മെയ് 19: വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍

സ്വന്തം ഇഷ്ടപ്രകാരം പാപ്പാ സ്ഥാനം രാജി വച്ച വി. പീറ്റര്‍ 1221-ല്‍ ഇറ്റലിയിലെ അപ്പൂളിയാ നഗരത്തിലാണ് ജനിച്ചത്. ഭക്തരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ സുകൃതസമ്പന്നതയില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. പന്ത്രണ്ട് മക്കളില്‍ പതിനൊന്നാമനായിരുന്ന പീറ്ററിന്റെ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായി. ബുദ്ധിമാനും ഭക്തനുമായിരുന്ന പീറ്ററിന്, വേണ്ട വിദ്യാഭ്യാസം നല്കുന്നതില്‍ അവന്റെ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പുണ്യത്തില്‍ അനുദിനം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന പീറ്ററിന് ഏകാന്തമായ ഒരു ജീവിതം നയിക്കുന്നതിനായി ദൈവം തന്നെ വിളിക്കുന്നതായി തോന്നി. തന്മൂലം ഇരുപതു വയസുള്ളപ്പോള്‍ അദ്ദേഹം വിദ്യാഭ്യാസം അവസാനിപ്പിച്ച് അബ്രൂസിയുടെ കുന്നില്‍ ചെറിയൊരു കുടിലുണ്ടാക്കി അവിടെ താമസമാരംഭിച്ചു. എന്നാല്‍, ആരുടെയും കണ്ണില്‍പെടാതെ പീറ്ററിന് അധിക കാലം അവിടെയായിരിക്കാന്‍ ആയില്ല. ഭക്തരായ ജനങ്ങള്‍ അദ്ദേഹത്തെ കണ്ടുപിടിച്ച് പൗരോഹിത്യത്തിലേക്ക് ആനയിച്ചു.

പിന്നീട് പീറ്റര്‍, ബനഡിക്ട് ആശ്രമത്തില്‍ അംഗമായി ചേര്‍ന്നു. എന്നാല്‍, കൂടുതല്‍ കര്‍ക്കശമായ ഒരു ജീവിതം നയിക്കണമെന്ന ആഗ്രഹത്താല്‍ മുറോണി എന്ന മലയില്‍ അദ്ദേഹം ഏകാന്തവാസമാരംഭിച്ചു. പകല്‍ മുഴുവന്‍ ജോലി; വൈകുന്നേരം പുസ്തകങ്ങള്‍ പകര്‍ത്തുക; രാത്രി കണ്ണീരോടെയുള്ള പ്രാര്‍ത്ഥന – ഇതായിരുന്നു  അദ്ദേഹത്തിന്റെ ദിനചര്യ.

ഈ കാലഘട്ടത്തില്‍ രണ്ട് സ്‌നേഹിതന്മാര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പുണ്യജീവിതം നയിക്കാന്‍ ശ്രമിച്ച അവരെ പീറ്റര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അവരെ തന്റെ ശിഷ്യന്മാരായി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അനേകം അത്ഭുതസംഭവങ്ങളാല്‍ ദൈവം അവരുടെ ജീവിതക്രമത്തിന് അംഗീകാരം നല്കി. മൂന്നു കൊല്ലത്തോളം അവരുടെ വാസസ്ഥലത്തിനു മേലെ ഒരു സ്വര്‍ഗ്ഗീയ മാടപ്രാവ് ചുറ്റിപ്പറന്നിരുന്നു. മാത്രമല്ല, പ്രാര്‍ത്ഥനയുടെ സമയമാകുമ്പോള്‍ അദൃശ്യമായ മണിയുടെ നാദങ്ങള്‍ കേട്ടിരുന്നു. 1274-ല്‍ ഈ സമൂഹത്തെ പത്താം ഗ്രിഗോറിയോസ് മാര്‍പാപ്പാ അംഗീകരിച്ചു.

1292-ല്‍ നിക്കോളാസ് നാലാമന്‍ മാര്‍പാപ്പാ നിര്യാതനായി. തുടര്‍ന്ന് കര്‍ദ്ദിനാളുമാരുടെ ഇടയിലെ ഭിന്നത മൂലം രണ്ടു വര്‍ഷം മാര്‍പാപ്പായുടെ സിംഹാസനം ഒഴിവായിക്കിടന്നു. 1294-ല്‍ കര്‍ദ്ദിനാള്‍മാര്‍ ഐകകണ്‌ഠ്യേന പീറ്ററിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഈ വാര്‍ത്തയറിഞ്ഞ പീറ്റർ ഒളിച്ചോടി. പക്ഷേ, ജനം അദ്ദേഹത്തെ കണ്ടെത്തി. നിവര്‍ത്തിയില്ലെന്നു ബോധ്യമായപ്പോള്‍ പീറ്റർ ഭാരമേറിയ ഈ പദവി സ്വീകരിക്കാന്‍ തയ്യാറായി. അഞ്ചാം സെലസ്റ്റിന്‍ എന്ന നാമമാണ് അദ്ദേഹം സ്വീകരിച്ചത്.

സെലസ്റ്റിന്‍ ഒരു പുണ്യപുരുഷനായിരുന്നെങ്കിലും നിയമപാടവമോ, നയവിശേഷമോ അദ്ദേഹത്തിനില്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ പല തെറ്റുകളും സംഭവിച്ചു. തന്റെ അജ്ഞത മൂലമുണ്ടായ തെറ്റുകള്‍ മനസിലാക്കിയ പാപ്പാ സ്ഥാനത്യാഗം ചെയ്യാന്‍ തീരുമാനിച്ചു. സഭാഭരണത്തില്‍ തെറ്റുകള്‍ വരുത്തിയെങ്കിലും വലിയ ദുഃഖത്തോടെയാണ് ഈ വാര്‍ത്ത കത്തോലിക്കാ വിശ്വാസികള്‍ ശ്രവിച്ചത്. തത്സ്ഥാനം തുടരാന്‍ പലരും അദ്ദേഹത്തെ നിര്‍ബന്ധിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ തീരുമാനം അചഞ്ചലമായിരുന്നു. അങ്ങനെ നാലു മാസത്തെ ഭരണശേഷം അദ്ദേഹം പാപ്പാസ്ഥാനം രാജി വച്ച് ഏകാന്തതയിലേക്കു തിരിഞ്ഞു.

പിന്നീടുള്ള ജീവിതത്തില്‍ ഒട്ടനവധി പീഡനങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നതു പോലെ 1296 മെയ് 19-ന് “എല്ലാ ആത്മാക്കളും കര്‍ത്താവിനെ സ്തുതിക്കട്ടെ” എന്ന സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ട് അദ്ദേഹം സ്വര്‍ഗ്ഗനാഥന്റെ അരികിലേക്ക് യാത്രയായി.

വിചിന്തനം: “ദൈവമേ, അങ്ങേയ്ക്ക് ഇഷ്ടമുള്ളിടത്ത് എന്നെ സ്ഥാപിച്ചു കൊള്ളുക. എല്ലാ കാര്യങ്ങളും അങ്ങയുടെ ഹിതം പോലെ എന്നോടു ചെയ്തുകൊള്ളുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.