ജൂണ്‍ 21 – വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗോ

കാസ്റ്റിഗ്ലിയോണ്‍ പ്രഭുവായ ഫെര്‍ഡിനാന്റിന്റെ മൂത്ത മകനായിരുന്നു അലോഷ്യസ് ഗോണ്‍സാഗോ. 1568 മാര്‍ച്ച് 9-നാണ് അദ്ദേഹം ജനിച്ചത്. ‘ഈശോ മറിയം’ എന്ന തിരുനാമമാണ് ഈ ബാലന്‍ ആദ്യമായി ഉച്ചരിച്ചത്. ഒന്‍പതാമത്തെ വയസില്‍ ബ്രഹ്മചര്യവ്രതം നേര്‍ന്ന അലോഷ്യസ്, പ്രത്യേകമായ ദൈവികസഹായം വഴി അശുദ്ധപാപങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല.

രാജകൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ അലോഷ്യസ് പലപ്പോഴും കൊട്ടാരത്തില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ അവിടുത്തെ സുഖസൗകര്യങ്ങള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയോ, ആകര്‍ഷിക്കുകയോ ചെയ്തില്ല. സദാ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കാന്‍ സമയം കണ്ടെത്തിയ അലോഷ്യസിനെ വനവാസി എന്നാണ് പലരും വിളിച്ചിരുന്നത്.

യൗവനാരംഭത്തില്‍ തന്നെ ലോകം ഉപേക്ഷിക്കാന്‍ തീര്‍ച്ചപ്പെടുത്തിയ അലോഷ്യസിന് ഈ അവസരത്തില്‍ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് ഈശോസഭയില്‍ പ്രവേശിക്കാന്‍ കല്പിച്ചു. അലോഷ്യസ് തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. എന്നാല്‍, പിതാവിന് മകന്റെ ആഗ്രഹം സ്വീകാര്യമായിരുന്നില്ല. നാലു വര്‍ഷത്തെ പ്രാര്‍ത്ഥനയുടെയും അപേക്ഷയുടെയും ഫലമായി അലോഷ്യസ് 1585 നവംബര്‍ 25-ാം തീയതി ഈശോസഭയില്‍ പ്രവേശിച്ചു.

രണ്ടു വര്‍ഷത്തെ നോവിഷ്യേറ്റിനു ശേഷം അദ്ദേഹം സഭയുടെ വ്രതങ്ങള്‍ അനുഷ്ഠിച്ചു. അതിനു ശേഷം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. സെമിനാരിയില്‍ ഏവര്‍ക്കും മാതൃകയായിരുന്നു അലോഷ്യസിന്റെ ജീവിതം. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികപിതാവായിരുന്ന വി. റോബര്‍ട്ട് ബല്ലര്‍മിന്‍ അദ്ദേഹത്തെക്കുറിച്ച് ഇപ്രകാരമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്: “അലോഷ്യസ് അറിഞ്ഞുകൊണ്ട് യാതൊരു പാപവും തന്റെ ജീവിതത്തില്‍ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം തന്റെ ജീവിതത്തെ കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ക്ക് വിധേയമാക്കിയിരുന്നു. രാത്രിയില്‍ ഏറെ സമയം പ്രാര്‍ത്ഥനക്കായി ചിലവഴിച്ചിരുന്ന അലോഷ്യസ്, സ്വന്തം തെറ്റുകളോര്‍ത്ത് കണ്ണുനീര്‍ ചിന്തിയിരുന്നു.”

അലോഷ്യസ് തന്റെ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കാറായപ്പോള്‍ റോമില്‍ മാരകമായ ജ്വരപ്പനി പടര്‍ന്നുപിടിച്ചു. അനേകം ആളുകള്‍ ശുശ്രൂഷിക്കപ്പെടാതെ മരിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ അവരെ ശുശ്രൂഷിക്കുന്നതിനായി തന്നെയും അനുവദിക്കണമെന്ന് അലോഷ്യസ് അധികാരികളോട് അപേക്ഷിച്ചു. അനുമതി ലഭിച്ച അലോഷ്യസ്, ഉടന്‍ തന്നെ സേവനരംഗത്തേക്കു പുറപ്പെട്ടു. അധികം താമസിയാതെ അദ്ദേഹത്തിനും പനി പിടിപെട്ടു. 1591 ജൂണ്‍ 21-ാം തീയതി ഇരുപത്തിമൂന്നാമത്തെ വയസില്‍ വിശുദ്ധന്‍ സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.

വിചിന്തനം: ”നമുക്ക് അവകാശപ്പെട്ടത് ആര് നിഷേധിച്ചാലും അത് ദൈവം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നല്‍കുക തന്നെ ചെയ്യും.”

ഫാ. ജെ. കൊച്ചുവീട്ടില്‍