ജൂണ്‍ 19 – വിശുദ്ധ റൊമുവാള്‍ഡ് (952-1027)

‘കമന്‍ഡോളിസ്’ സഭയുടെ സ്ഥാപകനായ വി. റൊമുവാള്‍ഡ് 952-ല്‍ റാവെന്നയില്‍ ജനിച്ചു. പിതാവ് സെര്‍ജിയൂസ് പ്രഭു വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ ദ്വന്ദയുദ്ധത്തില്‍ വധിക്കുന്നതു കണ്ട് റൊമുവാള്‍ഡിന്റെ മനസ് വല്ലാതെ വേദനിച്ചു. ഇതിന് പ്രായശ്ചിത്തമായി അവന്‍ ക്ലാസെയിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ പോയി 40 ദിവസം കഠിനതപസ് അനുഷ്ഠിച്ചു. അവസാനം അവിടെ അന്തേവാസിയായി.

റൊമുവാള്‍ഡിന്റെ മാതൃകാജീവിതം സഹസന്യാസികളില്‍ അസൂയ ഉളവാക്കുകയും അവരില്‍ ചിലര്‍ അദ്ദേഹത്തെ വധിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. ഇതു മനസിലാക്കിയ റൊമുവാള്‍ഡ്, ഏഴു വര്‍ഷത്തെ ക്ലാസെ ജീവിതം അവസാനിപ്പിച്ച് ആബട്ടിന്റെ അനുമതിയോടെ വെനീസിലേക്കു പോയി. അവിടെ മറിനിയൂസ് എന്ന വിശുദ്ധനായ ഒരു സന്യാസിക്കൊപ്പം താമസിച്ചു. കുറേ കാലം കഴിഞ്ഞ് അദ്ദേഹം റാവെന്നായിലേക്ക് മടങ്ങിയെത്തി. റൊമുവാള്‍ഡിന്റെ വിശുദ്ധി മനസിലാക്കിയ ഓട്ടോ മൂന്നാമന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ ക്ലാസെയിലെ സാന്‍ അപ്പൊളിനാരെ ആബിയുടെ അധിപനാക്കി. ഒരു വര്‍ഷത്തിനു ശേഷം ആ പദവി ഉപേക്ഷിച്ച് അദ്ദേഹം സന്യാസഭവനങ്ങളുടെ നവീകരണയത്‌നം ആരംഭിച്ചു. നിരവധി പുതിയ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഇവയില്‍ സുപ്രധാനം 1009-ല്‍ അരേസോക്കു സമീപം സ്ഥാപിച്ച കമന്‍ഡോളി ആശ്രമം ആയിരുന്നു.

12 വര്‍ഷത്തെ കഠിനമായ ഏകാന്തവാസത്തിനു ശേഷം അങ്കോണയിലെ മാര്‍ച്ചസിലുള്ള വാല്ഡി കാസ്‌ട്രോയില്‍ വച്ച് 70-ാം വയസില്‍ റൊമുവാള്‍ഡ് മരിച്ചു. 1466-ല്‍ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോള്‍ ശരീരം അഴുകാതെ പൂര്‍വ്വസ്ഥിതിയില്‍ കാണപ്പെട്ടു. 1481-ലാണ് അവസാനമായി മൃതശരീരം അടക്കം ചെയ്തിരുന്ന പെട്ടി തുറന്നത്. 1595-ല്‍ തിരുസഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഫാ. ജെ. കൊച്ചുവീട്ടില്‍