
നാലാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്ന ലിസീനിയൂസ് ചക്രവര്‍ത്തി ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനായി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ ഉഗ്രപീഡനങ്ങള്‍ താണ്ഡവമാടി. എന്നാല്‍, അര്‍മേനിയായിലെ സെബാസ്റ്റ് എന്ന സ്ഥലത്തെ ചക്രവര്‍ത്തിയുടെ സൈനികവിഭാഗത്തിൽ ഉണ്ടായിരുന്ന നാൽപത് ക്രൈസ്തവയോദ്ധാക്കള്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നില്ല. തന്മൂലം അവര്‍ പടയാളികളാല്‍ അവിടുത്തെ ഗവര്‍ണറായ അഗ്രിക്കോളയുടെ മുൻപിലേക്ക് ആനയിക്കപ്പെട്ടു.
കഠിനമായ ക്രൈസ്തവ വിദ്വേഷിയായിരുന്നു അഗ്രിക്കോള. ഈ ക്രൈസ്തവഭടന്മാരുടെ കൃത്യനിഷ്ഠയെയും സഹോദരസ്‌നേഹത്തെയും കുറിച്ച് മറ്റുള്ളവര്‍ പ്രശംസിക്കുന്നതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ വിദ്വേഷം ഒന്നുകൂടി വര്‍ധിച്ചു. അതിനാല്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തപക്ഷം അവരെ മരണശിക്ഷയ്ക്കു വിധിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാല്‍, ക്രൈസ്തവഭടന്മാരുടെ തീരുമാനത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല. ഇതില്‍ കുപിതനായ അഗ്രിക്കോള അവരുടെ മുഖം കല്ലുകൊണ്ട് കഠിനമായി ഇടിച്ചശേഷം ഭാരമേറിയ ഇരുമ്പുചങ്ങലകളാല്‍ അവരെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. ഈ സ്ഥിതിയില്‍ ഏതാനും ദിവസം അവരെ പീഡിപ്പിച്ചു.
പക്ഷേ, അവരുടെ തീരുമാനം അചഞ്ചലമായിരുന്നതിനാല്‍ തണുപ്പുകൊണ്ട് ഉറഞ്ഞുകിടന്ന തടാകത്തില്‍ അവരെ ഇറക്കിനിര്‍ത്താന്‍ അഗ്രിക്കോള ഉത്തരവിട്ടു. അവര്‍ക്കു ലഭിച്ച ഈ അതിദാരുണമായ ശിക്ഷ അവരെ ഒട്ടുംതന്നെ നിരാശപ്പെടുത്തിയില്ല, മറിച്ച് സന്തോഷിപ്പിക്കുകയാണുണ്ടായത്. കാരണം, തങ്ങളുടെ സ്വര്‍ഗപ്രാപ്തിക്കുള്ള സമയം സമീപിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. വെറുമൊരു ഭൗമികരാജാവിനുവേണ്ടി വീരയോദ്ധാക്കള്‍ തങ്ങളുടെ ജീവിനെപ്പോലും ബലികഴിക്കുന്നതിനു സന്നദ്ധരാകുന്നല്ലോ എന്നോര്‍ത്തപ്പോള്‍ സ്വര്‍ഗീയരാജാവിനുവേണ്ടി ഈ പീഡകള്‍ സഹിച്ചു മരണം കൈവരിക്കുന്നത് എത്രയോ നിസ്സാരമെന്ന് അവര്‍ക്കു തോന്നി.
തടാകത്തിനടുത്ത് എരിയുന്ന തീയും ഒരു പാത്രത്തില്‍ ചൂടുവെള്ളവും തയ്യാറാക്കപ്പെട്ടിരുന്നു. ആരെങ്കിലും തടാകത്തില്‍നിന്നു കയറിവന്ന് ചൂടുവെള്ളത്തില്‍ കുളിക്കുകയോ, തീകായുകയോ ചെയ്താല്‍ അവരെ വിശ്വാസപരിത്യാഗികളായി പരിഗണിക്കുമെന്ന് നേരത്തെ തന്നെ അവരെ അറിയിച്ചു. ശൈത്യം കടുത്തപ്പോള്‍ അവരില്‍ ഒരാള്‍ മാത്രമാണ് അപ്രകാരം ചെയ്തത്. എന്നാല്‍, മറ്റുള്ളവരുടെ വിശ്വാസത്തില്‍ ആകൃഷ്ടനായി, അവര്‍ക്കു കാവല്‍നിന്നിരുന്ന ഒരു ഭടന്‍ തന്റെ യോദ്ധാവിനടുത്ത വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ക്രിസ്തീയതടവുകാര്‍ കിടന്നിരുന്ന മഞ്ഞുമൂടപ്പെട്ട ആ തടാകത്തിലേക്കിറങ്ങി.
പ്രഭാതമായിട്ടും അവരിലാരും മരിച്ചിട്ടില്ലെന്നുകണ്ട പടയാളികള്‍ അവരെ കരയ്ക്കു കയറ്റി അവരുടെ മുഴങ്കാലുകള്‍ വലിയ ഗദകൊണ്ട് അടിച്ചുതകര്‍ത്തു. ഇതുമൂലമുണ്ടായ കഠിനമായ വേദനയില്‍ അവര്‍ തങ്ങളുടെ സ്വര്‍ഗീയനാഥന്റെ അടുക്കലേക്ക് മഹത്വത്തിന്റെ കിരീടത്തിനായി യാത്രയായി.
വിചിന്തനം: ”നമ്മള്‍ സഹിക്കുമ്പോള്‍ നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് കാണിക്കാനുള്ള വലിയ അവസരമാണത് എന്നോര്‍ക്കുക”- വി. ഫൗസ്റ്റീന
ഫാ. ജെ. കൊച്ചുവീട്ടിൽ





