മെയ് 10: വിശുദ്ധ അന്റോണിനൂസ്

1389-ല്‍ ഫ്‌ളോറന്‍സിലെ പ്രശസ്തവും കുലീനവുമായ ഒരു കുടുംബത്തിലാണ് വി. അന്റോണിനൂസ് ജനിച്ചത്. ഉത്തമ ക്രൈസ്തവ വിശ്വാസികളായിരുന്ന മാതാപിതാക്കള്‍ തങ്ങളുടെ പുത്രനെ ക്രൈസ്തവ വിശ്വാസത്തിലും പാപഭയത്തിലും വളര്‍ത്തി. ഉയരം വളരെ കുറവായിരുന്നതിനാലാവാം വിശുദ്ധനെ ‘കുഞ്ഞാന്റണി’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.

ചെറുപ്പത്തില്‍ തന്നെ ഭക്താഭ്യാസങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരുന്ന അന്റോണിനൂസ്, കാലോചിതമായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ആശ്രമത്തില്‍ ചേരാന്‍ അപേക്ഷിച്ച അന്റോണിനൂസിന്റെ സഹനശക്തിയും വിശ്വസ്തതയും പരീക്ഷിച്ചറിയാന്‍ തന്നെ ആശ്രമശ്രേഷ്ഠന്‍ തീരുമാനിച്ചു. അനേക പേജുകള്‍ ഉണ്ടായിരുന്ന സഭാനിയമസംഹിത മനഃപാഠമാക്കാനാണ് അദ്ദേഹം അന്റോണിനൂസിനോട് ആവശ്യപ്പെട്ടത്. ദുഃസാധ്യമായ ഈ പരീക്ഷണം പന്ത്രണ്ടു മാസം കൊണ്ട് അന്റോണിനൂസ് അതിജീവിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്കപ്പെട്ടു.

പ്രായത്തില്‍ ചെറുപ്പമായിരുന്നെങ്കിലും ഉത്തരവാദിത്വങ്ങള്‍ വളരെ വലുതായിരുന്നു. വൈദികനായ ഉടന്‍ തന്നെ മിനര്‍വാ ആശ്രമത്തിന്റെ പ്രിയോറായി അദ്ദേഹം നിയമിതനായി. അതിബുദ്ധിമാനും പണ്ഡിതനുമായിരുന്ന വിശുദ്ധനെ സഭാസംബന്ധമായ പല ഉദ്യോഗങ്ങളിലും നിയമിച്ചു. തന്നെ ഏല്പിച്ച ദൗത്യങ്ങളെല്ലാം പരിപൂര്‍ണ്ണ വിശ്വസ്തതയോടെ അദ്ദേഹം പൂര്‍ത്തിയാക്കി. ഡൊമിനിക്കന്‍ സഭയും റോമന്‍ തിരുസംഘവുമെല്ലാം അന്റോണിനൂസിനെ ഒരു ഉപദേശകന്‍ എന്ന നിലയില്‍ പരിഗണിച്ചിരുന്നു. ഈ കാലഘട്ടങ്ങളില്‍ ദൈവശാസ്ത്രസംബന്ധവും ചരിത്രസംബന്ധവുമായ ഒട്ടനവധി മഹാഗ്രന്ഥങ്ങള്‍ വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. മാര്‍പാപ്പായുടെ ദൈവശാസ്ത്ര പണ്ഡിതസ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

1446-ല്‍ ഫ്‌ളോറന്‍സിന്റെ ആര്‍ച്ചുബിഷപ്പായി വിശുദ്ധനെ നിയമിച്ചു. ആദ്യം ഈ സ്ഥാനം അദ്ദേഹം നിരസിച്ചെങ്കിലും അവസാനം ജനങ്ങളുടെയും അധികാരികളുടെയും നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. ദീനാനുകമ്പയോടു കൂടിയ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി മെത്രാപ്പോലീത്താ എന്നതിലുപരി ‘അഗതികളുടെ പിതാവ്’ എന്ന നാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആര്‍ഭാടങ്ങളില്‍ നിന്ന് തീര്‍ത്തും ഒഴിഞ്ഞൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സര്‍വ്വസ്വത്തും അഗതികള്‍ക്കായി ഭാഗിച്ചുകൊടുത്തു. വിലയേറിയ യാതൊരു വീട്ടുപകരണങ്ങളും അദ്ദേഹത്തിന്റെ അരമനയില്‍ ഉണ്ടായിരുന്നില്ല. എന്തിന് അത്യാവശ്യ സാധനങ്ങള്‍ പോലും പലപ്പോഴും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അദ്ദേഹത്തിന് യാത്ര ചെയ്യുന്നതിനായി ഒരു കോവര്‍കഴുത മാത്രമാണുണ്ടായിരുന്നത്. ദരിദ്രരെ സഹായിക്കുന്നതിനായി തന്റെ കൈയ്യില്‍ പണമില്ലാതെ വരുമ്പോള്‍ അദ്ദേഹം പലപ്പോഴും ഈ കഴുതയെയും വിറ്റിരുന്നു. അദ്ദേഹം കഴുതയെ വിറ്റു എന്നറിഞ്ഞാല്‍ ധനാഢ്യന്മാരാരെങ്കിലും അതിനെ വാങ്ങി വീണ്ടും അദ്ദേഹത്തിനു കൊടുക്കുകയായിരുന്നു പതിവ്. 1459 മെയ് 20-ാം തീയതി അദ്ദേഹം നിത്യതയിലേക്കു യാത്രയായി.

വിചിന്തനം: ”ഈശോയുടെ അഗാധമായ സ്‌നേഹം സമ്പാദിക്കുക; എല്ലാ ആവശ്യങ്ങളിലും അവിടുത്തെ പക്കലേക്കു തിരിയുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.