ജൂണ്‍ 29: വിശുദ്ധ പത്രോസ് ശ്ലീഹ

അപ്പസ്‌തോല പ്രമുഖനായ വി. പത്രോസ് ബത്‌സെയിദായിലാണ് ജനിച്ചത്. ശിമയോന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ക്രിസ്തുശിഷ്യനായിരുന്ന അന്ത്രയോസിന്റെ അനുജനായിരുന്നു പത്രോസ്. അദ്ദേഹം വിവാഹശേഷം കഫര്‍ണാമിലെ ഭാര്യവീട്ടിലേക്ക് താമസം മാറ്റി. അധികം താമസിയാതെ സഹോദരന്‍ അന്ത്രയോസും കഫര്‍ണാമിലെത്തി. അവിടെ അവര്‍ തങ്ങളുടെ തൊഴിലായ മീന്‍പിടുത്തം തുടര്‍ന്നു.

ലൗകീകവ്യാപാരങ്ങളില്‍ വ്യാപൃതരായിരുന്നപ്പോഴും അവര്‍ രക്ഷകനായ മിശിഹായെ തീക്ഷ്ണതയോടെ കാത്തിരുന്നു. സ്‌നാപകയോഹന്നാന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ ഈ സഹോദരന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു. യോഹന്നാനാണ് ഇവര്‍ക്ക് ക്രിസ്തുവിനെ കാട്ടിക്കൊടുത്തത്. അപ്രതീക്ഷിതമായി ലഭിച്ച ക്രിസ്തുവിന്റെ വിളി ഈ സഹോദരങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. അന്നു മുതല്‍ പത്രോസ്, ക്രിസ്തുവിന്റെ സന്തതസഹചാരിയായിരുന്നു. സുവിശേഷകന്മാര്‍ അപ്പസ്‌തോലന്മാരുടെ പേര് നല്കുമ്പോള്‍ പത്രോസിന്റെ പേരാണ് പ്രഥമസ്ഥാനത്ത് നല്കിയിരിക്കുന്നത്. ക്രിസ്തു, പത്രോസിനെ പ്രത്യേകമാംവിധം സ്‌നേഹിക്കുകയും അദ്ദേഹത്തിന് മറ്റ് അപ്പസ്‌തോലന്മാരേക്കാള്‍ പ്രാധാന്യം നല്കുകയും ചെയ്തതായി സുവിശേഷങ്ങള്‍ വെളിപ്പെടുത്തുന്നു. ശിഷ്യസംഘത്തിന്റെ വക്താവെന്ന നിലയില്‍ പല സന്ദര്‍ഭങ്ങളിലും ഈശോയോടു മറുപടി പറയുന്നതും പത്രോസ് തന്നെയാണ്.

സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഏല്പിക്കപ്പെട്ട പത്രോസ്, ക്രിസ്തുവിന്റെ ഉത്ഥാനശേഷം തന്നെ ഏല്പിച്ച അധികാരത്തില്‍ മറ്റു ശിഷ്യന്മാരെ നയിച്ചു. യൂദാസിന്റെ സ്ഥാനത്ത് ഒരു ശിഷ്യനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന അപ്പസ്‌തോലയോഗത്തില്‍ അദ്ധ്യക്ഷ്യം വഹിച്ചതും ജറുസലേമിലെ സഭയുടെ നേതാവായി വര്‍ത്തിച്ചതും പത്രോസ് തന്നെയായിരുന്നു. പന്തക്കുസ്താക്കു ശേഷം ആദ്യമായി സുവിശേഷപ്രഘോഷണം ആരംഭിച്ചതും പത്രോസായിരുന്നു. ആദ്യപ്രസംഗത്തില്‍ തന്നെ മൂവായിരത്തോളം ആളുകള്‍ മാനസാന്തരപ്പെട്ടു.

നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളെയും സുവിശേഷം അറിയിക്കുവിന്‍ എന്ന ദൈവകല്പന ശിരസാവഹിച്ച പത്രോസ്, തനിക്കു ചീട്ടിട്ടു കിട്ടിയ പ്രദേശം റോമാ ആയിരുന്നെങ്കിലും ഗലേസിയാ, ബിത്തീനിയ, കപ്പദോക്യ മുതലായ സ്ഥലങ്ങളിലും സുവിശേഷം പ്രചരിപ്പിച്ചു. ഇതിനിടയില്‍ പലത വണ ശ്ലീഹാ ബന്ധനസ്ഥനാവുകയും കാരാഗൃഹവാസം അനുഭവിക്കുകയും ചെയ്തു.

എ.ഡി. 37-നും 42-നും ഇടയിലാണ് ശ്ലീഹാ റോമായിലെത്തുന്നത്. ശ്ലീഹായുടെ പ്രവര്‍ത്തനഫലമായി അനേകായിരങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു. സഭ പടര്‍ന്നുപന്തലിക്കാന്‍ തുടങ്ങി. അതോടെ പീഡനങ്ങളും ആരംഭിച്ചു. നീറോ, ചക്രവര്‍ത്തി ആയതോടെ ക്രൈസ്തവപീഡനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. അദ്ദേഹം അനേകായിരം ക്രൈസ്തവരെ കൊന്നൊടുക്കി.

ക്രൈസ്തവമര്‍ദ്ദനം രൂക്ഷമായതോടെ അവിടുത്തെ ക്രൈസ്തവരുടെ അപേക്ഷകള്‍ക്ക് വിധേയനായി പത്രോസ് മനസില്ലാമനസോടെ റോമില്‍ നിന്ന് ഓടിരക്ഷപെടാന്‍ തീരുമാനിച്ചു. എന്നാല്‍, പട്ടണത്തിനു വെളിയില്‍ കടന്നയുടനെ ക്രിസ്തു കുരിശും വഹിച്ച് തനിക്കെതിരെ വരുന്ന ഒരു ദര്‍ശനം ശ്ലീഹായ്ക്കുണ്ടായി. പത്രോസ് ചോദിച്ചു: “അങ്ങ് എവിടെ പോകുന്നു?” “റോമിലേക്ക്, വീണ്ടും ക്രൂശിക്കപ്പെടാന്‍.” ദര്‍ശനത്തിന്റെ അര്‍ത്ഥം മനസിലാക്കിയ ശ്ലീഹാ സധൈര്യം പട്ടണത്തിലേക്കു മടങ്ങി.

അധികം വൈകാതെ ബന്ധനസ്ഥനായ ശ്ലീഹാ, വി. പൗലോസിനോടൊപ്പം എട്ടു മാസം കാരാഗൃഹത്തില്‍ അടക്കപ്പെട്ടു. അവസാനം ശ്ലീഹായെ കുരിശുമരണത്തിനു വിധിച്ചു. എന്നാല്‍ തന്റെ ഗുരുവില്‍ നിന്ന് വ്യത്യാസം ഉണ്ടാകേണ്ടതിന് തന്നെ തല കീഴായി ക്രൂശിക്കണമെന്ന് ശ്ലീഹാ തന്റെ ഘാതകരോട് അപേക്ഷിച്ചു. അങ്ങനെ തല കീഴായി കുരിശില്‍ തറയ്ക്കപ്പെട്ട് പത്രോസ് ശ്ലീഹാ ധീരമരണം വരിച്ചു.

ഫാ. ജെ. കൊച്ചുവീട്ടില്‍