ജൂണ്‍ 07 – ന്യൂമിനിസ്റ്റിലെ വിശുദ്ധ റോബര്‍ട്ട് (1100-1159)

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വിറ്റ്‌സിയായിലെ ഒരു സന്യാസിയായിരുന്നു വി. റോബര്‍ട്ട്. അക്കാലത്ത് യോര്‍ക്കിലെ ആശ്രമത്തില്‍ നിന്നും പതിമൂന്ന് സന്യാസികളെ പുറത്താക്കിയിരുന്നു. കര്‍ക്കശമായ ബനഡിക്റ്റന്‍ സഭാനിയമങ്ങള്‍ ആശ്രമത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിനായിരുന്നു അവരെ പുറത്താക്കിയത്. ഇതറിഞ്ഞ റോബര്‍ട്ട് ഉടന്‍ തന്നെ കര്‍ക്കശമായ ജീവിതം നയിക്കാന്‍ ആഗ്രഹിച്ച് അവരോടൊപ്പം ചേര്‍ന്നു. അവര്‍ മഹാദാരിദ്ര്യത്തിലും തപസിലും കഴിഞ്ഞു. ഇവരുടെ ജീവിതരീതികളില്‍ ആകൃഷ്ടനായ യോര്‍ക്കിലെ പ്രഭുവായ ഹ്യൂഗ് അവരോടൊപ്പം ചേര്‍ന്നു. അതിസമ്പന്നനായിരുന്ന ഹ്യൂഗിന്റെ സഹായത്തോടെ അവര്‍ ഒരു ആശ്രമം സ്ഥാപിച്ചു. ഫൗണ്ടന്‍സ് ആശ്രമം എന്നാണ് അത് അറിയപ്പെടുന്നത്.

പിന്നീട് 1137-ല്‍ മോര്‍പെത്തിലെ പ്രഭുവും ഇവരോടൊപ്പം ആശ്രമത്തില്‍ പ്രവേശിച്ചു. അദ്ദേഹം ലോര്‍ത്തബര്‍ലന്റില്‍ പുതിയൊരു ആശ്രമം പണിയിക്കുകയും അതിന്റെ ആബട്ടായി റോബര്‍ട്ട് നിയമിതനാകുകയും ചെയ്തു. കര്‍ക്കശമായ ജീവിതം നയിച്ചിരുന്ന റോബര്‍ട്ടിന്റെ മാതൃകാപരമായ ജീവിതം അനേകരെ ആശ്രമത്തിലേക്ക് ആകര്‍ഷിച്ചു. അധികം വൈകാതെ തന്നെ മൂന്ന് ആശ്രമങ്ങള്‍ കൂടി സ്ഥാപിതമായി.

1159-ല്‍ പുണ്യചരിതനായിരുന്ന റോബര്‍ട്ട് തന്റെ നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.

വിചിന്തനം: ”ദൈവമേ, എന്റെയും അങ്ങയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നു തന്നെ ആയിരിക്കട്ടെ. അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടാനിഷ്ടങ്ങളാകാതിരിക്കുകയും ചെയ്യട്ടെ.”

ഫാ. ജെ. കൊച്ചുവീട്ടില്‍