
ഗോളിലെ ഒരു സമ്പന്നകുടുംബത്തില്‍ നാലാം നൂറ്റാണ്ടില്‍ വി. വിന്‍സെന്റ് ജനിച്ചു. ഇദ്ദേഹം വി. ലൂപ്പസിന്റെ സഹോദരനാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്ന വിന്‍സെന്റ് ഒരു പട്ടാള ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുകയായിരുന്നു. എന്നാല്‍ കുറേ നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ലൗകികജീവിതത്തിന്റെ അസ്ഥിരതയെപ്പറ്റി ചിന്തിച്ചുതുടങ്ങി. നീണ്ട ദിനങ്ങളിലെ പ്രാര്‍ഥനയ്ക്കും ചിന്തയ്ക്കുമൊടുവില്‍ അദ്ദേഹം ലൗകികജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
വിന്‍സെന്റിന്റെ പട്ടണത്തില്‍നിന്നും അകലെയുള്ള ഒരു ചെറുദ്വീപില്‍, ലെറിന്‍സിലെ ആശ്രമത്തില്‍ സന്യാസിയായി ചേര്‍ന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം പ്രാര്‍ഥനയും ഉപവാസവും മാത്രമായിരുന്നു. പാഷണ്ഡതകള്‍ വളരെയധികം ശക്തിപ്രാപിച്ച കാലമായിരുന്നു അത്. അനേകര്‍ പാഷണ്ഡകരുടെ വ്യാജപ്രബോധനങ്ങളില്‍ ആകൃഷ്ടരായി സത്യവിശ്വാസം ഉപേക്ഷിച്ചുകൊണ്ടിരുന്നു. ഇത് വിന്‍സെന്റിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
ഇക്കാലത്ത് അദ്ദേഹം പാഷണ്ഡതകള്‍ക്കെതിരെ പ്രശസ്തമായ ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. Commonitorium എന്നായിരുന്നു 434 ല്‍ രചിച്ച ഗ്രന്ഥത്തിന്റെ പേര്. പ്രശസ്തി ഇഷ്ടപ്പെടാതിരുന്ന വിന്‍സെന്റ്, അപരനാമത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. പാഷണ്ഡതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കത്തോലിക്കര്‍ക്ക് ശക്തമായ ഒരായുധമായിരുന്നു ഈ ഗ്രന്ഥം. കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന ഉറവിടം വിശുദ്ധ ഗ്രന്ഥമാണെന്നും അത് വ്യാഖ്യാനിക്കാനുള്ള അധികാരം സഭയിൽ മാത്രമായി നിക്ഷിപ്തമാണെന്നും അദ്ദേഹം തന്റെ ഗ്രന്ഥത്തിലൂടെ സ്ഥാപിച്ചു.
പുണ്യങ്ങളുടെ വിളനിലമായിരുന്ന വിന്‍സെന്റ്, എ ഡി 450 ല്‍ നിത്യസമ്മാനത്തിനായി ദിവ്യനാഥന്റെ അടുത്തേക്കു യാത്രയായി.
വിചിന്തനം: ”അങ്ങയുടെ ദൃഷ്ടിയില്‍ എന്റെ ആത്മാവ് വരണ്ട ഭൂമിപോലെ ആകാതിരിക്കാന്‍ അങ്ങയുടെ തിരുമുഖം എന്നില്‍നിന്നു മറക്കല്ലേ. അങ്ങ് ഇറങ്ങിവരാന്‍ താമസിക്കരുതേ. അങ്ങയുടെ ആശ്വാസം പിന്‍വലിക്കുകയുമരുതേ…”
ഫാ. ജെ. കൊച്ചുവീട്ടില്‍