മെയ് 12: വിശുദ്ധ പങ്ക്‌റേഷ്യസ് (പങ്ക്‌റാസ്)

എ.ഡി. 305-നോടടുത്ത് ഫ്രീജിയ എന്ന സ്ഥലത്താണ് വി. പങ്ക്‌റേഷ്യസ് ജനിച്ചത്. ഉന്നതകുല ജാതനായ അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് നിര്യാതനായി. തന്നിമിത്തം പിതൃസഹോദരന്മാരിലൊരുവനായ വി. ഡെന്നീസിന്റെ സംരക്ഷണയിലാണ് പങ്ക്‌റേഷ്യസ് വളര്‍ന്നത്. ഭക്തനായിരുന്ന ഡെന്നീസ്, പങ്ക്‌റേഷ്യസിനെ സ്വപുത്രനെപ്പോലെ കരുതി ആവശ്യകമായ ശിക്ഷണം നല്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പങ്ക്‌റേഷ്യസിന് പതിനാല് വയസുള്ളപ്പോള്‍ അവർ ഇരുവരും കൂടി റോമിലേക്കു  പോയി. പ്രാരംഭശിക്ഷണം നല്കി തങ്ങള്‍ക്ക് മാമ്മോദീസാ നല്കണമെന്ന് കായൂസ് പാപ്പായോട് അവര്‍ അപേക്ഷിച്ചു. അദ്ദേഹം അവര്‍ക്ക് സന്തോഷത്തോടെ ജ്ഞാനസ്‌നാനം നല്കി. അവരുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു. കാരണം, ക്രിസ്തുവിനു വേണ്ടി രക്തം ചിന്താന്‍ അത്രയേറെ അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അധികം താമസിക്കാതെ ഡെന്നീസിനെ ദൈവം തന്റെ അടുത്തേക്കു വിളിച്ചു.

പങ്ക്‌റേഷ്യസ് ഒരു ക്രിസ്ത്യാനിയാണെന്ന വസ്തുത അധികം താമസിയാതെ ക്രൈസ്തവപീഡകനായ ഡയോക്ലീഷ്യസ് രാജാവിന്റെ ചെവിയിലെത്തി. ഉടന്‍ തന്നെ ബാലനായ വിശുദ്ധനെ രാജസന്നിധിയില്‍ ഹാജരാക്കി. ബാലനായ പങ്ക്‌റേഷ്യസിനെ കൊണ്ട് റോമാദേവന്മാര്‍ക്ക് ധൂപമര്‍പ്പിക്കാന്‍ അദ്ദേഹം സകല തന്ത്രങ്ങളും പയറ്റി. പക്ഷേ, എല്ലാം പരാജയത്തില്‍ കലാശിച്ചു. ബാലന്റെ മുഖസൗന്ദര്യത്തില്‍ ആകൃഷ്ടനായതിനാലും അവന്റെ പിതാവ് തന്റെ ആത്മസുഹൃത്ത് ആയിരുന്നതുകൊണ്ടും ചക്രവര്‍ത്തി നല്ല വാക്കുകള്‍ പറഞ്ഞ് ബാലനെ വശീകരിക്കാന്‍ ശ്രമിച്ചു. അസന്മാര്‍ഗ്ഗികജീവിതം നയിച്ച് മൃതിയടഞ്ഞ വെറും മനുഷ്യരായവരെ ആരാധിക്കണമെന്ന് അതേ അസന്മാര്‍ഗ്ഗികജീവിതം നയിക്കുന്ന, അടിമകളെ കഠിനമായി ശിക്ഷിക്കുന്ന ഒരു ചക്രവര്‍ത്തി തന്നോട് ആജ്ഞാപിക്കുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നായിരുന്നു വിശുദ്ധന്റെ മറുപടി.

പതിനാലു വയസു മാത്രം പ്രായമുള്ള ഒരു ബാലനില്‍ നിന്ന് പുറപ്പെട്ട ഈ വാക്കുകളില്‍ കുപിതനായിത്തീര്‍ന്ന ചക്രവര്‍ത്തി, വിശുദ്ധന്റെ തല വെട്ടിയെടുക്കാന്‍ ആജ്ഞാപിച്ചു. തന്റെ ആഗ്രഹം പൂര്‍ത്തിയാകാന്‍ പോകുന്നു എന്നോര്‍ത്തപ്പോള്‍ ആ ബാലന്‍ അത്യധികം സന്തോഷിച്ചു. ‘ഔറേലിയന്‍വേ’ എന്ന സ്ഥലത്തു വച്ച് ചക്രവര്‍ത്തിയുടെ ആജ്ഞ നടപ്പാക്കപ്പെട്ടു. വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി.

വിചിന്തനം: ”ധീരതാപൂര്‍വ്വം നിന്റെ കുരിശ് വഹിച്ച് ശീലിക്കുക. ദൈവത്തിലും അവിടുത്തെ സ്‌നേഹത്തിലും ആശ്വാസം കണ്ടെത്തുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.