെങ്കിലും സഹസന്യാസികളോടൊപ്പം കൈവേലകള്‍ ചെയ്യാനും അദ്ദേഹം തൽപരനായിരുന്നു. ഓരോ ദിവസവും 600 വിദ്യാർഥികളെ അദ്ദേഹം പഠിപ്പിച്ചിരുന്നു. രാജാക്കന്മാര്‍, സഭാധ്യക്ഷന്മാര്‍ തുടങ്ങിയ പലരും അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നിട്ടുണ്ട്. അദ്ദേഹം നൽകിയിരുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും വിവേകപൂര്‍ണ്ണവും പരിപക്വവുമായിരുന്നു. അദ്ദേഹത്തിന്റെ വിശുദ്ധജീവിതത്തില്‍ സന്തുഷ്ടരായ അധികാരികള്‍ ബീഡിനെ ആശ്രമാധിപസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിനു തീരുമാനിച്ചെങ്കിലും ആ സ്ഥാനം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
എഡി 702 ല്‍ 29-ാമത്തെ വയസ്സില്‍ ബീഡ് വൈദികനായി അഭിഷിക്തനായി. എ ഡി 737 ലാണ് അഖിലലോക പ്രശസ്തമായ അദ്ദേഹത്തിന്റെ ‘ആംഗ്ലേയ സഭാചരിത്രം’ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. ദീര്‍ഘകാലം സാഹിത്യപരിശ്രമങ്ങളില്‍ വ്യാപൃതനായിരുന്ന ബീഡ് ഒരു സഹായിയെപ്പോലും നിയമിച്ചിരുന്നില്ല. “ഞാന്‍ തന്നെ എന്റെ സെക്രട്ടറി. ഞാന്‍ തന്നെ പറയുന്നു. ഞാന്‍ തന്നെ എഴുതുന്നു. ഞാന്‍ തന്നെ പകര്‍ത്തുന്നു” – ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി.
തത്വശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം, ഊര്‍ജശാസ്ത്രം, സംഗീതം മുതലായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഏകദേശം 40 മഹത്ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഒരു ക്രൈസ്തവഗ്രന്ഥകാരനില്‍ ഉണ്ടാകേണ്ട സകല ഗുണങ്ങളും നമുക്ക് അദ്ദേഹത്തില്‍ ദര്‍ശിക്കാനാവും. മരിക്കുന്നതിന് ഒരുദിവസം മുമ്പാണ് വി. യോഹന്നാന്റെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം പൂര്‍ത്തിയാക്കിയത്. എ ഡി 735 ല്‍ ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ’ എന്ന ഗീതം ആലപിച്ചുകൊണ്ട് അദ്ദേഹം സ്വര്‍ഗത്തിലേക്കു യാത്രയായി.
വിചിന്തനം: ”ക്രിസ്തുവിന്റെ സ്‌നേഹത്തിനപ്പുറം മറ്റൊന്ന് ആഗ്രഹിക്കാതിരിക്കുക” – ഫിലിപ്പ് നേരി.
ഫാ. ജെ. കൊച്ചുവീട്ടില്‍