മാര്‍ച്ച് 15: വി. ളൂയിസ് മരില്ലാക്ക് (1591-1660)

വി. വിന്‍സെന്റ് ഡി പോളിന്റെ ‘ഉപവി സഹോദരി’ സഭയുടെ സ്ഥാപകയാണ് വി. ളൂയിസ് മരില്ലക്ക്. 1591 ആഗസ്റ്റ് 12 -ാം തീയതിയാണ് ളൂയിസ് ജനിച്ചത്. ഡൊമിനിക്കന്‍ മഠത്തില്‍ നിന്നും വിദ്യാഭ്യാസം നേടിയ ളൂയിസ്, പിതാവിന്റെ മരണശേഷം പീഡാനുഭവ പുത്രികളുടെ സഭയില്‍ അംഗമായി ചേര്‍ന്നു. എന്നാല്‍, അധികം വൈകാതെ തന്നെ അവള്‍ സന്യാസം ഉപേക്ഷിക്കുകയും ഗ്രാസ് എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. ളൂയിസ് അവനെ ഭക്തിയില്‍ വളര്‍ത്തിക്കൊണ്ടു വന്നു. ഈ അവസരങ്ങളിലും ഉപവിപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1625 -ല്‍ ഭര്‍ത്താവ് മരണമടഞ്ഞതോടെ ശിഷ്ടജീവിതം ദരിദ്രസേവനത്തിനായി അവള്‍ നീക്കിവച്ചു.

ഈ കാലഘട്ടത്തിലാണ് ളൂയിസ് വി. വിന്‍സെന്റ് ഡി പോളിനെ പരിചയപ്പെടുന്നത്. വിന്‍സെന്റച്ചന്‍ തന്റെ പരോപകാര പ്രവൃത്തികളില്‍ ളൂയിസിനെയും ഭാഗഭാക്കാക്കിയിരുന്നു. ‘ഉപവികളുടെ സഹോദരികള്‍’ എന്ന ഒരു സമൂഹം വി. വിന്‍സെന്റ് ആരംഭിച്ചു. ആ സമൂഹത്തിന്റെ മേല്‍നോട്ടം ളൂയിസിനെയാണ് അദ്ദേഹം ഏല്പിച്ചത്. ളൂയിസിന്റെ പ്രചോദനത്താല്‍ സഹോദരിമാര്‍ നിരവധി ആശുപത്രികളും സ്‌കൂളുകളും വൃദ്ധമന്ദിരങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ചു.

ദൈവസ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന ളൂയിസ് 1660 ല്‍ 69 -ാമത്തെ വയസ്സില്‍ നിര്യാതയായി. 1934 -ല്‍ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.

വിചിന്തനം: ”മനുഷ്യര്‍ നമ്മെ നിന്ദിക്കുകയും വേണ്ടപോലെ മാനിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആത്മസാക്ഷിയായി ദൈവത്തെ നാം താത്പര്യത്തോടെ അന്വേഷിക്കുന്നു. മാനുഷികാശ്വാസങ്ങള്‍ തേടാന്‍ ആവശ്യമില്ലാത്തവണ്ണം ദൈവത്തില്‍ ദൃഢമായി നാം ശരണം വയ്ക്കണം” – ക്രിസ്താനുകരണം.

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.