ജൂണ്‍ 04 – വി. ഫ്രാന്‍സീസ് കരാച്ചിയോള (1564-1608)

1564-ല്‍ ഇറ്റലിയിലെ അബ്രസിയിലാണ് വി. ഫ്രാന്‍സീസ് കരാച്ചിയോള ജനിച്ചത്. ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ കുഷ്ഠരോഗം പിടിപെട്ടു. ഇത് അദ്ദേഹത്തെ മനുഷ്യശരീരത്തിന്റെ നിസാരതയെയും ലോകത്തിന്റെ നശ്വരതയേയും ബോധ്യപ്പെടുത്തി. കുറച്ച് നാളുകള്‍ക്കുള്ളില്‍ അത്ഭുതകരമായി കുഷ്ഠരോഗം അദ്ദേഹത്തില്‍ നിന്ന് വിട്ടുമാറി.

ബാലപ്രായത്തില്‍ തന്നെ സകലവിധ വിനോദങ്ങളും ഉപേക്ഷിച്ച് ഫ്രാന്‍സീസ് പതിവായി ജപമാല ചൊല്ലിയിരുന്നു. തനിക്കുള്ള ആഹാരം പോലും അഗതികള്‍ക്ക് കൊടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഫ്രാന്‍സിസ്, പരിശുദ്ധ കുര്‍ബാന സന്ദര്‍ശിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു.

കുഷ്ഠരോഗത്തില്‍നിന്നു സുഖം പ്രാപിച്ച ഉടന്‍തന്നെ അദ്ദേഹം വൈദികപഠനത്തിനായി നേപ്പിള്‍സിലേയ്ക്കു പോയി. അദ്ദേഹത്തിനു ലഭിച്ചിരുന്ന വിശ്രമാവസരങ്ങളെല്ലാംതന്നെ കാരാഗൃഹം സന്ദര്‍ശിക്കുന്നതിനും ആള്‍ക്കാര്‍ അധികം വരാത്ത ദൈവാലയങ്ങളില്‍ പരിശുദ്ധ കുര്‍ബാന സന്ദര്‍ശിക്കുന്നതിനായും വിനിയോഗിച്ചു.

അദ്ദേഹം തന്റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍ സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പാപ്പായുടെ അംഗീകാരത്തോടെ ‘Miner Clerks Regular’ എന്ന സന്യാസ സഭ സ്ഥാപിച്ചു. സഭയുടെ നിയമപ്രകാരം അനുദിനം ഒരാള്‍ ഉപവസിക്കുകയും വേറൊരാള്‍ ചമ്മട്ടികൊണ്ട് സ്വയം അടിക്കുകയും മറ്റൊരാള്‍ ഒരു രോമച്ചട്ട ധരിക്കുകയും സഭാംഗങ്ങള്‍ തവണപ്രകാരം എല്ലാ നേരവും വിശുദ്ധ കുര്‍ബാനയുടെ മുമ്പാകെ ആരാധിക്കുകയും ചെയ്തിരുന്നു. സന്യാസി കളുടെ പതിവനുസരിച്ചുള്ള മൂന്ന് വ്രതങ്ങള്‍ക്കു പുറമേ അധികാരസ്ഥാനങ്ങള്‍ ആഗ്രഹിക്കുകയില്ല എന്ന ഒരു വ്രതം കൂടി ഈ സഭാംഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു.

1591-ല്‍ സഭയുടെ പൊതുശ്രേഷ്ഠനായി ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എല്ലാ കാര്യങ്ങളിലും തന്റെ സഹസന്യാസികള്‍ക്ക് ഉത്തമമായ മാതൃകയായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രിസമയം മുഴുവനും ദിവ്യകാരുണ്യത്തിനു മുന്നില്‍ ചിലവഴിച്ചിരുന്ന ഫ്രാന്‍സിസ്, ദിവസവും ഏഴു മണിക്കൂറോളം മിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചിരുന്നു.

‘നമുക്ക് പോകാം. നമുക്ക് സ്വര്‍ഗത്തിലേക്കു പോകാം’ എന്നു പറഞ്ഞുകൊണ്ട് വിശുദ്ധന്‍ 1608-ല്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ തലേദിവസം തന്റെ നാല്പത്തിനാലാമത്തെ വയസില്‍ സ്വര്‍ഗത്തിലേയ്ക്കു യാത്രയായി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.