ജൂണ്‍ 26 – വിശുദ്ധ ആന്തെല്‍മൂസ്

1107-ല്‍ സാവോയിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ച ആന്തെല്‍മൂസ് നന്നേ ചെറുപ്പത്തില്‍ തന്നെ വൈദികവൃത്തി സ്വീകരിച്ചു. കുറേക്കാലം വൈദികധര്‍മ്മങ്ങള്‍ അവഗണിച്ച് ലൗകികവിഷയങ്ങളില്‍ ക്രമാധികമായ താല്‍പര്യം പ്രദര്‍ശിപ്പിക്കുകയുണ്ടായി. എന്നാല്‍, പോര്‍ട്ടെസ്സിലെ കര്‍ത്തൂസ്യന്‍ സന്യാസി സുഹൃത്തുക്കളുടെ ഭക്തിതീക്ഷ്ണതയും പ്രാര്‍ത്ഥനാചൈതന്യവും ആന്തെല്‍മൂസില്‍ പരിവര്‍ത്തനം ഉളവാക്കി. അതോടു കൂടി ദൈവികനിര്‍ദ്ദേശങ്ങള്‍ വിശ്വസ്തതയോടു കൂടി അനുവര്‍ത്തിച്ചുകൊണ്ട് ഉത്തമജീവിതം നയിക്കാന്‍ ആന്തെല്‍മൂസ് ദൃഢനിശ്ചയം ചെയ്തു.

1137-ല്‍ കര്‍ത്തൂസ്യന്‍ സന്യാസ സഭാംഗമായി. 1139-ല്‍ ആശ്രമാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലം വരെ കര്‍ത്തൂസ്യന്‍ ആശ്രമങ്ങള്‍ ഓരോ സ്ഥലത്തും അതതു രൂപതാദ്ധ്യക്ഷന്മാരുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് വര്‍ത്തിച്ചിരുന്നത്. എന്നാല്‍, ആന്തെല്‍മൂസ് അവയെ എല്ലാം കേന്ദ്രീകൃതമായ ഏകഭരണത്തിന് വിധേയമാക്കുകയും പൊതുവായ നിയമങ്ങള്‍ നടപ്പില്‍വരുത്തുകയും ചെയ്തു.

ആന്തെല്‍മൂസിന്റെ വ്യക്തിവിശുദ്ധിയും വിജ്ഞാനവും നിമിത്തം അക്കാലത്ത് അനേകം ആളുകള്‍ കര്‍ത്തൂസ്യന്‍ സഭയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. നവാഗതരില്‍ ആന്തെല്‍മൂസിന്റെ പിതാവും ഒരു സഹോദരനും ഉള്‍പ്പെട്ടിരുന്നു. സന്യാസം വരിക്കാന്‍ അഭിലഷിച്ച സ്ത്രീകള്‍ക്കു വേണ്ടിയും ധാരാളം മഠങ്ങള്‍ സ്ഥാപിതമായി.

1163-ല്‍ മാര്‍പാപ്പായുടെ നിര്‍ബന്ധം നിമിത്തം ആന്തെല്‍മൂസ്, ബെല്ലി രൂപതയുടെ മെത്രാന്‍സ്ഥാനം ഏറ്റെടുത്തു. രൂപതയിലെ ജനങ്ങളുടെ ആത്മീയ പുനരുജ്ജീവനമായിരുന്നു ആന്തെല്‍മൂസിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രഥമലക്ഷ്യം. നിരന്തരമായ ഉദ്‌ബോധനങ്ങളാല്‍ വൈദികരെയും അത്മായരെയും അദ്ദേഹം വിശ്വാസതീക്ഷ്ണതയിലേക്കു കൊണ്ടുവന്നു. സനാതനമൂല്യങ്ങളെ സംബന്ധിച്ചിടത്തോളം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതുകൊണ്ട് പല ഉന്നതവ്യക്തികളുടെയും വിദ്വേഷത്തിന് അദ്ദേഹം കാരണമായി.

ഔദ്യോഗിക കൃത്യങ്ങള്‍ക്കിടയിലും രോഗികളെ സന്ദര്‍ശിച്ച് ശുശ്രൂഷിക്കുന്നതില്‍ ആന്തെല്‍മൂസ് ഒരിക്കലും മുടക്കം വരുത്തിയിരുന്നില്ല. കുഷ്ഠരോഗികളെ പരിചരിക്കുന്നതിലാണ് സവിശേഷമായ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്തിമപാദത്തില്‍ നാട്ടില്‍ വീണ്ടും രൂക്ഷമായ ക്ഷാമം ഉണ്ടായപ്പോള്‍ വാര്‍ദ്ധക്യസഹജമായ ക്ലേശങ്ങള്‍ അവഗണിച്ച് വര്‍ദ്ധിതോത്സാഹത്തോടു കൂടി ജനസേവനസംരംഭങ്ങളില്‍ മുഴുകി. തിരക്കുകള്‍ക്കിടയില്‍ രോഗഗ്രസ്തനാവുകയും 1178-ല്‍ മരണമടയുകയും ചെയ്തു.

വിചിന്തനം: ”നമ്മുടെ ആദ്ധ്യാത്മിക പുരോഗതിക്ക് വിഘ്‌നം വരുത്തുന്ന സ്വാര്‍ത്ഥതയോട് ദിനംപ്രതി പോരാടുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