മെയ് 23: വിശുദ്ധ ജൂലിയാനാ

ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ വധിക്കപ്പെട്ട കന്യകയാണ് വി. ജൂലിയാന. ഒരു കുലീന കുടുംബത്തില്‍ ജനിച്ച അവള്‍, 439-ല്‍ ജെന്‍സ്രിക്ക് നഗരത്തെ കര്‍ത്തോജ് കീഴടക്കിയപ്പോള്‍ ഒരു സിറിയന്‍ വ്യാപാരിക്ക് അടിമയായി വില്‍ക്കപ്പെട്ടു.

ജോലിയില്ലാതിരുന്ന സമയങ്ങളിലെല്ലാം അവള്‍ സന്തോഷത്തോടെ പ്രാര്‍ത്ഥനയിലും വിശുദ്ധ ഗ്രന്ഥ വായനയിലും മുഴുകിയിരുന്നു. ആഴ്ചയില്‍ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ജൂലിയാന ഉപവസിച്ചിരുന്നു. കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്ന ജൂലിയാനയോട് ഇത് അല്പം ലഘുപ്പെടുത്താന്‍ യജമാനന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.

ഒരിക്കല്‍ ഗോളിലേക്കുള്ള യാത്രയില്‍ യജമാനന്‍ ജൂലിയാനയെയും കൂടെ കൊണ്ടു പോയി. കോഴ്‌സിക്കയിലെത്തിയപ്പോള്‍ യജമാനന്‍ ഒരു ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയി; ഒപ്പം ജൂലിയാനയുമുണ്ടായിരുന്നു. അന്നത്തെ ദിവസം ഒരു കാളയെ ബലിയര്‍പ്പിച്ചിരുന്നതിനാല്‍ ജൂലിയാന അന്നത്തെ ഉത്സവത്തില്‍ പങ്കെടുത്തില്ല. ഇത് ശ്രദ്ധിച്ച ഗവര്‍ണര്‍, ആരാണ് ദേവന്മാരെ നിന്ദിക്കുന്നതെന്ന് അന്വേഷിച്ചു. ജൂലിയാന ഒരു ക്രിസ്തീയ വനിതയാണെന്നു മനസിലാക്കിയ ഗവര്‍ണര്‍, വ്യാപാരിയോട് ജൂലിയാനക്കു പകരമായി നാല് അടിമകളെ നല്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, ആരെ തന്നാലും അവളെ തരികയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, വ്യാപാരി കുടിച്ചു ബോധമില്ലാതിരുന്ന സമയത്ത് ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കാന്‍ ജൂലിയാനയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്താല്‍ അവളെ സ്വതന്ത്ര്യയാക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അപ്പോള്‍ ജൂലിയാന പ്രതിവചിച്ചു; ‘യേശുക്രിസ്തുവിനെ ആരാധിക്കാന്‍ സ്വാതന്ത്ര്യമുള്ളിടത്തോളം കാലം ഞാന്‍ അടിമയല്ല.’

ജൂലിയാനയുടെ മറുപടിയില്‍ സ്വയം നിന്ദിതനായി കരുതിയ ഗവര്‍ണര്‍, ജൂലിയാനയെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയയാക്കുകയും അവസാനം കുരിശില്‍ തറച്ച് വധിക്കുകയും ചെയ്തു.

വിചിന്തനം: ”ജീവിതക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിക്കുക, സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിപ്പടിയായി അവയെ മാറ്റുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.