മെയ് 15: വിശുദ്ധ ഇസിദോര്‍

കര്‍ഷകരുടെ മദ്ധ്യസ്ഥനായ വി. ഇസിദോര്‍ 1070-ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ ജനിച്ചു. ഒരു ദരിദ്ര കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും സുകൃതത്തില്‍ അദ്ദേഹം അതിസമ്പന്നനായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനുള്ള ധനശേഷി ഇല്ലാതിരുന്നതിനാല്‍ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം കൃഷിപ്പണികളിലേക്കു തിരിഞ്ഞു.

യൗവനത്തിലെത്തിയ ഇസിദോര്‍, ജവാന്‍ എന്ന ഒരു ധനവാന്റെ കൃഷിപ്പണിക്കാരനായി. ഉഴവും കിളയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ജോലി. ദിവസവും ദിവ്യബലിയില്‍ സംബന്ധിച്ച് ദിവ്യനാഥനോടും അവിടുത്തെ മാതാവിനോടും പ്രാര്‍ത്ഥിച്ചതിനു ശേഷമല്ലാതെ അദ്ദേഹം ജോലി തുടങ്ങിയിരുന്നില്ല. അതിനാല്‍ ഇസിദോര്‍ പലപ്പോഴും താമസിച്ചാണ് ജോലിക്കെത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട യജമാനന്‍ ഒരു ദിവസം അദ്ദേഹത്തെ ശകാരിക്കുന്നതിനായി വന്നപ്പോള്‍ ഇസിദോറിനോടൊന്നിച്ച് രണ്ടു പേര്‍ കൂടി നിലം ഉഴുന്നതാണ് കണ്ടത്. വിസ്മയഭരിതനായ അയാള്‍ സമീപത്തെത്തിയപ്പോള്‍ വിശുദ്ധനെ മാത്രമേ അവിടെ കാണാന്‍ സാധിച്ചുള്ളൂ. മാത്രമല്ല, താന്‍ വിചാരിച്ചതിലുമധികം ജോലി തീര്‍ന്നിരിക്കുന്നതായും അദ്ദേഹം കണ്ടു. ‘ദൈവത്തിനായി ചെലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാകയില്ല’ എന്ന് ഇസിദോര്‍ പറയാറുണ്ടായിരുന്നത് അദ്ദേഹം അത്തരുണത്തില്‍ അനുസ്മരിച്ചു.

ഇസിദോറിന്റെ ജീവിതം പോലെ തന്നെ പ്രവൃത്തികളും അലൗകീകങ്ങളായിരുന്നു. വേനല്‍ക്കാലത്ത് ഒരു ദിവസം അദ്ദേഹം വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തന്റെ യജമാനന്‍ ദാഹത്താല്‍ വിവശനായതു കണ്ട് ഇസിദോര്‍, അടുത്തുണ്ടായിരുന്ന ഒരു ഉറവ ചൂണ്ടിക്കാണിച്ചു. അത് നേരത്തെ തന്നെ വരണ്ടുപോയതാണെന്ന് അറിയാമായിരുന്ന യജമാനന്‍, തന്നെ കളിയാക്കുകയാണെന്ന വിചാരത്താല്‍ ഇസിദോറിനു നേരെ കോപിഷ്ഠനായി. ഉടനെ അദ്ദേഹം വയലിന്റെ ഒരു വശത്തേക്കു മാറി തന്റെ വടി കൊണ്ട് നിലത്തടിച്ചു. ഉടന്‍ തന്നെ അവിടെ നിന്ന് ഒരു ഉറവ പുറപ്പെട്ടു. ഇങ്ങനെ നിരവധിയായ അത്ഭുതങ്ങള്‍ വിശുദ്ധനിലൂടെ ദൈവം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇസിദോറിന്റെ ഭാര്യ വളരെ ഗുണവതിയും സുകൃതിനിയുമായിരുന്നു. അവളോടൊന്നിച്ച് അദ്ദേഹം വളരെ നാള്‍ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു. അവര്‍ക്കൊരു കുട്ടി ജനിച്ചിരുന്നെങ്കിലും ശൈശവത്തില്‍ തന്നെ അന്തരിച്ചു. ദാരിദ്ര്യവും കഷ്ടതകളും അവരെ അലട്ടിയിരുന്നെങ്കിലും അതൊന്നും സഭാനിയമങ്ങള്‍ അനുസരിക്കുന്നതിന് അവര്‍ക്കൊരു പ്രതിബന്ധമായിരുന്നില്ല.

1130 മെയ് 15-ാം തീയതി ഇസിദോര്‍ തന്റെ നിത്യനാഥന്റെ അടുത്തേക്ക് യാത്രയായി. 1662 മാര്‍ച്ച് 12-ാം തീയതി ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പാ ഇസിദോറിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും വിശുദ്ധയായി തിരുസഭ അംഗീകരിച്ചു.

വിചിന്തനം: ”സ്വമനസ്സാ കുരിശിനു തന്നെത്തന്നെ കീഴ്‌പ്പെടുത്തുമ്പോള്‍ അനര്‍ത്ഥങ്ങളുടെ ഭാരമെല്ലാം ദൈവീകാശ്വാസം ലഭിക്കുമെന്ന പ്രത്യാശയായി മാറും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.