മാര്‍ച്ച് 07: വി. ആര്‍ഡോ

ഫ്രാന്‍സിലെ ലാന്‍ഗ്വിദോവില്‍ ജനിച്ച ആര്‍ഡോ, അനിയാനെയിലെ വി. ബനഡിക്ടിന്റെ ശിഷ്യത്വം വരിക്കുകയും അനിയാനെ ആശ്രമത്തില്‍വച്ച്‌ ബനഡിക്ടില്‍ നിന്നുതന്നെ സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. വൈദികനായതിനെ തുടര്‍ന്ന് സന്യാസികളുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന വിദ്യാലയങ്ങളുടെ അധിപനായി നിയമിക്കപ്പെട്ടു. ഹ്രസ്വകാലത്തിനുള്ളില്‍ മികച്ച ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസിദ്ധനായി. ആര്‍ഡോയുടെ വ്യക്തിവൈഭവമാണ് ആ വിദ്യാലയങ്ങളുടെയെല്ലാം മഹത്തായ നേട്ടങ്ങള്‍ക്കു മൂലഹേതുവായി പരിണമിച്ചത്.

വി. ബനഡിക്ട് തന്റെ ധര്‍മ്മപ്രചരണ പര്യടനങ്ങളിലെല്ലാം ആര്‍ഡോയെ കൂട്ടിക്കൊണ്ടു പോവുക സാധാരണമായിരുന്നു. അങ്ങനെ ആര്‍ഡോ കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ സ്‌നേഹാദരങ്ങള്‍ക്കു പാത്രമായി. വി. ബനഡിക്ട് ആച്ചെനിലേക്ക് താമസം മാറ്റിയപ്പോള്‍ ആര്‍ഡോവിനെ അനിയാനെയിലെ ആശ്രമാധിപനായി നിയമിച്ചു. അക്കാലത്തായിരിക്കണം ആര്‍ഡോ വി. ബനഡിക്ടിന്റെ ജീവചരിത്രം സംബന്ധിച്ച്‌ താന്‍ അപ്പപ്പോള്‍ എഴുതിയ കുറിപ്പുകള്‍ക്ക് സമാഹൃതരൂപം നല്കിയത്.

പ്രസ്തുത ലിഖിതങ്ങളാണ് ആര്‍ഡോവിനെക്കുറിച്ചു പരിമിതമായിട്ടെങ്കിലും ഗ്രഹിക്കാന്‍ സഹായിക്കുന്നത്. 843 -ല്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ”ദൈവത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല, ദൈവം ആഗ്രഹിക്കുന്നതു മാത്രം ചെയ്യുന്നതിലും ദൈവം ആഗ്രഹിക്കുന്നതു മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മള്‍ ഇച്ഛിക്കാന്‍ പരിശ്രമിക്കുന്നതിലുമാണ് ആത്മീയപൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്.”

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.