മെയ് 05: വിശുദ്ധ ആഞ്ചെലൂസ്

വിശുദ്ധ നഗരമായ ജറുസലേമില്‍ 1185-ല്‍ വി. ആഞ്ചെലൂസ് ജനിച്ചു. ദൈവഭയമുള്ള യഹൂദരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ക്രൈസ്തവജീവിതത്തില്‍ ആകൃഷ്ടരായ അവര്‍ക്ക് ഒരു ദിവസം പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുകയും ക്രൈസ്തവവിശ്വാസം സ്വീകരിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു. ഉടന്‍തന്നെ ക്രൈസ്തവവിശ്വാസം സ്വീകരിച്ച അവര്‍ക്ക് അധികം താമസിയാതെ ആഞ്ചെലോ എന്നും ജോണ്‍ എന്നും പേരുള്ള രണ്ട് പുത്രന്മാരെ ദൈവം നല്‍കി.

ചെറുപ്പം മുതലേ ദൈവഭക്തിയിലും പാപഭയത്തിലും വളര്‍ന്നുവന്ന ഇരുവരും പ്രായപൂര്‍ത്തിയായതോടെ കര്‍മ്മലീത്താ സഭയില്‍ പ്രവേശിച്ചു. കര്‍മ്മലീത്താ ചൈതന്യമനുസരിച്ചുള്ള സഭയുടെ നിയമങ്ങള്‍ ആഞ്ചെലൂസ് അക്ഷരംപ്രതി അനുസരിച്ചിരുന്നു. ഇതുകൂടാതെ, ശ്രേഷ്ഠന്റെ അനുവാദത്തോടെ മറ്റനേകം തപശ്ചര്യകളും അദ്ദേഹം അനുഷ്ഠിച്ചു. ഒരിക്കലും അദ്ദേഹം വീഞ്ഞ് കുടിച്ചിട്ടില്ല. വെള്ളവും അപ്പവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. വെറുമൊരു പലകക്കഷണമായിരുന്നു അദ്ദേഹത്തിന്റെ ശയ്യ. എല്ലാ ദിവസവും അദ്ദേഹം സങ്കീര്‍ത്തനങ്ങള്‍ പാടിയിരുന്നു.

പൗരോഹിത്യസ്വീകരണത്തിനുശേഷം ആഞ്ചെലൂസ് ഒരു വനത്തില്‍ പ്രവേശിച്ച് ഏകദേശം അഞ്ചുകൊല്ലത്തോളം ഏകാന്തതയിലും കഠിനമായ തപസിലും ജീവിച്ചു. ഈ കാലത്ത് ഒരു മാലാഖ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വനവാസത്തിനുശേഷം കര്‍മ്മലീത്താ സഭയുടെ പുതിയ നിയമസംഹിതയ്ക്ക് അംഗീകാരം വാങ്ങുന്നതിനായി റോമിലേയ്ക്കു‌ പോകാന്‍ അദ്ദേഹം നിയുക്തനായി.

ദൈവം അനേകം അത്ഭുതങ്ങള്‍ അദ്ദേഹത്തിലൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ ആഞ്ചെലൂസും മറ്റു നാലുപേരും കൂടി പൗരോഹിത്യസ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി ഓര്‍ശ്ലത്തേയ്ക്കു‌ പോവുകയായിരുന്നു. എന്നാല്‍, കരകവിഞ്ഞൊഴുകിയിരുന്ന യോര്‍ദ്ദാന്‍ നദി അവരുടെ യാത്രയെ തടഞ്ഞു. ആഞ്ചെലൂസ് അവിടെ അരമണിക്കൂറോളം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിനുശേഷം എഴുന്നേറ്റ് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ തങ്ങള്‍ക്കു കടന്നുപോകുവാന്‍ വഴി തരുവാന്‍ നദിയോടു കല്പിച്ചു. ഉടന്‍തന്നെ ഒഴുക്ക് നിലയ്ക്കുകയും നദി രണ്ടുഭാഗമായി തിരിയുകയും ചെയ്തു. പാദം അല്പം പോലും നനയാതെ അവര്‍ അക്കരെ കടന്നു.

തീക്ഷ്ണമായ പ്രേക്ഷിതചൈതന്യത്തില്‍ ആഞ്ചെലൂസ് ഇറ്റലി, സിസിലി എന്നീ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. അനീതിയ്ക്കെതിരെ ശക്തമായി പടപൊരുതിയിരുന്ന ആഞ്ചെലൂസ്, സിസിലിയയില്‍ വച്ച് ഒരു ദുര്‍മാര്‍ഗ്ഗിയെ ശാസിക്കുകയും തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ കോപിഷ്ടനായ ആ മനുഷ്യന്‍ 1226 മെയ് 5-ാം തീയതി ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ആഞ്ചെലൂസിനെ വാളുകൊണ്ട് അഞ്ചുതവണ വെട്ടി. ”കര്‍ത്താവേ, നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു” എന്ന സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ട് അദ്ദേഹം തന്റെ ആത്മാവിനെ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.

വിചിന്തനം: ”ഒരുവന്‍ ഈശോയെ വേണ്ടുംവണ്ണം അന്വേഷിക്കുന്നില്ലെങ്കില്‍ ലോകത്തിലെ സകല ശത്രുക്കള്‍ക്കും ചെയ്യാവുന്നതിനെക്കാള്‍ കൂടുതല്‍ ദ്രോഹം അവന്‍ തന്നോടു തന്നെ ചെയ്യുന്നു.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.