
1741 ജൂലൈ 15 ന് ഫ്‌ളോറന്‍സിലെ ഒരു കുലീനകുടുംബത്തിലാണ് ത്രേസ്യാ മാര്‍ഗരറ്റ് ജനിച്ചത്. ജ്ഞാനസ്‌നാന നാമം അന്ന മരിയ എന്നായിരുന്നു. ഭക്തരായിരുന്ന അവളുടെ മാതാപിതാക്കള്‍ ത്രേസ്യായെ ചെറുപ്പം മുതല്‍ക്കെ ദൈവവിശ്വാസത്തില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഫ്‌ളോറന്‍സിലുള്ള ബനഡിക്ടന്‍ സിസ്റ്റേഴ്‌സിന്റെ സ്‌കൂളിലെ വിദ്യാഭ്യാസം അവളുടെ ആധ്യാത്മികജീവിതത്തെ വളരെയധികം സഹായിച്ചു. വിശുദ്ധ കുര്‍ബാനയോടും പരിശുദ്ധ കന്യകയോടുമുള്ള ഭക്തിയില്‍ അവള്‍ ദൃഢത പ്രാപിച്ചുകൊണ്ടിരുന്നു. അക്കാലത്ത് ജാന്‍സനിസം എന്ന പാഷണ്ഡത നിമിത്തം ദിവ്യകാരുണ്യഭക്തി മന്ദീഭവിച്ചിരുന്നു. അതിനൊക്കെ പരിഹാരം അനുഷ്ഠിക്കാന്‍വേണ്ടി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു സന്യാസിനിയാകാന്‍ അവള്‍ ആഗ്രഹിച്ചു.
1764 ല്‍ ഫ്‌ളോറന്‍സിലെ കര്‍മ്മല മഠത്തില്‍ ത്രേസ്യാ പ്രവേശിച്ചു. കര്‍മ്മലയുടെ ഏകാന്തതയില്‍ ദിവ്യകാരുണ്യനാഥനോടൊത്ത് മണിക്കൂറുകള്‍ ചെലവഴിച്ചുകൊണ്ട് പരിശീലനത്തിനു വിധേയയായി. 1765 മാര്‍ച്ച് 11 ന് സഭാവസ്ത്രം സ്വീകരിച്ച് തിരുഹൃദയത്തിന്റെ ത്രേസ്യാ മാര്‍ഗരറ്റ് എന്ന പേര് സ്വീകരിച്ചു.
സന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തനരംഗങ്ങളിലെല്ലാം താല്‍പര്യപൂര്‍വം അവള്‍ വ്യാപൃതയായി. ആരാധനാസംബന്ധമായ കാര്യങ്ങള്‍ ഒരുക്കാനും രോഗികളെ പരിചരിക്കാനുമാണ് പ്രത്യേകം നിയോഗിക്കപ്പെട്ടത്. നിശ്ശബ്ദമായ ഏകാന്തതയില്‍ ദിവ്യകാരുണ്യസന്നിധിയില്‍ ദീര്‍ഘകാലം പ്രാർഥിച്ച് ശക്തി സംഭരിച്ചുകൊണ്ട്, തന്നെ ഏൽപിച്ച ജോലികളെല്ലാം അവള്‍ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കി. ആത്മരക്ഷയ്ക്കായി തീവ്രമായി പ്രാർഥിക്കുകയും സഹനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
ജീവിതത്തിലെ സഹനങ്ങള്‍ ദൈവിക തീക്ഷ്ണതയില്‍ ജ്വലിക്കാനുള്ള മാര്‍ഗങ്ങളായിട്ടാണ് ത്രേസ്യ കണ്ടത്. കര്‍ത്താവ് അനുവദിച്ച സഹനങ്ങള്‍ സന്തോഷപൂര്‍വം ഏറ്റുവാങ്ങിയ ത്രേസ്യാ, 1170 മാര്‍ച്ച് ഏഴാം തീയതി 22-ാമത്തെ വയസ്സില്‍ സ്വര്‍ഗത്തിലേക്കു യാത്രയായി. 1934 മാര്‍ച്ച് 13 ന് ത്രേസ്യാ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.
വിചിന്തനം: ”കര്‍ത്താവേ, നിണമൊഴുകുന്ന അങ്ങേ കരം കൊണ്ട് എന്നേ കഴുകണേമേ. അങ്ങേ പിളര്‍ക്കപ്പെട്ട തിരുഹൃദയത്തോട് എന്നെയും ചേര്‍ക്കണമേ” – വി. അല്‍ഫോന്‍സാമ്മ.
ഫാ. ജെ. കൊച്ചുവീട്ടിൽ





