മാര്‍ച്ച് 28: വി. സിക്സ്റ്റസ് മൂന്നാമന്‍

റോമില്‍ ജനിച്ച സിക്സ്റ്റസ് 432 ജൂലൈ 31-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. റോമിലെ ‘സാന്താ മരിയ മജോരെ ബസിലിക്ക’, ‘സെന്റ് ലോറന്‍സ് ബസിലിക്ക’ എന്നിവയെ വിപുലീകരിക്കുകയും അലങ്കാരപ്പണികള്‍ ചെയ്ത് മോടിയാക്കുകയും ചെയ്തത് പാപ്പായായിരുന്നു. ഇദ്ദേഹം പല അപ്പസ്‌തോലിക ലിഖിതങ്ങളും എഴുതിയിട്ടുണ്ട്.

കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അധീനതയില്‍ ‘ഇല്ലിറിയ’ എന്ന പ്രദേശത്തെ ഭരിക്കാന്‍ ആഗ്രഹിച്ചിരുന്ന പൗരസ്ത്യ ചക്രവര്‍ത്തിയുടെ ആഗ്രഹത്തിനെതിരായി അതിനെ റോമിന്റെ അധികാരപരിധിയില്‍ തന്നെ പരിപാലിക്കാന്‍ പാപ്പാക്കു സാധിച്ചു.

ഗോളില്‍ പട്ടാളത്തലവനും ഗവര്‍ണ്ണറും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം രമ്യതയിലെത്തിക്കാന്‍ പാപ്പാ സഭയിലെ ഒരു ഡീക്കനെ തന്റെ പ്രതിനിധിയായി ഗോളിലേക്കയച്ചു. ഡീക്കന്‍ ലെയോ, അഗാധ പണ്ഡിതനും നയതന്ത്രജ്ഞനും ഭരണനിപുണനുമായിരുന്നു. അദ്ദേഹം പ്രതിയോഗികളെ രഞ്ജിപ്പിലെത്തിച്ചു. അങ്ങനെ ഗോള്‍ പ്രോവിന്‍സില്‍ ഉണ്ടാകുമായിരുന്ന ഒരു വലിയ വിപത്ത് ഒഴിവാക്കി. ലെയോ നിസ്വാര്‍ത്ഥനും സമാധാനകാംക്ഷിയും ആദ്ധ്യാത്മികനേതാവുമാണെന്ന് ഇത് തെളിയിച്ചു. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലാതെ എട്ടു വര്‍ഷം സഭയ്ക്കു നേതൃത്വം നല്‍കിയ സിക്സ്റ്റസ് മൂന്നാമന്‍ 440 ആഗസ്റ്റ് 19-ന് മരണമടഞ്ഞു.

വിചിന്തനം: ”അനേകര്‍ നമ്മെ മാലാഖമാരായി പരിഗണിക്കുകയും അങ്ങനെ വിളിക്കുകയും ചെയ്താലും നാം മനുഷ്യര്‍ തന്നെ; ബലഹീനരായ മര്‍ത്യരല്ലാതെ മറ്റൊന്നുമല്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.