ജൂണ്‍ 20 – മാന്തുവായിലെ വിശുദ്ധ ഒസാന (1449-1505)

സന്യാസിനിയാകാൻ കുട്ടിക്കാലത്തു തന്നെ തീരുമാനിച്ചവളാണ് ഒസാന. അതിനായി പല മഠങ്ങളിലേക്കും എഴുതിയെങ്കിലും ആരും അനുമതി നല്കിയില്ല. പ്രായക്കുറവായിരുന്നു കാരണം. അവസാനം, ആശ്രമത്തില്‍ ചേരുന്നതിനു പകരം പതിനാലാമത്തെ വയസില്‍ അവള്‍ വി. ഡൊമിനിക്കിന്റെ മൂന്നാംസഭയില്‍ ചേര്‍ന്നു. സന്യാസവസ്ത്രം സ്വീകരിച്ച് ഏറെക്കാലം കഴിഞ്ഞാണ് നിത്യവ്രതം എടുക്കാന്‍ അനുമതി ലഭിച്ചത്.

കര്‍ത്താവിന്റെ പീഡാനുഭവങ്ങളില്‍ പങ്കാളിയാകാന്‍ അവള്‍ അതിയായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. രണ്ടു വര്‍ഷം തുടര്‍ച്ചയായി നടത്തിയ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. ആദ്യം ശിരസില്‍ മുള്‍ക്കിരീടത്തിന്റെ അടയാളങ്ങളും പിന്നീട് പഞ്ചക്ഷതങ്ങളും ലഭിച്ചു. അമ്പത്തിയഞ്ചാമത്തെ വയസിലാണ് തിരുമുറിവുകളുണ്ടായത്. മരണദിവസം മുന്‍കൂട്ടി അറിഞ്ഞ അവള്‍, സ്വര്‍ഗപ്രവേശനത്തിനായി ഒരുങ്ങി. 1505 ജൂണ്‍ 18-നായിരുന്നു മരണം.

വി. ഡൊമിനിക്കിന്റെ ദേവാലയത്തില്‍ സംസ്‌കരിച്ച മൃതദേഹം പില്‍ക്കാലത്ത് മാന്തുവായിലെ കത്തീഡ്രലിലേക്കു മാറ്റി. ജപമാലനാഥയുടെ അള്‍ത്താരക്കടിയില്‍ ഇപ്പോഴും വിശുദ്ധയുടെ അഴുകാത്ത ശരീരം സൂക്ഷിക്കപ്പെടുന്നു. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. ജൂണ്‍ 20-നും സകല പുണ്യവാന്മാരുടെ തിരുനാള്‍ ദിനമായ നവംബര്‍ ഒന്നിനും നവംബര്‍ 11 കഴിഞ്ഞു വരുന്ന ഞായറാഴ്ചയും.

1965-ല്‍ മാന്തുവ രൂപതയുടെ വൈസ് ചാന്‍സിലര്‍, മാന്തുവ ആശുപത്രിയിലെ അനാട്ടമി വിഭാഗം ചീഫ് ഫിസിഷ്യന്‍, രണ്ട് സാക്ഷികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതശരീരം പരിശോധിക്കുകയും നിറംമാറ്റം ഉണ്ടെങ്കിലും അതിപ്പോഴും പരിരക്ഷിക്കപ്പെടുന്നതായി കണ്ടെത്തുകയും ചെയ്തു.

ഫാ. ജെ. കൊച്ചുവീട്ടില്‍