മെയ് 20: വിശുദ്ധ ബര്‍ണര്‍ഡീന്‍ (സീയെന്നാ)

1380-ല്‍ സീയെന്നായിലെ ഒരു പ്രഭുകുടുംബത്തിലാണ് വി. ബര്‍ണര്‍ഡീന്‍ ജനിച്ചത്. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ മരണമടഞ്ഞതിനാല്‍ സീയെന്നാ എന്ന അമ്മായിയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്രായം മുതല്‍ തന്നെ ക്രൈസ്തവഭക്തിയില്‍ ബര്‍ണര്‍ഡീനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അമ്മായി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉപവാസത്തിലും പ്രാര്‍ത്ഥനയിലും വളര്‍ന്നുവന്ന ബര്‍ണര്‍ഡീന്‍, ദരിദ്രരെ സഹായിക്കുന്നതില്‍ അത്യധികം താത്പര്യം പ്രകടിപ്പിച്ചു. പലപ്പോഴും തന്റെ ഭക്ഷണം പോലും അദ്ദേഹം അഗതികള്‍ക്കും ദരിദ്രര്‍ക്കുമായി നല്കിയിരുന്നു.

കാലോചിതമായ വിദ്യാഭ്യാസം അദ്ദേഹത്തിനു നല്കുന്നതിന് അദ്ദേഹത്തിന്റെ ചിറ്റപ്പന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബര്‍ണര്‍ഡീന് ഏകദേശം പതിനേഴു വയസായപ്പോള്‍ അദ്ദേഹം ദൈവമാതാവിന്റെ സൊഡാലിറ്റിയില്‍ ചേര്‍ന്നു. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് സീയെന്നായില്‍ ഒരു വലിയ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചത്. അനേകായിരങ്ങള്‍ വേണ്ടത്ര ശുശ്രൂഷ കിട്ടാതെ മരിച്ചുവീണു. രോഗികളില്‍ നിന്ന് എല്ലാവരും അകന്നുനിന്നപ്പോഴും ബര്‍ണര്‍ഡീന്‍ അവരെ ശുശ്രൂഷിക്കുന്നതില്‍ യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചില്ല. അദ്ദേഹത്തിന്റെ ശുശ്രൂഷയിലൂടെ സുഖമാക്കപ്പെട്ടവര്‍ അനേകരായിരുന്നു.

കര്‍ശന നിയമങ്ങള്‍ പാലിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ബര്‍ണര്‍ഡീന്‍ തന്റെ 22-ാമത്തെ വയസില്‍ പ്രവേശിച്ചു. 1404 സെപ്റ്റംബര്‍ 8-ാം തീയതിയാണ് അദ്ദേഹം വ്രതവാഗ്ദാനം നടത്തിയത്. ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ബര്‍ണര്‍ഡീന്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് നേരിട്ടിരുന്ന സംസാരവൈകല്യം നിമിത്തം പ്രസംഗിക്കാനുള്ള അനുമതി അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവജനനിയുടെ മദ്ധ്യസ്ഥത്തില്‍ സംസാരത്തില്‍ നേരിട്ടിരുന്ന തടസം നീങ്ങുകയും തുടര്‍ന്ന് മുപ്പത്തിയെട്ടു വര്‍ഷത്തോളം തുടര്‍ച്ചയായി സുവിശേഷ പ്രസംഗത്തിൽ  ഏര്‍പ്പെടുകയും ചെയ്തു.

ബര്‍ണര്‍ഡീന്റെ പ്രസംഗങ്ങള്‍ അനേകായിരങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രവിക്കുന്നതിനായി ജനങ്ങള്‍ തിങ്ങിക്കൂടി. ‘എങ്ങനെയാണ് ഇത്ര നന്നായി അങ്ങ് പ്രസംഗിക്കുന്നത്’ എന്നു ചോദിക്കുന്നവരോട് അദ്ദേഹം പറയുമായിരുന്നു: “നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും ദൈവരാജ്യത്തെയും ദൈവമഹത്വത്തെയും അന്വേഷിക്കുക. സര്‍വ്വവും ദൈവസ്തുതിക്കായി ആത്മാര്‍ത്ഥതയോടെ ചെയ്യുക. മറ്റുള്ളവര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവയെല്ലാം സ്വയം ചെയ്യുക.”

ബര്‍ണര്‍ഡീന്‍ ഓരോ സ്ഥലത്തെയും പ്രസംഗത്തിനു ശേഷം മിശിഹായുടെ നാമവും താന്‍ ഇപ്പോള്‍ ചെയ്ത പ്രസംഗത്തിന്റെ സാരാംശവും പതിവായി ഒരു ചെറുപലകയില്‍ രേഖപ്പെടുത്തിയിരുന്നു. അക്കാലത്തു നിലനിന്നിരുന്ന രാഷ്ട്രീയമത്സരങ്ങളെയും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജീവിതത്തെയും അന്ധവിശ്വാസങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികള്‍ അനേകം ശത്രുക്കളെ അദ്ദേഹത്തിന് നേടിക്കൊടുത്തു. അവരില്‍ നിന്ന് പലവിധ പീഡനങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടതായും വന്നു. പലതവണ വിഗ്രഹാരാധനാകുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കയും വിചാരണ ചെയ്യപ്പെടുകയും ചെയ്തു.

1444-ലെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന്റെ തലേ ദിവസം ബര്‍ണര്‍ഡീന്‍ തന്റെ നിത്യസമ്മാനത്തിനായി സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി.

വിചിന്തനം: ”ആദ്യം നീ സമാധാനത്തില്‍ ഉറച്ചു നില്‍ക്കുക. അപ്പോള്‍ അന്യരെ സമാധാനപ്പെടുത്താന്‍ നിനക്കു കഴിയും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.