മെയ് 16: വിശുദ്ധ ജോണ്‍ നെപുംസ്യാന്‍

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലികഴിച്ച മഹാവിശുദ്ധനാണ് വി. ജോണ്‍ നെപുംസ്യാന്‍. എഡി 1330-ല്‍ ബൊഹീമിയയിലെ നെപ്പോമക്ക് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ ലഭിച്ച ശിശുവിനെ വിശ്വാസത്തില്‍ വളര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു.

ജോണ്‍ വളരെ സൗഭാഗ്യപ്രദമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നു. അദ്ദേഹത്തില്‍ പ്രകടമായിരുന്ന സത്ഗുണങ്ങള്‍ അവനെ സകലരുടെയും പ്രിയപ്പെട്ടവനാക്കി. അള്‍ത്താര ബാലനായിരുന്ന ജോണ്‍, തനിക്കും ഒരുകാലത്ത് അള്‍ത്താരയുടെ മുമ്പില്‍ നില്‍ക്കുന്നതിനും ദിവ്യബലി അര്‍പ്പിക്കുന്നതിനും ഇടയാവണമേ എന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു.

വൈദികനായ ജോണ്‍, തന്റെ ജീവിതം പരിപൂര്‍ണ്ണമായി ദൈവശുശ്രൂഷയ്ക്കായി സമര്‍പ്പിച്ചു. പാപികളെ മാനസാന്തരത്തിലേയ്ക്കു നയിക്കുന്നതിലും അറിവില്ലാത്തവര്‍ക്ക് ഉപദേശം നല്കുന്നതിലും പീഡിതരെ ആശ്വസിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമായിരുന്നു. അദ്ദേഹത്തെ ശ്രവിക്കുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ വന്നുചേര്‍ന്നു. ഈ അവസരത്തിലാണ് നോമ്പുകാല പ്രസംഗത്തിനായി ജോണിനെ വെന്‍സെസ്ലാവോസ് ചക്രവര്‍ത്തി തന്റെ അരമനയിലേയ്ക്കു ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സന്തുഷ്ടനായ ചക്രവര്‍ത്തി അദ്ദേഹത്തിന് മെത്രാന്‍ സ്ഥാനവും ചാന്‍സലര്‍ സ്ഥാനവും നല്കാന്‍ തീരുമാനിച്ചു. എന്നാല്‍, അദ്ദേഹം അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ദരിദ്രസേവനത്തിന് ഈ സ്ഥാനങ്ങള്‍ പ്രതിബന്ധങ്ങളാവുമെന്നതിനാലാണ് അദ്ദേഹം ഇപ്രകാരം വര്‍ത്തിച്ചത്.

ജോണിന്റെ ജീവിതവിശുദ്ധിയും പാണ്ഡിത്യവും മനസിലാക്കിയ രാജ്ഞി അദ്ദേഹത്തെ തന്റെ കുമ്പസാരക്കാരനായി തിരഞ്ഞെടുത്തു. കൂടാതെ, കൊട്ടാരത്തില്‍ നിന്ന് ഭിക്ഷ നല്കുന്നതിന്റെ മേല്‍നോട്ടവും രാജ്ഞി അദ്ദേഹത്തെ ഏല്പിച്ചു. ഒരു ചക്രവര്‍ത്തി എന്ന ഉന്നതസ്ഥാനത്തിന് തെല്ലും അനുയോജ്യമല്ലാത്തവിധം ദുഷ്ടനും തന്നിഷ്ടക്കാരനുമായിരുന്നു വെന്‍സ്ലാവോസ് ചക്രവര്‍ത്തി. അദ്ദേഹം തന്റെ ഭാര്യയെ സ്‌നേഹിച്ചിരുന്നെങ്കിലും രാജ്ഞിയുടെ വിശുദ്ധജീവിതത്തോടുള്ള താല്‍പര്യം രാജാവ് ഇഷ്ടപ്പെട്ടിരുന്നില്ല. രാജ്ഞി, രാജാവിന്റെ അനാശാസ്യമായ പല നടപടികളിലും വളരെയധികം ദുഃഖിച്ചിരുന്നു. വിശുദ്ധന്റെ സദുപദേശങ്ങളില്‍ പ്രേരിതയായ രാജ്ഞി ദയാപൂര്‍വ്വകമായ പെരുമാറ്റം കൊണ്ടും വിനയാന്വിതമായ ഉപദേശങ്ങള്‍ കൊണ്ടും ഭര്‍ത്താവിനെ സുകൃതജീവിതത്തിലേയ്ക്ക് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍, രാജ്ഞിയുടെ ഈ ശ്രമങ്ങളെല്ലാം ചക്രവര്‍ത്തിയെ കൂടുതല്‍ കോപിഷ്ഠനാക്കുകയാണുണ്ടായത്. മാത്രമല്ല, രാജാവിന്റെ മനസില്‍ ഭാര്യയെക്കുറിച്ച് ചില സംശയങ്ങളും കടന്നുകൂടി.

രാജ്ഞിയുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥ അറിയണമെന്നു ശാഠ്യം പിടിച്ച ചക്രവര്‍ത്തി, രാജ്ഞിയുടെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ജോണിനോട് ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച ജോണിനെ പലവിധ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനാക്കി. എന്നാലും അദ്ദേഹം തന്റെ തീരുമാനത്തില്‍ അചഞ്ചലനായിരുന്നു. ഇതില്‍ കോപാകുലനായിത്തീര്‍ന്ന ചക്രവര്‍ത്തി ജോണിനെ ഇരുട്ടിന്റെ മറവില്‍ പുഴയിലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ടു. 1383 മെയ് 16-ാം തീയതി രാത്രിയില്‍ പടയാളികള്‍ അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് മോള്‍ഡാവൂ നദിയിലേയ്ക്കെറിഞ്ഞു. ജോണിന്റെ മരണം ആരും അറിയരുതെന്നായിരുന്നു ചക്രവര്‍ത്തിയുടെ ആഗ്രഹം. എന്നാല്‍, ദൈവതിരുമനസ് മറിച്ചായിരുന്നു. നദിയില്‍ക്കൂടി ഒഴുകിയ വിശുദ്ധന്റെ ശരീരത്തിനു ചുറ്റും ജലനിരപ്പില്‍ വലിയൊരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അത് കണ്ട നഗരവാസികള്‍ ഓടിക്കൂടി. അവര്‍ വിശുദ്ധന്റെ മൃതദേഹം ബഹുമാനപൂര്‍വ്വം സംസ്‌കരിച്ചു.

മരിച്ച് മുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം വിശുദ്ധന്റെ മൃതശരീരം പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നാവ് സജീവനായ ഒരു മനുഷ്യന്റേതെന്ന പോലെ കാണപ്പെട്ടു.

വിചിന്തനം: ”ഈശോയെപ്രതി സന്മനസ്സോടെ സഹിക്കുന്നതിനേക്കാള്‍ വലുതായി ദൈവത്തിന് പ്രിയങ്കരവും നിനക്ക് രക്ഷാകരവുമായ വേറൊന്ന് ഈ ലോകത്തിലില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.