
റോമയിലെ കുലീനരായ പോള് ദി ബുക്സോ – ജാക്വലൈന്‍ ദമ്പതിമാരുടെ പുത്രിയായി 1384 ൽ ഫ്രാന്‍സെസ് ജനിച്ചു. അവള്‍ക്ക് രണ്ടുവയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഏതെങ്കിലും മുറിയുടെ മൂലയില്‍ തനിയെ ഇരുന്ന് പ്രാര്‍ഥനകള്‍ ഉരുവിടുകയും സ്തോത്രഗീതങ്ങള്‍ പാടുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. സന്യാസജീവിതത്തിലൂടെ തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കാനുള്ള അവളുടെ ആഗ്രഹത്തെ കാര്യമാക്കാതെ മാതാപിതാക്കൾ അവളെ 1396 ൽ റോമന്‍ പ്രഭുവായ ലോറന്‍സയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.
വിവാഹിതയായിരുന്നെങ്കിലും അവൾ തന്റെ ഭക്തകൃത്യങ്ങള്‍ക്കൊന്നിനും മുടക്കം വരുത്തിയില്ല. അതേസമയം, ഒരു കുടുംബിനി എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിര്‍വഹിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 40 വര്‍ഷം നീണ്ടുനിന്ന അവരുടെ ദാമ്പത്യജീവിതത്തില്‍ ഒരിക്കല്‍പോലും ഫ്രാന്‍സെസ് തന്റെ ഭര്‍ത്താവിനെ അനുസരിക്കാതിരുന്നിട്ടില്ല. എപ്പോഴെങ്കിലും പ്രാർഥിക്കാനായി ലഭിച്ചിരുന്ന അൽപസമയമോ, ഏതെങ്കിലും പരസ്നേഹപ്രവൃത്തി ചെയ്യുന്നതിനു ലഭിച്ചിരുന്ന അവസരമോ വിശുദ്ധ നഷ്ടപ്പെടുത്തിയിരുന്നില്ല.
തങ്ങള്‍ക്ക് ദൈവം ദാനമായി നൽകിയ മക്കളെ വിശുദ്ധരായി വളര്‍ത്താന്‍ ഫ്രാന്‍സെസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശുദ്ധയുടെ ജീവിതത്തില്‍ നിരവധി പരീക്ഷണങ്ങള്‍ അവൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. 1431 ല്‍ നേപ്പിന്‍സ് രാജാവ് റോമാനഗരം ആക്രമിക്കുകയും അവരുടെ ഭവനം കൊള്ളയടിക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. ഫ്രാന്‍സെസിന്റെ മൂത്തപുത്രനെ കാരാഗൃഹത്തിലാക്കി. കൂടാതെ, അവളുടെ ഭര്‍ത്താവിനെ നാടുകടത്തുകയും ചെയ്തു. ഈ വിഷമതകളെല്ലാം ഒരു പുണ്യാത്മാവിനോടടുത്ത ക്ഷമയോടും സന്തോഷത്തോടും കൂടിയാണ് വിശുദ്ധ സ്വീകരിച്ചത്.
അന്നുമുതല്‍ ഫ്രാന്‍സെസ് കൂടുതല്‍ തപശ്ചര്യയോടുകൂടിയ ജീവിതമാണ് നയിച്ചത്. വിശുദ്ധയുടെ ജീവിതം റോമയിലെ മറ്റു പല സ്ത്രീകളെയും കൂടുതല്‍ വിനീതവും പുണ്യപരവുമായ ജീവിതം നയിക്കുന്നതിന് പ്രേരിപ്പിച്ചു. നീണ്ടനാളത്തെ പ്രവാസത്തിനുശേഷം തിരികെവന്ന ഭര്‍ത്താവിന്റെ അനുവാദത്തോടെ ‘ഒബ്ളേറ്റ്സ്’ എന്ന നാമത്തില്‍ ഒരു സന്യാസ സഭ അവൾ സ്ഥാപിച്ചു. വി. ബനഡിക്റ്റിന്റെ നിയമങ്ങളോട് ഏതാനും ചില നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തതായിരുന്നു അവരുടെ നിയമസംഹിത. 1437 ല്‍ പരിശുദ്ധ സിംഹാസനം ഈ നിയമസംഹിതയ്ക്ക് അംഗീകാരം നൽകി. റോമില്‍ സഭയുടെ മാതൃഭവനം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ പേരില്‍നിന്നാണ് ‘കൊളാറ്റിന്സ്’ എന്ന പേര് ഈ സഭയ്ക്കു ലഭിച്ചത്.
ഭര്‍ത്താവിന്റെ മരണശേഷം വിശുദ്ധ പ്രസ്തുത സഭയില്‍ അംഗമായി ചേര്‍ന്നു. സഭയിലെ എളിയ ജോലികള്‍ ചെയ്തു ജീവിക്കാനായിരുന്നു ആഗ്രഹമെങ്കിലും സഭാംഗങ്ങള്‍ അവളെ മഠാധിപതിയായി നിയമിച്ചു. വളരെ ഹ്രസ്വമായിരുന്ന വിശുദ്ധയുടെ സന്യാസജീവിതത്തിലൂടെ അനേകം അദ്ഭുതങ്ങൾ പ്രവര്‍ത്തിക്കാനും വിവിധങ്ങളായ അനുഗ്രഹങ്ങള്‍ ലോകത്തില്‍ വര്‍ഷിക്കാനും ദൈവം തിരുമനസ്സായി.
1440 മാര്‍ച്ച് ഒൻപതാം തീയതി 56-ാമത്തെ വയസ്സില്‍ വിശുദ്ധ തന്റെ ദിവ്യനാഥന്റെ അടുത്തേക്കു യാത്രയായി. 1608 മെയ് 29-ാം തീയതി പോള്‍ അഞ്ചാമന് മാര്‍പാപ്പ അവളെ വിശുദ്ധ എന്ന് നാമകരണം ചെയ്തു.
വിചിന്തനം: ”സഹനത്തില്‍ സ്നേഹം മൂര്‍ത്തജപം പ്രാപിക്കുന്നു. സഹനം എത്ര വലുതാകുന്നുവോ സ്നേഹം അത്ര നിര്‍മ്മലമായിരിക്കും” – വി. ഫൗസ്റ്റീനാ.
ഫാ. ജെ. കൊച്ചുവീട്ടിൽ





