മെയ് 22: വിശുദ്ധ റീത്താ

ഇറ്റലിയിലെ റോക്കോപ്പൊറേനാ എന്ന ഗ്രാമത്തില്‍ 1386-ലാണ് വി. റീത്താ ജനിച്ചത്. ദൈവഭക്തരായിരുന്ന അന്റോണിയുടെയും അമാത്താഫെറിയുടെയും നീണ്ട കാലത്തെ പ്രാര്‍ത്ഥനക്കും കാത്തിരുപ്പിനുമൊടുവില്‍ ദൈവം നല്കിയ ഏകപുത്രിയായിരുന്നു റീത്താ. അവള്‍ ജനിക്കുമ്പോള്‍ അമാത്താക്ക് ഏകദേശം അറുപതു വയസ് പ്രായമുണ്ടായിരുന്നു.

എളിയ ജീവിതം നയിച്ചിരുന്ന റീത്തായില്‍ ബാല്യം മുതല്‍ തന്നെ പരിശുദ്ധി പ്രശോഭിച്ചിരുന്നു. ലാളിത്യം, അടക്കം, അനുസരണം, ത്യാഗം, ശുദ്ധത എന്നീ പുണ്യങ്ങളുടെ വിളനിലമായിരുന്നു റീത്ത. ഏകാന്തമായ പ്രാര്‍ത്ഥന ഏറെ ഇഷ്ടപ്പെട്ടിരുന്ന റീത്താ, തന്നാല്‍ കഴിയുംവിധമെല്ലാം മാതാപിതാക്കളെ സഹായിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.

യുവതിയായ റീത്താ, അഗസ്തീനിയന്‍ സന്യാസ സഭയില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ഇതു കേട്ട ആ വൃദ്ധദമ്പതികള്‍ വളരെയധികം ദുഃഖിച്ചു. തങ്ങളുടെ പ്രായാധിക്യത്തെയും നിരാലംബതയെയും അവര്‍ അവളെ ഓര്‍മ്മിപ്പിച്ചു. തങ്ങളെ വിട്ടുപേക്ഷിച്ചു പോകരുതെന്ന മാതാപിതാക്കളുടെ അപേക്ഷക്കു മുന്നില്‍ അവസാനം റീത്താ വിധേയപ്പെട്ടു. പിന്നെ അധികം താമസിയാതെ തന്നെ മാതാപിതാക്കളുടെ ആഗ്രഹാനുസരണം ആ നാട്ടിലെ കുലീനനായ ഫെര്‍ഡിനാള്‍ഡിനെ റീത്താ ഭര്‍ത്താവായി സ്വീകരിച്ചു.

അവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. അസഹിഷ്ണുവും അഹങ്കാരിയും മദ്യപാനിയുമായിരുന്ന ഫെര്‍ഡിനാള്‍ഡ്, റീത്തായെ കഠിനമായി മര്‍ദ്ദിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ സമാധാനമെന്തെന്ന് അവള്‍ അറിഞ്ഞിട്ടില്ല. എന്നാല്‍, അവള്‍ എല്ലാം ക്ഷമയോടെ സഹിക്കുകയും തന്റെ ഭര്‍ത്താവിന്റെ മാനസാന്തരത്തിനായി കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവസാനം റീത്തായുടെ ഉപവാസവും പ്രാര്‍ത്ഥനയുമെല്ലാം ഫലം കണ്ടു. അദ്ദേഹം പുതിയൊരു മനുഷ്യനായി. അയാള്‍ തന്റെ ഭാര്യയെ സ്‌നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. അവര്‍ക്ക് ജോണ്‍, പോള്‍ എന്നിങ്ങനെ രണ്ട് പുത്രന്മാര്‍ ജനിച്ചു.

