മെയ് 11: വിശുദ്ധ ഓഡിലോ (962-1049)

ചെറുപ്പത്തില്‍ തന്നെ ക്ലൂണി ആശ്രമത്തില്‍ അംഗമാവുകയും ഇരുപത്തിയൊമ്പതാമത്തെ വയസില്‍ ആശ്രമാധിപനായി ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ഒരു സന്യാസിയാണ് ഓഡിലോ. അദ്ദേഹം ദരിദ്രരെയും രോഗികളെയും അതിയായി സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 1006-ല്‍ നാട്ടില്‍ കടുത്ത ക്ഷാമമുണ്ടായപ്പോള്‍ ജനങ്ങളുടെ വിശപ്പടക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നും കാണാഞ്ഞതിനാല്‍ ആശ്രമദേവാലയത്തിലെ പൂജാപാത്രങ്ങളും വി. ഹെൻറി സംഭാവനയായി നല്‍കിയ കിരീടം ഉള്‍പ്പെടെ എല്ലാ സ്വര്‍ണ്ണാഭരണങ്ങളും ഉരുക്കിവിറ്റു. ഈ പ്രവൃത്തി, അന്ന് പലരുടെയും വിമര്‍ശനത്തിനു വിഷയമായി.

ഓഡിലോയുടെ ശ്രമഫലമായി അന്നത്തെ പല സന്യാസ സഭകളും ക്ലൂണി ആശ്രമത്തിലെ നിയമചര്യകള്‍ അംഗീകരിച്ചു. പലതും ക്ലൂണിയുടെ മേല്‍വിചാരിപ്പിനു വിധേയമായി. വേറെ പലതും ക്ലൂണിയെ പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്തു. ഫ്രാന്‍സിലെ നാടുവാഴികളുടെയും പ്രഭുക്കന്മാരുടെയും കിടമത്സരങ്ങള്‍ പലപ്പോഴും നാട്ടില്‍ വലിയ കലഹങ്ങള്‍ക്കും കൂട്ടക്കൊലക്കും ഇടയാക്കിയിരുന്നു. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇരയാകാതെ ദേവാലയങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടി സമാരബ്ധമായ യത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഓഡിലോ ആയിരുന്നു.

അര നൂറ്റാണ്ടിലേറെ ആശ്രമാധിപനായിരുന്ന ഒഡിലോ, ആശ്രമസന്ദര്‍ശനാര്‍ത്ഥം പര്യടനം നടത്തിക്കൊണ്ടിരുന്നതിനിടയില്‍ 1049 ജനുവരി 1-ാം തീയതി 87-ാമത്തെ വയസ്സില്‍ മരണമടഞ്ഞു. മരണം ആസന്നമായി എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അഭീഷ്ടമനുസരിച്ച് ദേവാലയത്തിലേക്കു സംവഹിക്കപ്പെടുകയും സമൂഹപ്രാര്‍ത്ഥനാമധ്യേ, ചാരം വിരിച്ച തറയില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.

വിചിന്തനം: ”എപ്പോഴും താഴ്ന്ന സ്ഥലത്തിരിക്കുക. എന്നാല്‍, ഉയര്‍ന്ന സ്ഥാനം നിനക്ക് നല്കപ്പെടും. ഉന്നതമായത് താഴ്ചയില്‍ അടിസ്ഥാനമില്ലാതെ നിലനില്‍ക്കുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.