അവരുടെ സമാധാനപൂര്‍വ്വമായ ദാമ്പത്യജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. ഫെര്‍ഡിനാള്‍ഡിനെ ശത്രുക്കള്‍ ഒരു വനത്തില്‍ വച്ച് വധിച്ചു. ഇത് അവളെ ദുഃഖത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ആഴ്ത്തിയെങ്കിലും റീത്താ, ഭർത്താവിന്റെ ഘാതകരോട് പൂര്‍ണ്ണമായി ക്ഷമിച്ചു. എന്നാല്‍, മക്കള്‍ തങ്ങളുടെ പിതൃഘാതകരോട് പ്രതികാരം ചെയ്യാന്‍ തന്നെ നിശ്ചയിച്ചു. ഇത് അറിഞ്ഞ റീത്താ, തന്റെ മക്കള്‍ കൊലപാതകം ചെയ്ത് ആത്മാവിനെ മലിനപ്പെടുത്തുന്നതിനു മുമ്പ് അവരെ ഈ ലോകത്തു നിന്ന് തിരികെ വിളിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു. ആ വര്‍ഷം തന്നെ രണ്ടു മക്കളും സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി.

ലോകത്തിലെ ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ട അവള്‍ തന്റെ പഴയ ആഗ്രഹാനുസരണം സന്യാസ സഭയില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍, റീത്തായുടെ അപേക്ഷ മൂന്നു  തവണയും നിരസിക്കപ്പെട്ടു. അവസാനം 1417-ലെ ഒരു രാത്രിയില്‍ വി. അഗസ്റ്റിനും സ്‌നാപകയോഹന്നാനും വി. നിക്കോളാസും കൂടി റീത്തായെ കൂട്ടിക്കൊണ്ട് ഭദ്രമായി പൂട്ടിയിട്ടിരുന്ന മഠത്തിലാക്കി. രാവിലെ റീത്തയെ കണ്ട സന്യാസിനികള്‍ വിസ്മയഭരിതരായി. അത്ഭുതകരമായ മഠപ്രവേശത്തെക്കുറിച്ച് റീത്ത അവരോട് പറഞ്ഞു. അങ്ങനെ റീത്താ മഠത്തില്‍ സ്വീകരിക്കപ്പെട്ടു. എല്ലാവര്‍ക്കും മാതൃകയായ ജീവിതം നയിച്ച റീത്താ ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. റീത്തായുടെ വിശുദ്ധജീവിതത്തെ അത്ഭുതപ്രവര്‍ത്തനങ്ങളിലൂടെ ദൈവം ധന്യമാക്കിക്കൊണ്ടിരുന്നു.

1442-ല്‍ ഈശോമിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ പീഡാനുഭവത്തിന്റെ ഒരു  ഭാഗം തനിക്കും നല്കണമെന്ന് റീത്താ പ്രാര്‍ത്ഥിച്ചു. ഉടന്‍ തന്നെ ഒരു മുള്ള് വിശുദ്ധയുടെ നെറ്റിയില്‍ തുളച്ചുകയറ്റി. ആ മുറിവ് റീത്തായുടെ മരണം വരെ ഉണങ്ങാതെ നിലനിന്നു. പലപ്പോഴും ആ മുറിവില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു.

1457 മെയ് 22-ാം തീയതി റീത്താ തന്റെ നിത്യസമ്മാനത്തിനായി സ്വര്‍ഗ്ഗത്തിലേക്കു പറന്നുയര്‍ന്നു. ഈ സമയത്ത് കാഷിയായിലെയും സമീപപ്രദേശങ്ങളിലെയും പള്ളിമണികള്‍ തനിയെ മുഴങ്ങി. റീത്തായുടെ പൂജ്യശരീരം ഇന്നും അഴുകാതെ തന്നെയിരിക്കുന്നു.

വിചിന്തനം: ”ദൈവസ്തുതിക്കും നിന്റെ രക്ഷക്കും ഉപകരിക്കുന്ന അനുഗ്രഹങ്ങള്‍ മാത്രമേ നീ ചോദിക്കാവൂ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.